You are the visitor of

Thursday, September 29, 2011

ഓര്‍മ്മയിലൊരുവള്‍

ശലഭങ്ങള്‍ മിഴിതുറക്കും രജനിയിലൊരുനാള്‍
മന്ദാനലന്‍ മൃദുമഞ്ചമേറിവന്നൊരിരവില്‍
മന്ദാകിനീ നീയെന്‍കരവലയമതിലൊതുങ്ങി
കൌമുദി പരിരംഭണംചെയ്യും കുമുദത്തെപോല്‍

Wednesday, September 28, 2011

മോഹം

മോഹത്തിന്‍ കിനാവള്ളി
സ്നേഹത്തിനാല്‍മരമൊന്നതില്‍
മനമറിയാതങ്ങുയര്‍ന്നുകയറി
പിന്നെ, പാഴ്മരമെന്നതറിയുമ്പോള-
തിദൂരം പിന്നിട്ടിരുന്നു മടങ്ങാനാവാതവണ്ണം.

Monday, September 26, 2011

ബാഷ്പാഞ്ജലി

തിരുവനന്തപുരം: കഠിനംകുളത്തിന് സമീപം ചാന്നാങ്കരപാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. കഠിനംകുളം കായലുമായി പുഴ ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആറിനും പന്ത്രണ്ടിനുമിടയില്‍ വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

റോഡിന് കുറുകെ ചാടിയ ഒരു നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിയുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നീ കുട്ടികളാണ് മരിച്ചത്. 21 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണ്. 

ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോഴും. ഡ്രൈവര്‍ വിപിന്‍ നീന്തി രക്ഷപ്പെട്ടു. 
കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. വൈകിട്ട് 3.45-നാണ് അപകടമുണ്ടായത്

വീണ്ടും ദുരന്തം. ഇനി എന്നാണാവോ നമ്മള്‍ പഠിക്കുന്നത്?  സ്കൂള്‍ വാഹനമോടിക്കുന്നവരെങ്കിലും തങ്ങള്‍ കൊണ്ടുപോകുന്നത് സ്വയം രക്ഷപ്പെടാനറിയാത്ത അറിയാപ്പെതങ്ങളാണെന്ന് അറിവുള്ളവരാകണ്ടേ? കുട്ടിയെക്കാള്‍ പട്ടിക്കോ വില?
എല്ലാം ഒരേ കണ്ണില്‍ കണ്ടാല്‍ എങ്ങിനെയാണ് ശരിയാകുന്നത്?  ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ബോധം ഇനി എന്നാണാവോ ഋജുവാകുന്നത്.  മൂന്നു പിഞ്ചുജീവനുകള്‍ ശ്വസം കിട്ടാതെ പിടഞ്ഞത് ആരുടെ മനസ്സിലാണ് മുറിവുകളുണ്ടാക്കാത്തത്? അവരുടെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും നഷ്ടം എങ്ങിനെ നികത്തും? ദു:ഖം എങ്ങിനെ ശമിക്കും?  അവരെ നാമെന്തു പറഞ്ഞ് ആശ്വസിപ്പിക്കും?


ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ പരിശീലനവും സ്കൂള്‍ വാഹനമോടിക്കുന്നതിനുള്ള തുടര്‍വിദ്യാഭ്യാസവും നല്‍കണം. എല്ലാ സ്കൂള്‍ അധികൃതരും അതിനു തുനിയണം.  സ്കൂള്‍ വാഹനത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് നാമവരെ അയയ്ക്കുന്നത്.  അണുകുടുംബത്തിന്‍റെ മറ്റൊരു ശാപവുമാണത്.  


ജീവന്‍പൊലിഞ്ഞ പിഞ്ചോമനകള്‍ക്ക് എന്‍റെ ഹൃദയത്തില്‍നിന്നുയരും കണ്ണീരിനാല്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ, ഒപ്പം ആശുപത്രികിടക്കയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവന് ആപത്തൊന്നും സംഭവിക്കരുതേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Sunday, September 25, 2011

ഉമ്മന്‍ ചാണ്ടിയെ കൊന്ന്കൊലവിളിക്കുന്നു

റിപ്പോര്‍ട്ടര്‍ ചാനലിലെ വേണു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. ഇതു കണ്ടുനോക്കൂ

interview with CM


രാഷ്ട്രീയമായി ഞാനൊരു കോണ്‍ഗ്രസ്സുകാരനല്ല, പക്ഷെ ഇതൊരു ഇന്‍റര്‍വ്യൂ ആയിതോന്നുന്നില്ല.
നിങ്ങള്‍ക്കെന്തുതോന്നുന്നു?

Thursday, September 15, 2011

സുനാമി

ഞങ്ങളുടെ വീടിന്‍റെ പരിസരമൊക്കെ ഒന്നുരണ്ടുദിവസമായി കടലിന്‍റെ മണം തങ്ങി നില്‍ക്കുന്നു.  ശരിക്കും 8-9 കിലോമീറ്ററുകള്‍ക്കപ്പുറമാണ് കടലുള്ളത്.  എന്‍റെ ശ്രീമതി കൊല്ലത്താണ് ജോലി ചെയ്യുന്നത്.  അവിടെയും ഇതേ അനുഭവമുണ്ടായെന്നവളും പറഞ്ഞതുകേട്ടപ്പോള്‍ മകന്‍ പറയുകയാണ്.  "അമ്മ ആ മണം മാറും വരെ ജോലിക്കുപോണ്ട, സുനാമി വരുമെന്ന്";  
അപ്പോള്‍ ഞാനോര്‍ത്തത് പഴയസുനാമിയും അനുബന്ധ സംഭവങ്ങളുമാണ്....
അപ്പോള്‍ കടലിനോടടുത്ത് താമസിക്കുന്നവരുടെ അവസ്ഥയോ?
ദൈവമേ നീ കരുണാമയനാണ്.....
ഓഫീസില്‍ സുഹൃത്ത് പറഞ്ഞത്.  ഇതൊരു താല്ക്കാലികപ്രതിഭാസമാണെന്നാണ്. കടലില്‍ കൂടുതല്‍ മഴകിട്ടുമ്പോള്‍ സംഭവിക്കുംപോലും.  പിന്നെ കടലില്‍ ആല്‍ഗയുടെ വളര്‍ച്ച വര്‍ദ്ധിച്ചാലുണ്ടാകുംപോലും.  കടല്‍ മലിനമാകുമ്പോഴും സംഭവിക്കുമെന്നും.
ഒന്നേ പറയാനുള്ളൂ
"അനന്തമജ്ഞാതമവര്‍ണ്ണനീയമീ ലോകഗോളം............"


Tuesday, September 13, 2011

കേരളത്തിന്‍റെ നെല്ലറ

എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഗോരഖ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രയിനില്‍ വരുന്നവഴി തകഴി കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച പങ്കുവയ്ക്കട്ടെ.

ശരിക്കും നെല്ലറ തന്നെ.....

എറണാ"കുളം" സൌത്ത്

ഇന്നെനിക്ക് എറണാകുളം വരെ പോകേണ്ടിവന്നു.  തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.00 മണിക്കുള്ള ജനശതാബ്ദിയിലാണ് പോയത്.  കുറ്റം പറയരുതല്ലോ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതുപോലെ കൃത്യം 9.15-നു തന്നെ എറണാകുളത്തെത്തി.  അവിടെനിന്നും പുറത്തേക്കിറങ്ങി  പോലീസ് എയ്ഡ്പോസ്റ്റില്‍ ഓട്ടോയ്ക്കായി കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകും ക്യൂ..   അതുവേണ്ടെന്നുവച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴുള്ള കാഴ്ച ഒന്നു കണ്ടുനോക്കൂ


എങ്ങിനെയുണ്ടീ കുളം?