You are the visitor of

Sunday, September 2, 2007

അഭിനവഗണിതം

"ദയവായി എന്നെ രക്ഷിക്കണേ"
നിലവിളികേട്ട് മൂവാണ്ടന്‍ മാവ് തലയുയര്‍ത്തി
"ആരാ അത്?"
"ഞാനാ ... ഒരു ഇത്തിള്‍ വിത്ത്, എന്നെയീ കാക്കയുടെ ചുണ്ടില്‍നിന്നും രക്ഷപ്പെടുത്തി അങ്ങയുടെ കൈകളില്‍ വിശ്രമിക്കാനും ജീവിക്കാനും അനുവദിക്കണം..."
മാവിന് സങ്കടം തോന്നി. കാക്കയോടു പറഞ്ഞു: "കാക്കേ, നീയാ ഇത്തിള്‍വിത്തിനെ എന്‍െറ ശിഖരങ്ങളില്‍ വച്ചേക്കൂ."
കാക്ക അനുസരിച്ചു. കാരണം കാക്കയുടെ വീടും ആ മാവിലായിരുന്നു. മാവിനെങ്ങാനും ദ്വേഷ്യം വന്നാലോ...?
അങ്ങിനെ ഇത്തിള്‍ വിത്ത് മാവിന്‍െറ കൊമ്പില്‍ പിടിച്ച് വളരാന്‍ തുടങ്ങി. കൊമ്പില്‍ നിന്ന് കൊമ്പിലേക്ക് വളരാന്‍ തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞു.
"ദയവായി എന്നെ രക്ഷിക്കണേ...."
നിലവിളി കേട്ടു കാക്ക തലയുയര്‍ത്തി.
"ആരാ അത്...?"
"ഞാനാ... മൂവാണ്ടന്‍ മാവ്. എന്നെയീ ഇത്തിളില്‍ നിന്നൊന്നു രക്ഷിക്കുമോ..?" മാവ് തേങ്ങി.
കാക്ക കൂടുകൂട്ടാന്‍ മറ്റൊരിടം തേടി പറന്നുപോയി.

3 comments:

  1. ഇത്തിള്‍ മാവിനെ രക്ഷിക്കുകയല്ലേ...

    ReplyDelete
  2. നന്ദി..
    കുതിരവട്ടന്‍, വിഷ്ണുപ്രസാദ്..
    വിഷ്ണുപ്രസാദ് അര്‍ത്ഥമാക്കിയതെന്താണ്?
    ഭൂലോകത്ത് നിന്നുമുള്ള രക്ഷയാണോ...
    ഇത്തിള്‍കണ്ണികള്‍ ഒരിക്കലും അവയുടെ യജമാനന്‍െറ രക്ഷ നോക്കാറില്ല. അതാണ് ലോകനടപ്പ്.

    ReplyDelete