ചെറുകഥ
പ്രഭാതത്തിന്‍െറ സ്നിഗ്ദ്ധത നറുമഞ്ഞുകണങ്ങളായി പുല്‍ത്തുമ്പുകളില്‍ തിളങ്ങിനിന്നിരുന്നവയെ വാശിയോടെ ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് പാക്കരന്‍ നടക്കുകയായിരുന്നു. നടക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ മാത്രംപോരാ. അയാള്‍ സ്വപ്നം കണ്ടുകൊണ്ടായിരുന്നു നടന്നിരുന്നത്. അയാളുടെ കാലുകള്‍ ചെയ്യുന്ന പ്രവൃത്തി അയാളുടെ മനസ്സറിയുന്നേയില്ല. അയാളുടെ സ്വപ്നങ്ങള്‍, അയാളുടെ ചിന്തകളായിരുന്നു. ചിന്തകളെന്നുപറയുമ്പോള്‍ വെറും ചിന്തയല്ല; ആപത്കരമായ ചിന്തകള്‍. ആപത്കരമെന്നുപറഞ്ഞാലോ തികച്ചും ആപത്കരംതന്നെ.
പെട്ടെന്നയാള്‍ വേഗതകുറച്ചു. വളരെ ശ്രദ്ധയോടെ കാലടികള്‍ വച്ചു. ഇപ്പോളയാള്‍ സ്വപ്നത്തിലല്ല. എന്നാല്‍ അയാള്‍ വയ്ക്കുന്ന ഓരോ കാലടികളും അവധാനതയോടുകൂടിയതാണെന്ന് കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. പാക്കരനെ അറിയുന്ന ഒരാളാണെങ്കില്‍ പറയും: "ഭൂമിയുടെ അറ്റത്തെത്തിയ ഭീതിയാണ് പാക്കരന്; എപ്പോള്‍വേണമെങ്കിലും കാലുതെറ്റിവീഴാം. വയ്ക്കുന്ന ഓരോ കാലും ഒരു വേള ശൂന്യതയിലേക്കായിരിക്കാം." സത്യത്തില്‍ ഇത്തരത്തിലുള്ളവയാണ് പാക്കരന്‍െറ "ആപത്കരമായ" ചിന്തകളും. ക്രമേണ പാക്കരന്‍ നടത്തം പൂര്‍ണ്ണമായും നിറുത്തി. അടുത്തുകണ്ട ഒരു കരിങ്കല്ലില്‍ ഇരുന്നു. എന്നിട്ട് മുണ്ടിന്‍െറ കോന്തലകൊണ്ട് കാലുകള്‍ തുടച്ചുവൃത്തിയാക്കി. അവസാന മഞ്ഞുതുള്ളിയും കാലില്‍നിന്നും പോകുന്നതുവരെ അമര്‍ത്തി അമര്‍ത്തി തുടച്ചു. ഇതുകണ്ടുകൊണ്ടാണ് നാരായണന്‍മാസ്റ്റര്‍ വരുന്നത്. പാക്കരന്‍െറ സ്വഭാവം നന്നായറിയാമെങ്കിലും അയാള്‍ അപ്പോള്‍ ചെയ്യുന്ന പ്രവൃത്തിയുടെ കാരണം മനസ്സിലായില്ല.
"എടാ പാക്കരാ, എന്തിനാടാ നീ അതിരാവിലേ കല്ലേക്കേറിയിരുന്ന് കാല് തിരുമ്മണത്?"
"അയ്യോ മാശേ, കാലിലത്തറയും പുല്ലീന്ന് വെള്ളായി. ഈ വെള്ളം ചെലപ്പോ പൊള്ളണതരത്തിലൊള്ള സാധനാണെങ്കിലോ. ഒന്നും വിശ്ശോസിക്കാനെക്കൊണ്ട് പറ്റത്തില്ലല്ലോ."
"എടാ പാക്കരാ, നെന്‍റെ കാര്യം പോക്കാടാ. നീ വല്ല ഊളമ്പാറേലുംപോയി കെടക്കേണ്ടിവരുമെന്നാ തോന്നണത്."
"ഇതു ഞാങ്കൊറെ കേട്ടതാ മാശേ. അല്ലായിപ്പോ, മാശെങ്ങോട്ടാ?"
"ഞാനേ, എന്‍റെ മോളെ വീടുവരെ ഒന്നു പോവയാ"
"എന്നാ ചെല്ല് മാശേ. സൂശിച്ച് പോണേ മാശേ. ഇപ്പം ബെസും കാറുമൊക്കെ എന്നും അപകടത്തിപ്പെടുന്ന വര്‍ത്താനേ ഒള്ളൂ. അങ്ങ്ചെന്നെത്തീട്ട് എത്തീന്ന് പറഞ്ഞാമതി."
"എടാ കുരുത്തം കെട്ടോനേ. നെന്‍റെ വായീന്ന് എപ്പഴാടാ ഒരു നല്ല വര്‍ത്താനം കേക്കണത്? ഞാന്‍ പോണ്. ഇനി നിന്നാ ശരിയാവൂല."
ഇതാണ് പാക്കരന്‍െറ സ്വഭാവം. പാക്കരന്‍െറ വേഷത്തെക്കുറിച്ചും പറയാനുണ്ട്. പാക്കരന്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ധരിക്കൂ. ഷര്‍ട്ടില്‍ യഥാര്‍ത്ഥ ബട്ടണ്‍സുണ്ടാവില്ല. പ്രസ് ബട്ടനാണുപയോഗിക്കുന്നത്. തയ്യല്‍ക്കാരന്‍ ചാക്കോച്ചന് പാക്കരന്‍െറ മനസ്സറിയാം. അതുകൊണ്ട് പ്രസ് ബട്ടണ്‍ വച്ച് ഷര്‍ട്ട് തയ്ച്ചുകൊടുക്കും. എന്തെങ്കിലും ജീവികള്‍ ഷര്‍ട്ടിനുള്ളില്‍ കടന്നുകയറിയാല്‍ വളരെവേഗം ഷര്‍ട്ടൂരിയെടുത്ത് അവയില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു പാക്കരന്‍െറ ചിന്ത. പാക്കരന് പാന്‍റ്സിനോട് വൈമുഖ്യം ഉണ്ടാകാനും കാരണം ഇതുതന്നെയാണ്. അതേപ്പറ്റി പാക്കരനോട് ചോദിച്ചാല്‍:-
"വല്ല ചാക്കാണിയോ മറ്റോ കേറി ലതിന്‍െറ കാലിലെങ്ങാനുമിരുന്നാല മതീല്ലോ."
പാക്കരന്‍െറ കുടുംബത്തെപ്പറ്റിയാണെങ്കില്‍,ഇത്തരമൊരു ജന്മം എങ്ങിനെ അതിനിടയില്‍ വന്നുപ്പെട്ടു എന്നു സംശയിക്കും. പാക്കരന് മൂത്തത് മൂന്ന് ചേട്ടന്മാര്‍ - ഒരാള്‍ പട്ടാളത്തില്‍, രണ്ടുപേര്‍ പോലീസിലും. ഇളയവള്‍ ഒന്ന് - അവളും പോലീസില്‍. അങ്ങിനെ ധീരത അവകാശപ്പെടാവുന്ന സ്ഥാനങ്ങളില്‍ ജീവിക്കുന്ന സഹോദരങ്ങള്‍. അച്ഛന്‍ വിമുക്തഭടന്‍ , അമ്മ ഇല്ല. സഹോദരരെല്ലാവരുടെയും വിവാഹം കഴിഞ്ഞു. ഇപ്പോള്‍ പാക്കരന്‍ മൂത്തചേട്ടനോടും അച്ഛനോടുകൂടി കുടുംബവീട്ടില്‍ (എന്നു പറയാന്‍ പറ്റില്ല, ഭാഗം വച്ചപ്പോള്‍ പാക്കരന്‍െറതാണ് ഈ വീട്) താമസിക്കുകയാണ്. വീട് എന്നുപറഞ്ഞാല്‍ വിശാലമായ ഒന്നുതന്നെയാണ്. വെളിച്ചം വളരെകുറച്ചുമാത്രം കടക്കുന്ന ആ വീടിന്‍െറ പല ഭാഗങ്ങളും പാക്കരന് അപരിചിതമാണ്. പാക്കരന്‍െറ കിടക്ക വളരെ രസകരമാണ്. കയറുകൊണ്ട് വരിഞ്ഞ കട്ടിലാണ്. അതിന്‍െറ
കാലുകള്‍ വെള്ളം നിറച്ചപാത്രങ്ങളിലാണ് ഇറക്കിവച്ചിരിക്കുന്നത്. ഉറുമ്പോ മറ്റുപ്രാണികളോ കടക്കാതിരിക്കാനാണ് ഈ വിദ്യ. കൊതുകുവല കട്ടിലില്‍ത്തന്നെ ഉറപ്പിച്ചിട്ടുള്ള ഫ്രെയിമില്‍ മുറുക്കിക്കെട്ടിയിട്ടുണ്ട്. ഒരു കൊതുകുപോലും അതിനുള്ളില്‍ കടക്കാന്‍ ധൈര്യപ്പെടില്ല. അഥവാ കടന്നാല്‍.....?
ആ സമയത്താണ് ഞാന്‍ പാക്കരന്‍െറ നാട്ടില്‍, ആ പഞ്ചായത്തിലെ ഒരു ക്ലാര്‍ക്കായി ജോലികിട്ടി എത്തിയത്. അവിടെ എത്തിയപാടെ എന്നെ അലട്ടിയത് പാര്‍പ്പിടപ്രശ്നമാണ്. ഒരു ചെറിയ ലോഡ്ജുപോലുമില്ലാത്ത ഓണംകേറാമൂല. ഒരു വീടെങ്കിലും വാടകയ്ക്ക് കിട്ടുമോയെന്ന് പ്യൂണ്‍ ശശിയുമായി ആ പഞ്ചായത്ത് അരിച്ചുപെറുക്കിനടന്നു. ഒരു വീടുപോലും ഒഴിഞ്ഞുകിടപ്പില്ല എന്നത് അത്ഭുതമായിരുന്നു. അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് പാക്കരനെ കണ്ടതും പാക്കരന്‍െറ വീട്ടില്‍ ഒരു മുറി എനിക്കായി സൌകര്യപ്പെടുത്തിത്തന്നതും. എനിക്ക്, അതായത് ഒരു അപരിചിതന് വീട്ടില്‍ സ്ഥാനം നല്‍കിയതിനെ പാക്കരന്‍െറ വീട്ടുകാര്‍ എതിര്‍ത്തു.
"ഇതെന്‍റെ വീടാണ്. എനിക്കിഷ്ടോള്ളത് ചെയ്യും. ഇഷ്ടോല്ലാത്തോര്‍ക്ക്പോകാം" എന്നു തറപ്പിച്ചുപറഞ്ഞു പാക്കരന്‍ . പിന്നെ അവരൊന്നും മിണ്ടിയില്ല. മാത്രമല്ല എന്നെപ്പോലൊരു മിണ്ടാപ്പൂച്ചയെ അവര്‍ പിന്നീട് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാക്കരന്‍ സ്നേഹമുള്ളവനായിരുന്നു. എന്താണെന്നറിയില്ല ഞാന്‍ പാക്കരനുമായി വളരെയധികം അടുത്തു. പലദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും പാക്കരന്‍ എന്നോടൊപ്പം നടക്കാനുണ്ടാകും. ഞങ്ങള്‍ സംസാരിക്കാത്ത വിഷയമില്ല. ഞാന്‍ മാസത്തിലൊരിക്കല്‍ വീട്ടില്‍പോയി വരുമായിരുന്നു. അപ്പോഴൊക്ക പാക്കരന് വേണ്ടി എന്തെങ്കിലും കൊണ്ടുവരുകയും ചെയ്തിരുന്നു. നഗരത്തിലെ സാധാരണ സംഭവങ്ങള്‍ പാക്കരന് അത്ഭുതങ്ങളായിരുന്നു. പാക്കരന്‍ തന്‍െറ നാടുവിട്ട് പുറത്തേക്കൊന്നും പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ജീവിതത്തിലൊരുതവണപോലും സിനിമകണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു പാക്കരന്‍. സിനിമയെക്കുറിച്ചും മറ്റും ഞാന്‍ ദീര്‍ഘമായി പാക്കരനോട് സംസാരിക്കാറുണ്ട്. എല്ലാം കേട്ട് മനസ്സിലാക്കാനുള്ള ഒരു മനസ്സുള്ളതുകൊണ്ട് പറഞ്ഞു കൊടുക്കാനും എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അപകടത്തെപ്പറ്റിയുള്ള ചിലപരാമര്‍ശങ്ങളും ചോദ്യങ്ങളും പാക്കരനില്‍നിന്നുണ്ടാവും. അത് അങ്ങിനെയല്ല,പേടിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞാലും പാക്കരന് അത്രവിശ്വസം വരുകയില്ല.ഒരു ദിവസം എല്ലാം നേരില്‍കണ്ട് മനസ്സിലാക്കാന്‍ പലതവണ ഞാന്‍പാക്കരനെ നഗരത്തിലേയ്ക്ക് ക്ഷണിച്ചു. അങ്ങിനെ ഒടുവില്‍ ഒരു തവണ ഞാന്‍ നഗരത്തിലെ വീട്ടിലേയ്ക്ക് പോയപ്പോള്‍ പാക്കരനെയും കൊണ്ടുപോയി. എന്‍െറ അമ്മയ്ക്കും അനിയനും പാക്കരന്‍ ഒരത്ഭുതജീവിയായി മാറുവാന്‍ അധികനേരംവേണ്ടിവന്നില്ല. മാത്രമല്ല, പാക്കരനെപ്പറ്റി, പാക്കരന്‍െറ സ്വഭാവത്തെപ്പറ്റി ഞാന്‍ അവരോട് ധാരാളം പറഞ്ഞിട്ടുണ്ടായിരുന്നു. നഗരത്തിലെ ഒരു പ്രസിദ്ധ തിയേറ്ററില്‍കൊണ്ടുപോയി ഞാന്‍ പാക്കരന് സിനിമ കാണിച്ചുകൊടുത്തു. അതിശീഘ്രം പാഞ്ഞുവരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പാക്കരന്‍ എന്‍െറ കൈയില്‍ മുറുകെപിടിക്കുമായിരുന്നു. രസകരമായി രംഗങ്ങള്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കുകയും. അത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കി. അതവരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു. ഒരു പട്ടിക്കാട്ടിലെ അന്തേവാസിയെപ്പോലെ അവര്‍ പാക്കരനെ തുറിച്ചുനോക്കി. എന്‍െറ മുഖത്തേയ്ക്കും സംശയത്തോടെയുള്ള അവരുടെ ദൃഷ്ടിവന്നെത്താതിരുന്നില്ല. പാക്കരന്‍
മുഴുവന്‍ സമയവും സിനിമ കണ്ടില്ല. പകരം പ്രൊജക്ടറില്‍നിന്നും വെളിച്ചം വരുന്നതും അത് മാറിമാറിപ്രകാശിക്കുന്നതും അവന്‍ കൌതുകത്തോടെ നോക്കി. ഇടയ്ക്ക് സീറ്റില്‍ പുറംതിരിഞ്ഞിരുന്ന് അത് നോക്കിയിരുന്നു. ഞാനൊന്നും പറഞ്ഞില്ല. ശബ്ദമുണ്ടാക്കാതിരിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലല്ലോ. ഒടുവില്‍ തിയേറ്ററില്‍നിന്നും പുറത്തിറങ്ങിയിട്ടും പാക്കരന്‍റെ പേടി മാറിയിട്ടുണ്ടായിരുന്നില്ല.
"അല്ല ചേട്ടാ, അതിലൂടെ ഓടണ ലാറീം ബസ്സുമൊക്കെ നമ്മളെ പെറത്തോട്ടെങ്ങാനും വന്നാപ്പിന്നെ ഓടാന്‍പോലും പറ്റൂല്ല. അതിന്‍റകത്ത് അത്രയ്ക്കിരുട്ടല്ലയോ ഇരുട്ട്. എന്‍റമ്മോ, ഇനി ഞാനില്ലേ....."
സിനിമ കണ്ടിറങ്ങിയപ്പോള്‍ നന്നായി വിശക്കുന്നുണ്ടാ.യിരുന്നു. ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി. വളരെ ശ്രദ്ധയോടെ പാക്കരന്‍ ആഹാരം കഴിക്കുന്നത് കാണാന്‍ വളരെ രസമായിരുന്നു. ഒടുവില്‍, ഒരു കഷണം മുടി, ഒരു ചിരട്ടയുടെ തുണ്ട്, ഒരു ചകിരിനാര്, ഒന്നുരണ്ടു മണല്‍ത്തരികള്‍ എന്നിവ പാക്കരന്‍ ആഹാരത്തില്‍ നിന്നും മാറ്റിവച്ചു.
"ഹോട്ടലിലെ ആഹാരം എങ്ങിനെയുണ്ട്?" ഞാന്‍ പാക്കരനോട്ചോദിച്ചു.
"ഓ, എന്തര് പറയാന്‍ , ഒരു വൃത്തിയുമില്ലാതെയാ ഇവന്മാരു ഓരോന്നുണ്ടക്കണത്. " പാക്കരന്‍റെ അഭിപ്രായമായിരുന്നു.
അപ്പോള്‍ പാക്കരന്‍ ഹോട്ടലിന്‍റെ പിന്നാമ്പുറം കണ്ടിരുന്നാലത്തെ സ്ഥിതിയോ! "എന്‍റമ്മോ എന്ന് പാക്കരന്‍ അഞ്ചാറുതവണ വിളിച്ചേനെ. ഞങ്ങള്‍ കുറെയേറെ നടന്നു. നഗരത്തിന്‍െറ മുക്കിലൂടെയും മൂലയിലൂടെയും നടന്നു. നിമിഷം കഴിയുന്തോറും പാക്കരന് നഗരത്തോട് വെറുപ്പ് കൂടിക്കൊണ്ടിരിക്കുന്നതായി എനിക്കുതോന്നി. വൃത്തിഹീനമായ പാതയോരങ്ങള്‍, പൊട്ടിയൊഴുകുന്ന സേഫ്ടി ടാങ്കുകള്‍, ഓടകള്‍, ഹുങ്കാരത്തോടടുക്കുന്ന കൊതുകുകള്‍ എവിടെന്നില്ലാതെ കാര്‍ക്കിച്ചുതുപ്പുന്ന ആളുകള്‍, ചിലപ്പോള്‍ അതു മറ്റുള്ളവരുടെ ദേഹത്തുതന്നെയായിരിക്കാം. പുകതുപ്പുന്ന വാഹനങ്ങളും അതുപോലെ മനുഷ്യരും വളരെ ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ ഏതെങ്കിലുമൊരുവാഹനം കാലപുരിയിലേക്കുള്ള നമ്മുടെയാത്രയ്ക്കു കളമൊരുക്കത്തക്കവിധത്തിലുള്ള വേഗത, പിന്നെയും നടന്നപ്പോള്‍ ഒരു യാചകന്‍ പാതവക്കില്‍ മരിച്ചുകിടക്കുന്നതും കണ്ടു. ചെറുതായി നാറ്റം വച്ചുതുടങ്ങിയ ആ ശവത്തെ ഈച്ചയും ഉറുമ്പും പൊതിഞ്ഞിട്ടുണ്ടായിരുന്നു. സഹജീവിയുടെ ആകിടപ്പുപോലും ആരെയും തിരിഞ്ഞുനിര്‍ത്തിപ്പിക്കുന്നില്ല. ഒരു നിമിഷം അവിടെ നിന്ന് എന്താണ് എന്ന് ചോദിക്കുവാനുള്ള സമയം പോലുമില്ലാത്ത നഗരത്തിലെ മനുഷ്യരോടുള്ള പുച്ഛവും പകയും പാക്കരന്‍ മറച്ചുവച്ചില്ല. എത്രയും വേഗം സ്വര്‍ഗ്ഗതുല്യമായ തന്‍െറ ഗ്രാമത്തിലെത്താന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ അടുത്തനാള്‍ ഒരു വ്യവസായസ്ഥാപനത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനുള്ള രണ്ടു പാസ്സുകള്‍ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു. പ്രസിദ്ധനായ ഒരു കേന്ദ്രമന്ത്രിയായിരുന്നു അത് ഉദ്ഘാടനം ചെയ്യാനെത്തുന്നത്. അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കാന്‍ എനിക്ക് അതിയായ മോഹംതോന്നി. ഒരു പക്ഷേ ടി.വി.യില്‍ എന്‍റെ മുഖവും കാണിച്ചെങ്കിലോ എന്ന അത്യാര്‍ത്തിയും ഇല്ലാതിരുന്നില്ല. എന്‍െറ ഒരു സുഹൃത്ത് ആ സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അവന്‍െറ മേല്‍വിലാസത്തിലാണ് ഞങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം ലഭിച്ചത്. അതിനാല്‍ വളരെ നേരത്തേതന്നെ ഞാനും പാക്കരനും അവിടെ എത്തി. സുരക്ഷാസന്നാഹങ്ങള്‍ കണ്ട് അന്തംവിട്ടുനില്‍ക്കുകയായിരുന്നു പാക്കരന്‍. സുരക്ഷയുടെ ഓരോ മേഖലയും ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ എന്‍െറ സുഹൃത്ത് തയ്യാറായിരുന്നു. ബോംബിനെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചുമൊക്കെ സുഹൃത്ത് വിശദീകരിച്ചപ്പോള്‍ പാക്കരന് രസംതോന്നി; ഒപ്പം പേടിയും. മന്ത്രിയെത്തുന്നതിനും വളരെ മുമ്പെതന്നെ ഞങ്ങളവിടെ പ്രദക്ഷിണം നടത്തി. ഒടുവിലാണ് മന്ത്രിക്കു നല്‍കാനുള്ള ബൊക്കെ ഇരിക്കുന്ന സ്ഥലം കണ്ടത്. അന്നേരംവരെയും അത് പരിശോധിച്ചിട്ടില്ലായിരുന്നു. ആ ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പുളള സ്ഥാനത്തായിരുന്നു അവ വച്ചിരുന്നത്. അത് അകത്തേക്ക്, സ്റ്റേജിനടുത്തേക്ക് പരിശോധനനടത്തിയെ കൊണ്ടുപോകൂ.
പാക്കരന്‍ ആ ബൊക്കെകള്‍ കൈയിലെടുത്തുപരിശോധിച്ചു. എന്നിട്ട് അതിലെ പൂവിലേക്ക് മൂക്ക് താഴ്ത്തി നന്നായി മണപ്പിച്ചു.
എന്നിട്ട് പറഞ്ഞു. "ഇതൊരു ബോംബായിരുന്നെങ്കിലോ?"
സത്യത്തില്‍ ശ്വസിച്ചാല്‍ പൊട്ടിത്തെറിക്കത്തക്കരീതിയിലുള്ള ഒരു ബോംബ് ഘടിപ്പിച്ച ബൊക്കെ ആയിരുന്നു അത്.
15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയതാണിത്. ഇന്നത്തെ വിവരസാങ്കേതികവിപ്ലവത്തില്‍ ഇതില്‍ മാറ്റമൊന്നും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ReplyDeleteപാക്കരനെയും ഗ്രാമത്തെയും ഇഷ്ടപ്പെട്ടു നഗരത്തെ വെറുക്കുകയും ചെയ്യുന്നു
ReplyDeleteപക്ഷെ അവസാനം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല :(
കമന്റിനു നന്ദി. അവസാനം വായനക്കാരന്‍െറ ഭാവനയ്ക്ക്. എന്നാലും അവ്യക്തത എന്താണെന്ന് മനസ്സിലാകുന്നില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലേ?
ReplyDelete