You are the visitor of

Sunday, December 25, 2011

തരിശുനിലം




           
       പ്രഭാതങ്ങള്‍ എന്നും തിരക്കുപിടിച്ചതായിരുന്നു എനിക്ക്.  ക്ലോക്കില്‍ താളത്തില്‍ അഞ്ചു മണിമുഴങ്ങിയപ്പോള്‍ എഴുന്നേറ്റു. രാവിലത്തെ ബസ് പിടിക്കണം. ധൃതിയില്‍ തയ്യാറായി ഇറങ്ങി നടന്നു. ബസ് സ്റ്റാന്‍ഡിലേക്ക് കുറച്ചു ദൂരമുണ്ട്. മറ്റൊരു ജംഗ്ഷനിലെത്തിയാല്‍ മാത്രമേ ബസ് കിട്ടൂ.  ദൂരെ നിന്നു തന്നെ എനിക്ക് ജംഗ്ഷന്‍ കാണാമായിരുന്നു; അവിടത്തെ ആള്‍ക്കാരെയും.  പതിവു ബസ് വന്നിട്ടുണ്ടാവില്ല.  ഞാന്‍ ജംഗ്ഷനിലെത്തുന്നതിനു മുന്‍പ് തന്നെ ഒരു ബസ് വന്നു. ഞാന്‍ ഓടി.  എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ അടുത്തെത്താറായതും അതു പുറപ്പെട്ടുകഴിഞ്ഞു.  എന്നാല്‍ വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറല്ലായിരുന്നു.  ബസ് വേഗത കൈവരിക്കുന്നതിന് മുമ്പ് ഞാന്‍ ലാഡറില്‍ കയറിപ്പറ്റി.  ഇനി അടുത്തത് എവിടെയാണ് നിറുത്തുകയെന്നറിഞ്ഞുകൂടാ.  ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ തിരിഞ്ഞു നോക്കുന്നുമുണ്ട്.  ഒരു പക്ഷേ ഞാന്‍ ഓടുന്നത് അവര്‍ കണ്ടിരുന്നിരിക്കണം.  എന്നാല്‍ ബസിന്‍റെ ലാഡറില്‍ ഞാന്‍ കയറിയത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലായിരിക്കാം എന്നു ഞാന്‍ ഊഹിക്കുന്നു.  ഓടി വന്ന ഒരുവന്‍ പെട്ടെന്നപ്രത്യക്ഷമായതെങ്ങിനെ എന്നാലോചിച്ചാവാം അവര്‍ തിരിഞ്ഞു നോക്കിയത്.  എന്തായാലും ഞാന്‍ ലാഡറില്‍ പിടിച്ചു നില്‍ക്കുന്നത് ബസിനുള്ളിലുള്ള ആരും കണ്ടില്ല         ബസ് കുറെ ദൂരം ഓടി.  വളരെ വളരെ ദൂരം.  എന്‍റെ കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി.  പിടി അയഞ്ഞു പോകുമോ എന്ന് ഞാന്‍ പരിഭ്രമിച്ചു.  മാത്രമല്ല, ബസ് കുണ്ടിലും കുഴിയിലും കയറി ഇറങ്ങുന്നതനുസരിച്ച് എന്‍റെ ശരീരവും കുലുങ്ങുമ്പോള്‍ തീര്‍ച്ചയായും എന്‍റെ കാലുകള്‍ ഏണിപ്പടിയില്‍ നിന്നും തെന്നിമാറും എന്നു ഞാന്‍ ഭയപ്പെട്ടു.  അങ്ങിനെ ചെയ്താല്‍ ഞാന്‍ താഴെ വീണുപോകുമെന്നും പുറകില്‍നിന്നു വരുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയിലകപ്പെട്ടു ചതഞ്ഞുപോകുമെന്നും ഞാന്‍ ഭയപ്പെട്ടു.  അങ്ങിനെയൊരു ചിന്ത ഉയര്‍ന്നു വന്നതുകാരണം ഞാന്‍ കൈകള്‍ ഒന്നുകൂടി മുറുക്കി.  എന്തായാലും നിലനില്‍പ് പ്രശ്നമായിരുന്നതിനാല്‍ വീഴാതിരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഞാനാലോചിക്കാന്‍ തുടങ്ങി.  പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി.  ഞാന്‍ എന്‍റെ പാന്‍സ് മുറുക്കി കെട്ടിയിരുന്ന ബല്‍റ്റിന്‍റെ ഹൂക്ക് അഴിച്ചെടുത്ത് ബല്‍റ്റിന്‍റെ മുന്‍ഭാഗം ലാഡറിലൂടെ ചുറ്റിക്കെട്ടി.  ഇപ്പോള്‍ എനിക്ക് ചലനസ്വാതന്ത്ര്യം  ചുരുങ്ങിയെങ്കിലും എന്‍റെ ജീവനില്‍ ആത്മവിശ്വാസം ഉണ്ടായി.  അത് എനിക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കി.  വാഹനം നിറുത്തുന്ന ലക്ഷണമില്ല.  എനിക്കു തോന്നി ഞാന്‍ മണിക്കൂറുകള്‍ അല്ല, ദിവസങ്ങളല്ല, മാസങ്ങളായി, വര്‍ഷങ്ങളായി അവിടെ നില്‍ക്കുന്നു എന്ന്.  ഇതിനിടയ്ക്കെപ്പോഴോ ബസിനുമുകളില്‍ കയറിയിരിക്കാം എന്നു വിചാരിച്ച് മുകളിലോട്ട് കയറാന്‍ ശ്രമിച്ചെങ്കിലും ഏണി പകുതിവച്ച് തീര്‍ന്നുപോയിരിക്കുന്നതായി മനസ്സിലാക്കി എനിക്ക് ആ ശ്രമത്തില്‍ നിന്നും പിന്‍തിരിയേണ്ടിവന്നു. ബസ് നില്‍ക്കുന്ന ലക്ഷണമില്ല.  പിടിവിട്ടു വീഴുകതന്നെ ചെയ്യും എന്നായപ്പോള്‍ ഞാന്‍ ഉറക്കെകരയാന്‍ തുടങ്ങി.  ഇടയ്ക്കിടെ ബസിന്‍റെ പുറത്ത് ശക്തിയായി ഇടിക്കാനും ഒരു കാലില്‍ ചവിട്ടിനിന്ന് മറ്റേ കാല്‍കൊണ്ട് ബസിന്‍റെ ബോഡിയില്‍ ചവിട്ടാനും തുടങ്ങി.  എന്നാല്‍ ബസിനുള്ളിലുള്ള ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനകത്തിരിക്കുന്ന മനുഷ്യര്‍ക്കൊന്നിനും ശ്രവണശക്തിയില്ലേ എന്നു പോലും എനിക്കു തോന്നിപ്പോയി.  എങ്കിലും ബസിനുള്ളിലുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ പലതും ചെയ്തുകൊണ്ടിരിക്കെത്തന്നെ റോഡിനിരുവശവും ഞാന്‍ ശ്രദ്ധിച്ചു.  ചിലകാര്യങ്ങള്‍ എനിക്കല്‍ഭുതം നല്‍കുന്നവയായിരുന്നു.  ഇതുവരെയായിട്ടും പുറകില്‍ നിന്നൊരു വാഹനം പോലും ഈ ബസിനെ കടന്നു പോയിട്ടില്ല.  റോഡിനിരുവശവും ഇടതൂര്‍ന്ന് വൃക്ഷങ്ങള്‍ നിന്നിരുന്നു.  വൃക്ഷക്കൂട്ടങ്ങള്‍ക്കുള്ളില്‍ ഇരുട്ട് കട്ടപിടിച്ചു കിടന്നിരുന്നു.  റോഡാകട്ടെ, വിജനവും. ബസിനുള്ളിലുള്ള കുറെയാത്രക്കാരും ഞാനും മാത്രമാണ് ഈ ലോകത്ത് ജീവനുള്ള വസ്തുക്കള്‍ എന്നെനിക്കുതോന്നി.  എന്‍റെ ജീവന്‍റെ ബലം കൊണ്ടോ മുജ്ജന്‍മസുകൃതം കൊണ്ടോ ബസിനുള്ളില്‍ നിന്നും ഒരാള്‍ തല പുറത്തേക്കിട്ട് നോക്കുന്നതു കണ്ടു.  അതിനെത്തുടര്‍ന്ന് ഒന്നു രണ്ടു തലകള്‍ ജനാലയിലൂടെ പുറത്തേയ്ക്ക് വന്നു. പെട്ടെന്ന് ഒരു ബെല്‍ ശബ്ദം കേള്‍ക്കുകയും ഞരങ്ങി ഞരങ്ങി ബസ് നില്‍ക്കുകയും ചെയ്തു. അപ്പോഴേയ്ക്കും എനിക്കൊന്നും സംസാരിക്കാനാവാത്ത വിധം എല്ലാ ഊര്‍ജ്ജവും നഷ്ടപ്പെട്ട് ഞാന്‍, എന്‍റെ നിയന്ത്രണമെല്ലാം വിട്ട്, ലാഡറിലെ പിടിവിട്ടു കഴിഞ്ഞിരുന്നു.  എന്നാല്‍ താഴെവീണില്ല.  പാന്‍സിലൂടെ, ലാഡറിലൂടെ ചുറ്റിക്കെട്ടിയിരുന്ന ബെല്‍റ്റില്‍ ഞാന്‍ തൂങ്ങിക്കിടന്നു. 
       ബസില്‍ നിന്നും മൂന്നുപേര്‍ ഇറങ്ങിവന്നു.  അതില്‍ ഒരാള്‍ എന്‍റെ അടുക്കലേയ്ക്ക് വന്നു.  അയാള്‍ വന്ന് എന്നെ തിരിച്ചും മറിച്ചും പരിശോധിച്ചു.  എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകള്‍ പുറത്തുവന്നില്ല.  ബല്‍റ്റഴിച്ചുമാറ്റി എന്നെ സ്വതന്ത്രമാക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കതിനു സാധിച്ചില്ല.  അയാള്‍ ഒന്നും മിണ്ടാതെ തിരികെപ്പോയി.  അയാള്‍ വീണ്ടും വന്നപ്പോള്‍ അയാളുടെ കൈയില്‍ മൂര്‍ച്ചയേറിയ ഒരു കത്രികയുണ്ടായിരുന്നു; കൂടെ മറ്റു രണ്ടുപേരും.  ആ കത്രികയുടെ തിളക്കം എന്‍റെ കണ്ണുകളെ അലോസരപ്പെടുത്തി.  ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു ആരോ രണ്ടുപേര്‍ എന്നെ താങ്ങിപ്പിടിച്ചതും എന്‍റെ ബല്‍റ്റ് അയഞ്ഞു വന്നതും ഞാനറിഞ്ഞു.  കണ്‍തുറന്നു നോക്കിയപ്പോള്‍ എന്‍റെ ബല്‍റ്റിനെ മുറിച്ചു മാറ്റാനുപയോഗിച്ച കത്രികയെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നില്‍ക്കുകയായിരുന്നു ആദ്യത്തെ ആള്‍.  മറ്റു രണ്ടുപേര്‍ എന്നെയും താങ്ങിയെടുത്തു ബസിനുള്ളിലേയ്ക്ക് കയറി.  അവര്‍ എന്നെ ഏതോ ഒരു അനാവശ്യ വസ്തുവിനെപ്പോലെ ഏറ്റവും പുറകില്‍ ഒരു മൂലയിലേയ്ക്ക് എറിഞ്ഞു.  തൊട്ടു മുമ്പിലുണ്ടായിരുന്ന സീറ്റില്‍ തട്ടി എന്‍റെ തലയും, വേറെയെവിടെയൊക്കെയോ മുട്ടി ശരീരത്തിലെ പല ഭാഗങ്ങളും വേദനിക്കാന്‍ തുടങ്ങി.  മറ്റൊരു രസകരമായ സംഭവം ഇതിനിടയ്ക്കെപ്പോഴോ ബസ് പൂര്‍വ്വവേഗത കൈവരിച്ചുകഴിഞ്ഞിരുന്നു.ബസ് സ്റ്റാര്‍ട്ടു ചെയ്തതോ നീങ്ങിത്തുടങ്ങിയതോ ഒന്നും ഞാനറിഞ്ഞില്ല.ബസിന്‍റെ കുലുക്കവും ഏറിലുണ്ടായ വേദനയും എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.  മാത്രമോ വളരെ നേരമായി ഞാനെന്തെങ്കിലും കഴിച്ചിട്ടും.  വിശപ്പും ദാഹവും കൊണ്ട് ഞാന്‍ തളര്‍ന്നു. എന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്ന് നോക്കാം എന്നു വിചാരിച്ച് എഴുനേല്ക്കാന്‍ നോക്കിയെങ്കിലും എനിക്കതിന് സാധിച്ചില്ല.  കാലുകളോ കൈകളോ ഞാന്‍ പറയുന്നതുപോലൊന്നും അനുസരിക്കാന്‍ കൂട്ടാക്കിയില്ല.  അവ ആകാശത്തേയ്ക്കുയര്‍ത്തി വച്ച് ഞാന്‍ മലര്‍ന്നു കിടന്ന് ചുറ്റും നോക്കി.  ചിലരൊക്കെ എന്തൊക്കെയോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.  ആരും പരസ്പരം മിണ്ടുന്നില്ല.  ബസിനകത്ത് എല്ലാ സീറ്റിലും ആളുകള്‍, ആണും പെണ്ണും, ഇരിപ്പുണ്ടായിരുന്നു.  ആരും നവാഗതനായ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  ചിലരുടെ മുഖത്ത് എന്‍റെ സാന്നിദ്ധ്യം ഒരു തരം വെറുപ്പ് വളര്‍ത്തിയിരിക്കുന്നതായിപ്പോലും എനിക്ക് തോന്നി.  ഇടയ്ക്ക് ആരോ ഒരാള്‍ ആ കത്രികക്കാരനെ 'ഡോക്ടര്‍' എന്നു വിളിയ്ക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.  ആ കത്രികക്കാരന്‍ ആ വിളിയുടെ ഉടമയുടെ അടുത്തേയ്ക്ക് ചെന്നു.  ഇപ്പോള്‍ അയാളുടെ കൈയില്‍ വലിയൊരു വാളുണ്ടായിരുന്നു.  തിളങ്ങുന്ന വാള്‍.  എന്നാലാ തിളക്കം എനിക്ക് വളരെയധികം ഇഷ്ടമായി.ഒരു കഷണ്ടിക്കാരനായിരുന്നു ഡോക്ടറെ വിളിച്ചത്.  ഡോക്ടര്‍ അയാളുടെ അടുത്ത് ചെന്ന് എന്തൊക്കൊയോ ചോദിക്കുകയും അയാള്‍ അതിന് എന്തൊക്കൊയോ മറുപടി പറയുന്നതും കാണാമായിരുന്നു.  അവര്‍ തമ്മില്‍ ഏതോ കാര്യത്തിന് തര്‍ക്കിക്കുന്നുണ്ടെന്നെനിക്കു തോന്നി.  എന്നാലവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല.  ബസിന്‍റെ ഇരമ്പല്‍ മാത്രം ബസിനുള്ളില്‍ കേട്ടുകൊണ്ടിരുന്നു.  കുറച്ച് കഴിഞ്ഞപ്പോള്‍ ആ കഷണ്ടിക്കാരന്‍ തല താഴ്ത്തി കുനിഞ്ഞിരുന്നു. അപ്പോള്‍ ഡോക്ടര്‍ കൈയിലിരുന്ന വാളുകൊണ്ട് അയാളുടെ തല, വെട്ടിമാറ്റി.  ഭയം എന്‍റെ കണ്ണുകള്‍ക്കു മുമ്പില്‍ മൂടല്‍ മഞ്ഞായി വ്യാപിച്ചു.  ഒരപശബ്ദം പോലും ഞാന്‍ കേട്ടില്ല.  ചെമന്ന് കൊഴുത്ത ദ്രാവകം മുറിവില്‍ക്കൂടി ചീറ്റുന്നതും കഷണ്ടിക്കാരന്‍റെ തലയില്ലാത്ത ശരീരം പിടഞ്ഞു പിടഞ്ഞു കിടക്കുന്നതും പ്രതീക്ഷിച്ച് കണ്ണു തുറന്ന ഞാന്‍ അത്ഭുതം കൊണ്ട് കണ്ണുതള്ളുകയാണുണ്ടായത്. മുമ്പിലുണ്ടായിരുന്ന ഭയത്തിന്‍റെ മൂടല്‍മഞ്ഞ്  ജിജ്ഞാസയുടെ സൂര്യാതപമേറ്റ് വളരെ വേഗം ഉരുകിപ്പോയി.  കഷണ്ടിക്കാരന്‍ നേരത്തേയിരുന്ന സ്ഥലത്തുതന്നെ തലയില്ലാതെയിരിക്കുകയാണ്.  അയാളുടെ മുറിഞ്ഞ കഴുത്തില്‍ നിന്നും ഒരു തരം വെളുത്ത പുക ഉയര്‍ന്നുകൊണ്ടിരിക്കുന്നു.  അല്പം കഴിഞ്ഞപ്പോള്‍ ബസിനകം മുഴുവനും ആ ധൂമം പരക്കുകയും നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഗന്ധം വ്യാപിക്കുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ 'കഷണ്ടിത്തല' കൈയില്‍ വച്ച് തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു.  ബസ് മുഴുവന്‍ പുക പടര്‍ന്നിട്ടുണ്ടായിരുന്നുവെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്തിയിരുന്നില്ല.  ഇപ്പോള്‍ ഡോക്ടറുടെ കൈവശമിരിക്കുന്നത് വാളല്ല, തുരുമ്പിച്ച ഒരു ചുറ്റികയാണ്.  അതുകൊണ്ടയാള്‍ ആ തലയില്‍ അവിടവിടെ തട്ടിനോക്കുന്നുണ്ട്, തട്ടുമ്പോള്‍ ഏതോ ലോഹത്തില്‍ മുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം ബസിന്‍റെ ഇരമ്പലിനെയും മറികടന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.  അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ തലയ്ക്കുള്ളില്‍ നിന്നും എന്തോ ചില വസ്തുക്കള്‍ താഴേയ്ക്ക് വീഴാന്‍ തുടങ്ങി.  ഓരോന്ന് വീഴുമ്പോഴും ലോഹം ലോഹത്തോടു മുട്ടുന്ന തരത്തിലുള്ള ശബ്ദം കേട്ടു.  തലയില്‍ നിന്നും ഒന്നും വീഴാതായപ്പോള്‍ ഡോക്ടര്‍ അതിനെ തിരിച്ചും മറിച്ചും വീണ്ടും നോക്കാന്‍ തുടങ്ങി.  എന്നിട്ട് അതിനെ ബസിന്‍റെ മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു.  അതുചെന്ന് മുന്‍വശത്തെ കണ്ണാടിയില്‍ തട്ടി ഡ്രൈവറുടെ സീറ്റില്‍ വന്നുവീണു.  അപ്പോഴാണ് ഞാന്‍ തികച്ചും ഞെട്ടിപ്പോയത് ബസ് ഓടിക്കുവാന്‍ ഡ്രൈവറില്ലായിരുന്നു.  ശൂന്യതയിലിരുന്നു ആരോ തിരിക്കുന്നതുപോലെ സ്റ്റിയറിംഗ് ഇടയ്ക്കിടെ ചലിക്കുന്നുണ്ടായിരുന്നു.  ഇപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ ഒരു കഷണ്ടിത്തല മാത്രം.  അതിന്‍റെ കണ്ണുകള്‍ സ്റ്റിയറിംഗിന്‍റെ ചലനത്തിനൊപ്പം ചലിക്കുന്നത് റിയര്‍വ്യൂ മിററില്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു                ഞാന്‍ കിടന്ന സ്ഥലത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.  ഇത്തവണ കാലുകള്‍ക്കും കൈകള്‍ക്കും നിയന്ത്രണമുണ്ടായതുപോലെ തോന്നി.  എന്നാലൊട്ടു എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതുമില്ല.  വിശപ്പും ദാഹവും എന്‍റെ ശക്തിയേയും ഒപ്പം ധൈര്യത്തേയും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.  ഒടുവില്‍ ഏറെ പ്രയത്നത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഞാന്‍ കമിഴ്ന്നു വീണു പോവുകയാണുണ്ടായത്.  ഇപ്പോള്‍ എന്‍റെ നെഞ്ച് ബസിന്‍റെ കുലുക്കത്തിനനുസരിച്ച് ശക്തിയായി ഇടിക്കാന്‍ തുടങ്ങി.  എനിക്കു വേദന സഹിക്കാന്‍ കഴിഞ്ഞില്ല.  അണകെട്ടി നിര്‍ത്തിയിരുന്ന വെള്ളം പൊട്ടിയൊഴുകുന്നതുപോലെ വളരെ നേരത്തേ തന്നെ തൊണ്ടയില്‍ കുരുങ്ങിപ്പോയ ദീനരോദനം സ്വതന്ത്രമായി.  എന്നാലതൊരു കരച്ചില്‍ മാത്രമായി ചുരുങ്ങുകയാണുണ്ടായത്.  ശബ്ദം കേട്ട ചിലര്‍ തിരിഞ്ഞുനോക്കി.  ആരാണ് ശബ്ദത്തിന്‍റെ ഉടമയെന്ന് തിരിച്ചറിയാന്‍ അവര്‍ക്കു ഏറെ സമയം വേണ്ടി വന്നില്ല.  പെട്ടെന്ന് ഡോക്ടര്‍ എന്‍റെയടുക്കലേയ്ക്ക് വന്നു; കൂടെ ആദ്യം കണ്ട രണ്ടുപേരില്‍ ഒരാളും.  അയാള്‍ ഒരു കാക്കിത്തൊപ്പി ധരിച്ചിട്ടുണ്ടായിരുന്നു.  അയാളെന്നെ മലര്‍ത്തിയിട്ടു അയാളുടെ കൈയിലൊരു ചൂരല്‍ വടിയുണ്ടായിരുന്നു.  അയാളത് ഉയര്‍ത്തി ശബ്ദിക്കരുത് എന്ന് ആംഗ്യം കാട്ടി.  പിടിച്ചു നിര്‍ത്തിയതുപോലെ ഞാന്‍ കരച്ചില്‍ നിര്‍ത്തി.  തുപ്പാനും വയ്യ വിഴുങ്ങാനും വയ്യ എന്ന അവസ്ഥയില്‍ കരച്ചിലിന്‍റെ ഒരു തുണ്ട് എന്‍റെ തൊണ്ടയില്‍ തടഞ്ഞുനിന്നു.  അതിന്‍റെ അസ്വസ്ഥതയില്‍ കണ്ണുകള്‍ നിറഞ്ഞുവന്നു.  നിറകണ്ണുകള്‍ക്ക് മുമ്പില്‍ കാണുന്നതെല്ലാം ഫോക്കസ്സില്‍ നിന്നും ഔട്ടായിത്തുടങ്ങി അതിനിടയില്‍ ആരോ എന്‍റെ അസ്വാസ്ഥ്യത്തിന്‍റെ കാരണം മനസ്സിലാക്കിയിട്ടെന്ന പോലെ ഒരു പാല്‍ക്കുപ്പിയുടെ മുലക്കണ്ണ് എന്‍റെ വായിലേയ്ക്ക് വച്ചുതന്നു.  വിശപ്പും ദാഹവും, പുറമെ തൊണ്ടയിലെ തടസ്സവും കൊണ്ട് വിഷമിച്ചുകൊണ്ടിരുന്ന എനിക്കതു അമൃതം പോലെ തോന്നി.  വളരെ രുചിയോടെ വലിച്ചു കുടിച്ച എനിക്ക് തൊണ്ടയില്‍ നിന്നും എന്തോ ഒന്ന് താഴേയ്ക്കുരുണ്ടിറങ്ങുന്നത് അനുഭവിച്ചറിയാന്‍ കഴിഞ്ഞു.  കൈയുയര്‍ത്തി ഞാന്‍ സജലങ്ങളായ കണ്ണുകള്‍ തുടച്ച് ദൃശ്യങ്ങളെ ഫോക്കസ്സില്‍ കൊണ്ടുവന്നു. ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ക്ക് ഗോചരമായത് വെളുത്ത വസ്ത്രങ്ങളോടുകൂടിയ, കറുത്ത ഫ്രെയിമുള്ള വലിയ കണ്ണട വച്ച ഒരാളിനെയാണ്.  പച്ചക്കരയുള്ള പരുപരുത്ത മുണ്ടും ജൂബയുമായിരുന്നു അയാളുടെ വേഷം.  നല്ല തടിയുള്ള, കുടവയറുള്ള ഒരാളായിരുന്നു അത്.  അയാളുടെ കഴുത്തില്‍ പച്ചക്കരയുള്ള ഒരു ഷാള്‍ ചുറ്റിക്കിടന്നിരുന്നു.  അയാളായിരിക്കാം എനിക്ക് കുപ്പിപ്പാല്‍ തന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു.  ഞാന്‍ അയാളെ നോക്കി പുഞ്ചിരിച്ചു.  അത് പുഞ്ചിരിയായിരുന്നോ അതോ ദൈന്യത നിറഞ്ഞ നോട്ടം മാത്രമായിരുന്നോ എന്നെനിക്കറിയാന്‍ കഴിഞ്ഞില്ല.  എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അയാളുടെ മുഖത്ത് ഒരു ചെറുചിരി സാവധാനം വികസിച്ചു വരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.  മുഖമാകെ ആ ചിരി വ്യാപിച്ചപ്പോഴും അയാളില്‍ നിന്നും യാതൊരു വിധ ശബ്ദവും കേള്‍ക്കാന്‍ കഴിഞ്ഞില്ല.  വളരെപ്പെട്ടന്ന് തന്നെ, എന്നാല്‍ അനുക്രമമായി, ആ ചിരിയില്‍ ക്രൂരതയുടെ നിറം കൂടിക്കലരുന്നത് ഞാന്‍ കണ്ടു.  ആ നിറം കലരവേ തന്നെ അയാള്‍ പാല്‍ക്കുപ്പിയുടെ കഴുത്തിലുണ്ടായിരുന്ന തിളക്കമുള്ള ഒരു വസ്തുവിനെ രണ്ടുമൂന്നുതവണ തിരിച്ചു.  രുചികരമായി ഭക്ഷിച്ചുകൊണ്ടിരുന്ന പാല്‍ ഏറ്റവും കയ്പുള്ള ദ്രാവകമായി മാറുന്നത് ഞാന്‍ മനസ്സിലാക്കി.  അതിന്‍റെ നിറവും മാറി കറുക്കാന്‍ തുടങ്ങി.  ഞാന്‍ പെട്ടെന്ന് മുലക്കണ്ണില്‍ നിന്നും വായ് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും അതെന്‍റെ ചുണ്ടുകളില്‍ ഒട്ടിപ്പിടിച്ചു പോയി എന്ന സത്യം മനസ്സിലാക്കി കീഴടങ്ങേണ്ടി വന്നു.  എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി.  ആ കൊഴുത്ത കറുത്ത ദ്രാവകം മുഴുവനും കുടിയ്ക്കാതെ തരമില്ലായിരുന്നു.  അപ്പോള്‍ അയാളുടെ കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ ഒരു കരിനാഗമായി പിണയുന്നതുപോലെ എനിക്ക് തോന്നി.  അതിന്‍റെ കണ്ണുകളില്‍ നിന്നും സ്ഫുലിംഗങ്ങള്‍ ചിതറുന്നതായും വായില്‍ നിന്ന് തീക്കാറ്റിന്‍റെ നീല്‍ക്കാരങ്ങള്‍ ഉയരുന്നതായും എനിക്കനുഭവപ്പെട്ടു.  ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു കുപ്പിയിലിരുന്ന ദ്രാവകം മുഴുവനും വലിച്ചു കുടിച്ചു.  കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാകട്ടെ പോളകള്‍ക്ക് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെട്ടു.  വളരെ ആയാസപ്പെട്ട് കണ്ണുകള്‍ ഞാന്‍ തുറന്നു പിടിച്ചെങ്കിലും അതടഞ്ഞടഞ്ഞു പോകുന്നുണ്ടായിരുന്നു എങ്കിലും ആ തുറക്കലിനും അടയ്ക്കലിനുമിടയില്‍ അയാള്‍ വീണ്ടും പാല്‍ക്കുപ്പിയുടെ കഴുത്തിലുണ്ടായിരുന്ന തിളക്കമുള്ള വസ്തുവിനെ ൧തിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു.  അനന്തരം എന്‍റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ആ ഒഴിഞ്ഞ കുപ്പി അയാള്‍ നിസാരമായി എടുത്തു മാറ്റി.  പിന്നീട് ഞാന്‍ കണ്ണുകള്‍ തുറക്കുവാന്‍ ശ്രമിച്ചില്ല.  എന്തായാലും പാല്‍കുടിച്ചതോടെ എന്‍റെ വിശപ്പും ദാഹവും ശമിച്ചിരുന്നു.കുറെനേരം ഞാന്‍ ഉറങ്ങി.  ഉണര്‍ന്നപ്പോള്‍ എന്‍റെ മുഖത്തിനു നേരെ മുകളിലായി ആദ്യം കണ്ട ആളുടെ മുഖമാണ് കണ്ടത്.  പെട്ടെന്ന് എന്‍റെ ശ്രദ്ധ അയാളുടെ കഴുത്തിലെ ഷാളിലേയ്ക്ക് ചെന്നു.  അത് പലവര്‍ണ്ണത്തിലുള്ള പൂമാലയായി മാറിയിരിക്കുന്നത് ഞാന്‍ കണ്ടു.  അയാളില്‍ ഞാന്‍ പുശ്ചത്തോടെയുള്ള ചിരിയുടെ ഗന്ധം മണത്തു.  ഞാന്‍ ഉണര്‍ന്നതുകണ്ട് അയാള്‍ പിന്‍മാറിപ്പോയി. എനിക്ക് വിശപ്പോ ദാഹമോ ഇല്ലായിരുന്നു അതുകൊണ്ട് ഞാന്‍ അലസമായി നേരത്തേ സംഭവിച്ചവയൊക്കെ അടുക്കും ചിട്ടയുമായി ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് കിടന്നു.  കഷണ്ടിക്കാരന്‍റെ തലയ്ക്കും ശരീരത്തിനും എന്തു സംഭവിച്ചു എന്നതിലെനിക്ക് ആകാംക്ഷയുണ്ടായി.  ഞാന്‍ മെല്ലെ തലയുയര്‍ത്തി നോക്കാന്‍ ശ്രമിച്ചു.  എന്നാല്‍ കഴിഞ്ഞില്ല.  അപ്പോള്‍ ഏതോ ഒരു നേര്‍ത്ത, മൃദുവായ ഒരു കരം എന്നെ താങ്ങി ഒരു സീറ്റിലേയ്ക്ക് ചാരിയിരുത്തി.  നിഷ്കളങ്കതയുടെ മൂടുപടമണിഞ്ഞ മന്ദഹാസം മൊട്ടിട്ടുനിന്ന ഒരു റോസാ ദളം പോലെ ഭംഗിയായ, മൃദുവായ മുഖമുള്ള സ്ത്രീയായിരുന്നു എന്നെ താങ്ങിയത്.  മാത്രമല്ല, അവരുടെ അടുത്തുണ്ടായിരുന്ന ഒഴിഞ്ഞ സീറ്റിലാണ് അവര്‍ എന്നെ ചാരിയിരുത്തിയത്.  അവരുടെ ചിരി പൌര്‍ണ്ണമി നിലാവുപോലെ എനിക്കു സന്തോഷം പകര്‍ന്നു.  ശരീരം മുഴുവനും വെളുത്ത വസ്ത്രം കൊണ്ട് മൂടിയിരുന്ന അവര്‍‍ക്ക് വളരെയേറെ ഇടതൂര്‍ന്ന്, നീണ്ടു വളര്‍ന്ന തലമുടിയുണ്ടായിരുന്നു.  അതിന് വളരെ ആനന്ദദായകമായ ഒരു വാസനയുണ്ടായിരുന്നു.  മുല്ലയുടേതൊന്നോ പിച്ചിയുടേതെന്നോ തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ഒരു തരം ഊഷ്മള സുഗന്ധം, കാറ്റില്‍ പാറിവന്ന മുടിയിഴകള്‍ എന്‍റെ മുഖത്തുരുമിയപ്പോള്‍ എനിക്കനുഭവപ്പെട്ടു. അതുവരെ ഞാന്‍ കുടിച്ചു തീര്‍ത്ത കയ്പിനെ അലിയിക്കാന്‍ പര്യാപ്തമായിരുന്നു അവരുടെ മുഖദര്‍ശനവും ആ സുഗന്ധവും.  ഞാനത് ആവോളം പാനം ചെയ്തുകൊണ്ടിരിക്കെ അവര്‍ എന്നെ മൃദുവായി തലോടാനാരംഭിച്ചു.  ഒപ്പം മധുരമായി, കുയിലിനെപ്പോലെ മനോഹരമായി മൃദുവായി പാടാനും തുടങ്ങി.  ചന്ദ്രികാര്‍ച്ചിതമായ രാവില്‍ പെയ്തിറങ്ങുന്ന നിലാവിനോട് മത്സരിച്ചെത്തുന്ന പാലപ്പൂ മണമായിരുന്നു അവരുടെയാപ്പാട്ടിന്.  മൃതസഞ്ജീവിനിയാല്‍ ജീവന്‍ തിരിച്ചു കിട്ടിയ കിളിക്കുഞ്ഞിനെപ്പോലെ എന്‍റെ മനസ്സ് പറന്നുയരാന്‍ തുടങ്ങി.  എന്‍റെ ഭാരം നഷ്ടപ്പെടുന്നതായും അപ്പൂപ്പന്‍ താടി പോലെ ഞാന്‍ പറന്നു പറന്നു പോകുന്നതായും എനിക്കു തോന്നി.  ആ സുഖശീതള സുഗന്ധാരാമത്തില്‍ ഞാന്‍ പാറിപ്പറന്നു നടക്കെ ഒരു കൊടുംകാറ്റിനെപ്പോലെ 'തൊപ്പിക്കാരന്‍' വീണ്ടും വന്നു.  കൈയിലിരുന്ന ചൂരല്‍വടികൊണ്ട് ആ സ്ത്രീയുടെ തലയില്‍ ശക്തിയായി അടിച്ചു.  ആ അടി തടുക്കണമെന്നും അവരെ രക്ഷിക്കണമെന്നും എനിക്കു തോന്നിയെങ്കിലും അയാളുടെ കണ്ണുകളിലെ ക്രൂരത എന്നെ നിശ്ചലനാക്കി.  ഞാന്‍ സ്തബ്ധനായി നോക്കി നില്‍ക്കെ രക്തം അവരുടെ കൂന്തലില്‍ ചാലുകള്‍ തീര്‍ത്തു.  അഗ്നിപര്‍വ്വതത്തില്‍ നിന്നും പൊട്ടിയൊഴുകുന്ന ലാവ പോലെ അതെല്ലാവരേയും മൂടിക്കളഞ്ഞേക്കുമെന്ന് ഞാന്‍ ഭയന്നു.  അവര്‍ തളര്‍ന്നെന്‍റെ മടിയിലേയ്ക്കു വീണു. തൊപ്പിക്കാരന്‍ അവരെ വലിച്ചെടുത്തു നിലത്തിട്ടു ബൂട്ട്‌സിട്ട കാലുകള്‍ കൊണ്ടു ചവിട്ടി.  അവരില്‍ നിന്നും യാതൊരു വിധ അനക്കവും ഇല്ലെന്നായപ്പോള്‍ അയാള്‍ തിരികെപ്പോയി.  ഡോക്ടറുമായി മടങ്ങി വന്നു.  ഡോക്ടറുടെ കൈയില്‍ മൂര്‍ച്ചയേറിയ ആ വാളുണ്ടായിരുന്നു.  അയാള്‍ ആ സ്ത്രീയെ തലങ്ങും വിലങ്ങും വെട്ടിക്കീറി.  പുറകെ കണ്ണടക്കാരന്‍ കുറെ ഇലക്കഷണങ്ങളുമായി വരികയും സ്ത്രീയുടെ മാംസക്കഷണങ്ങള്‍ ഇലകളിലെടുത്തുവച്ച് ഓരോരുത്തര്‍ക്കും നല്‍കുവാനും തുടങ്ങി.  എല്ലാവരും ആര്‍ത്തിയോടെ അതുവാങ്ങി കഴിക്കാനും തുടങ്ങി.  എന്‍റെ മുമ്പിലും ഒരിലക്കീറില്‍ അവരുടെ മാംസം വിളമ്പിയിരുന്നു.  ഞാനതിനെ കാണാന്‍പോലും ഇഷ്ടപ്പെട്ടില്ല.  ഇതിനിടയ്ക്ക് കഷണ്ടിക്കാരന്‍റെ കഴുത്തില്‍ നിന്നുള്ള പുക നിലയ്ക്കുകയും അവിടെ കമ്പ്യൂറിലെന്നപോലെ ഒരു പ്രത്യേക ശബ്ദം ഉണ്ടാവുകയും ചെയ്തു.  ഉടന്‍ തന്നെ ധൃതിയില്‍ ഡോക്ടര്‍ മുമ്പിലത്തെ സീറ്റിലിരുന്ന ഒരാളുടെ തല, തലമുടിയില്‍ പിടിച്ച് പൊക്കിയെടുത്തു.  അയാള്‍ക്ക് ശരീരമില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ചില സീറ്റുകളില്‍ തലമാത്രം ഉയരെ ഇരിക്കുന്നതായും ചിലതില്‍ കബണ്ഡങ്ങള്‍ മാത്രമിരിക്കുന്നതും എനിക്കു കാണാമായിരുന്നു.  ആ തല കഷണ്ടിക്കാരന്‍റെ കബണ്ഡത്തില്‍ ചേര്‍ത്ത് വച്ച് അയാള്‍ എന്തൊക്കെയോ ചെയ്യാന്‍ തുടങ്ങി.  അല്‍പം കഴിഞ്ഞപ്പോള്‍ ആ കഷണ്ടിക്കാരന്‍റെ കബണ്ഡത്തില്‍ വച്ച തല ചലിക്കാനും സാധാരണ പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി.  അപ്പോള്‍ ഞാന്‍ കഷണ്ടിക്കാരന്‍റെ തലയിരുന്നിരുന്ന ഡ്രൈവറുടെ സീറ്റിലേയ്ക്ക് നോക്കി.  അവിടെ വെളുപ്പിനുപകരം കറുകറുത്ത ഒരു തലയോട്ടി മാത്രമാണുണ്ടായിരുന്നത്  എനിക്ക് എന്‍റെ യാത്ര മതിയാക്കണമെന്ന് തോന്നി.  ഞാനുറക്കെ 'എനിക്കിവിടിറങ്ങണം' എന്നു വിളിച്ചു പറഞ്ഞു.  എല്ലാവരും തിരിഞ്ഞുനോക്കി; വീണ്ടും അവരുടെ ജോലികളില്‍ അവര്‍ മുഴുകി.  ഞാന്‍ മുകളില്‍ നോക്കി ബെല്ലടിക്കാനുള്ള ചരടില്ല.  ബെല്ല് കേട്ടാണ് ആദ്യം ബസ് നിന്നതെന്നെനിക്കറിയാം.  മുന്‍വശത്ത് ബെല്ലും കാണാനുണ്ടായിരുന്നില്ല.  പിന്നെങ്ങിനെയാണ് നേരത്തെ ശബ്ദം കേട്ടത് എന്ന് ഞാന്‍ ആലോചിച്ചുനില്‍ക്കെ ചുറ്റും നിന്നും പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേള്‍ക്കായി വന്നു.  എല്ലാവരും എന്നെനോക്കിയാണ് ചിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി.  രക്ഷപ്പെടണം എന്ന ചിന്ത എന്നില്‍ രൂഢമായി. ബസ് നിറുത്തുന്ന ലക്ഷണമില്ല.  ഞാന്‍ പതിയെ എഴുന്നേറ്റു.  എനിക്കിപ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നി.  ഞാന്‍ വേച്ച് വേച്ച് വാതിലിനടുക്കലെത്തി പുറത്തേയ്ക്ക് ചാടാനൊരുങ്ങിയതാണ്.  പെട്ടെന്ന് കണ്ണടക്കാരന്‍ എന്‍റെ കൈയ്ക്കു കടന്നുപിടിച്ച് പുറത്തേയ്ക്കിറങ്ങുന്നതില്‍ നിന്നും എന്നെ തടഞ്ഞു.  ഈ സമയം തൊപ്പിക്കാരന്‍ എന്നെ പഴയ സ്ഥാനത്തു കൊണ്ടിരുത്തി കൈകളേയും കാലുകളേയും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു.  ഞാന്‍ ആകെയൊന്നു നോക്കി.  ബസിനുള്ളില്‍ കുറെയേറെ തലകള്‍ സീറ്റിനുമുകളിലായി ഉയര്‍ന്നു കാണാമായിരുന്നു.  ഏതിനൊക്കെ ശരീരമില്ല, ഏതിനൊക്കെ ശരീരമുണ്ട് എന്നെനിക്കറിയാന്‍ കഴിഞ്ഞില്ല.  ഒരു സ്ഥലത്ത് കഷണ്ടിക്കാരന്‍റെ കബന്ധം പുതിയ തലയും വച്ച് കണ്ണടക്കാരന്‍റെ ആജ്ഞയനുസരിച്ച് നൃത്തം ചെയ്യാന്‍ തുടങ്ങി.  മറ്റൊരു വശത്ത് തൊപ്പിക്കാരന്‍ തന്‍റെ ചൂരലുകൊണ്ട് ഒന്നു രണ്ട് തലകളില്‍ പാകമായോ എന്നു നോക്കുന്നതുപോലെ കുത്തി നോക്കുന്നു. ഇനിയും മറ്റൊരിടത്ത് മുകളില്‍ തൂക്കിയിട്ട തോലില്‍ തേച്ച് ഡോക്ടര്‍ തന്‍റെ വാളിന് മൂര്‍ച്ച കൂട്ടുന്നു.  ആ വാളിന്‍റെ അടുത്ത ഇര ഞാനാണെന്നെനിക്കറിയാം.  അങ്ങിനെയെങ്കിലും ഈ യാത്ര അവസാനിച്ചുകിട്ടുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു; ഇനിയൊരിക്കലും മറ്റൊരു യാത്രയ്ക്ക് പുറപ്പെടാതിരിക്കാനും.  ബസിനുള്ളില്‍ ഞാന്‍ മറ്റൊരു 'സ്ത്രീ'യ്ക്കു വേണ്ടി പരതി.  അതിനുള്ളില്‍ ധാരാളം സ്ത്രീകളുണ്ടായിരുന്നുവെങ്കിലും ആ 'സ്ത്രീ'യെപ്പോലുള്ള ആരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.  ആവശ്യം വേണ്ട മൂര്‍ച്ച വരുത്തിയ ശേഷം ഡോക്ടര്‍ എന്‍റെയടുക്കലേയ്ക്ക് തിളങ്ങുന്ന വാളുമായി വരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു കൂടെ കുറെ ഇലക്കഷണങ്ങളുമായി കണ്ണടക്കാരനും.  തൊപ്പിക്കാരന്‍റെ ശ്രദ്ധയും എന്‍റെ നേര്‍ക്കായിരുന്നു.  ഞാന്‍ തലകുനിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ - സമകാലികം


മുന്‍പ് ഞാനെഴുതിയത് ശരിയായി വരുന്നു. അത് വായിക്കുന്നതിന് അടുത്ത വരി ക്ലിക്ക് ചെയ്യുക.

ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം

 [യഥാര്‍ത്ഥത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്.  കേരളക്കാരെ ആക്രമിക്കുന്ന തമിഴരെ തിരികെ ആക്രമിക്കരുത്.  അതു കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ലെന്നുമാത്രമല്ല ഇപ്പോഴത്തെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ. എന്നാല്‍ കുറച്ചുദിവസത്തേക്ക് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും പൂവും വേണ്ടെന്നു വയ്ക്കുക. ഒന്നുമില്ലെങ്കില്‍ നമുക്ക് ഇവ വാങ്ങുവാന്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തമിഴര്‍ ഉണ്ടാക്കുന്ന പച്ചക്കറി, പഴം, പാല്‍, മുട്ട,കോഴി, പൂവ് തുടങ്ങിയവ കൈയില്‍ വച്ച് അവരെന്തുചെയ്യും ?പുഴുങ്ങിത്തിന്നട്ടെ.  വൈക്കോയെപ്പോലുള്ള വിവരദോഷികളെ കേരളത്തിന്‍െറ മേല്‍ ചവിട്ടി നിന്ന് വളരാന്‍ അനുവദിക്കരുത്.  അത് ഇന്ത്യയുടെ ഫെഡറലിസത്തിനെ ബാധിക്കുന്ന കാന്‍സറാണ്.  അത് മുളയിലേ വെട്ടിക്കളയുകതന്നെ വേണം. ]
തമിഴ്നാട്ടുകാരുടെ പച്ചക്കറിയില്ലെങ്കിലും കേരളത്തില്‍ പച്ചക്കറിക്ക് ഒരു ക്ഷാമവും വരില്ലെന്ന് പ്രമുഖ പച്ചക്കറി  വ്യാപാരികള്‍ പറയുന്നു  തമിഴ്നാട്ടില്‍ നിന്ന് ലോറി വന്നില്ലെങ്കില്‍ നഷ്ടം അവര്‍ക്കാണ്.  കാരണം കോടികളുടെ പച്ചക്കറിയാണ് ദിവസവും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്നത്. അവര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍മൈസൂറില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ചിക്കമംഗ്ളൂരില്‍ നിന്നും ലോറിക്കണക്കിന് പച്ചക്കറി എത്തുന്നുണ്ട്.  തമിഴ്നാട് തടഞ്ഞാല്‍ സ്തംഭിക്കുന്നതല്ല കേരളത്തിലെ പച്ചക്കറി വ്യാപാരം.  പൂര്‍ണ്ണമായും തമിഴ്നാടിനെ ആശ്രയിക്കുന്നകേരളീയര്‍ക്ക്ഇനി പച്ചക്കറി കിട്ടാതാകുമോ എന്ന സാധാരണക്കാരുടെ ആശങ്കയ്ക്ക് കുളില്‍കാറ്റുപോലെയാണ് പച്ചക്കറി വ്യാപാരികള്‍ പ്രതികരിക്കുന്നത്.  ട്രാന്‍സ്പോര്‍ട്ടിംഗിലുള്ള ചെറിയ നേട്ടം നോക്കിയാണ് തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറി കൊണ്ടുവരാന്‍ മുന്‍ഗണന നല്‍കുന്നത്.  പച്ചക്കറിയും പൂക്കളും ചീഞ്ഞുപോകുന്നവയാണ്.  കേരള വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് വിളവെടുക്കുന്ന തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് അതെല്ലാം അവിടെത്തന്നെ വെട്ടിമൂടേണ്ടിവരും (23-12-2011-ലെ വാര്‍ത്ത)

തമിഴ്നാട്ടിലെ പച്ചക്കറി എത്തി:  അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് വിടാതെ കേരളീയരെ പാഠം പഠിപ്പിക്കാന്‍ തമിഴ്നാട്ടുകാര്‍ പരീക്ഷിച്ച അപ്രഖ്യാപിത ഉപരോധം പൊളിഞ്ഞു.  കേരളത്തിലെ വിപണി നഷ്ടമായാല്‍ തമിഴ്നാട്ടിലെ പച്ചക്കറി നശിക്കുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന തിരിച്ചറിവാണ് കാലവിളംബമില്ലാതെ പച്ചക്കറിയുമായി തമിഴ് നാട്ടില്‍ നിന്ന് വീണ്ടും ലോറികള്‍ എത്താന്‍ കാരണം (24-12-2011-ലെ വാര്‍ത്ത)

ഇതില്‍ എനിക്കുള്ള തിരുത്ത് : ''അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് വിടാതെ കേരളീയരെ പാഠം പഠിപ്പിക്കാന്‍ തമിഴ്നാട്ടുകാര്‍ പരീക്ഷിച്ച അപ്രഖ്യാപിത ഉപരോധം പൊളിഞ്ഞു. '' - എന്നതിലെ തമിഴ് നാട്ടുകാര്‍ പരീക്ഷിച്ച എന്നതിനു പകരം ചില ''ഛിദ്രശക്തികളായ  തമിഴ് രാഷ്ട്രീയക്കാര്‍'' എന്ന് മാറ്റിപ്പറയുന്നതാണ് ശരി. അല്ലാതെ തമിഴരും മലയാളികളും തമ്മില്‍ ശത്രുതയൊന്നുമില്ല. 


പല പ്രശ്നങ്ങളുടെയും പേരില്‍ ചെളിക്കഴിയില്‍ വീണ മന്ത്രി പി.ജെ.ജോസഫ് ചെളി കഴുകാന്‍ ലഭിച്ച അവസരമായി മുല്ലപ്പെരിയാര്‍ പ്രശ്നത്തെ മാറ്റിയതിന്‍െറ ദോഷം തമിഴ്നാട്ടിലെ സാധാരണ മലയാളികള്‍ അനുഭവിക്കുകയാണ്.  സമാധാനപരമായി തീര്‍ക്കേണ്ടപ്രശ്നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള യൂദ്ധമാക്കി മാറ്റിയതിന് മറുപടി പറയേണ്ടത് അതിനു പിന്നില്‍ രാഷ്ട്രീയം കളിച്ചവരാണ്.  (-വെള്ളാപ്പള്ളി - 23-12-2011-ലെ വാര്‍ത്ത)


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് ഗവണ്‍മെന്‍റ് കൈക്കൊള്ളുന്ന സമരമാര്‍ഗ്ഗങ്ങള്‍ അടക്കമുള്ള ഏതൊരു നടപടിക്കും തങ്ങള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.  തമിഴര്‍ക്ക് അനുവദിച്ചിട്ടുള്ള റേഷന്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് കാര്‍ഡ് തുടങ്ങിയ എല്ലാവിധ അവകാശങ്ങളും മലയാളികളായ തങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട് എന്നിരിക്കെ, മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കാന്‍വേണ്ടി സര്‍ക്കാരും തമിഴ് ജനതയും കൈക്കൊള്ളുന്ന എല്ലാ നടപടികളോടും സഹകരിക്കുമെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു. ( 23-12-2011-ലെ വാര്‍ത്ത)


ഇതില്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചുവോ ''മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ലഭ്യമാക്കാന്‍ വേണ്ടി'' - ഇതൊരു പുതിയ ആവശ്യമാണ്.  യഥാര്‍ത്ഥത്തില്‍ തമിഴ് നാട് സര്‍ക്കാരിന്‍െറ ആവശ്യം എന്താണ്?


തമിഴ് നാട്ടിലേക്കുള്ള കേരള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കുനേരെ കല്ലേറ്.  ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച്  ജീവനക്കാര്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് മൊഴിയെടുപ്പും തെളിവ് ശേഖരണവും നടത്തി ബസുകള്‍ കേരളത്തിലേക്ക് മടക്കി അയച്ചു.  കൂടുതല്‍ സമയം അവിടെ ചെലവഴിച്ചാല്‍ ബസുകള്‍ കത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ രണ്ടു ബസ്സുകളും ആര്യങ്കാവ് അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലില്‍ എത്തിച്ചു. 


ഇതാണോ ഫെഡറലിസം?



Monday, December 19, 2011

ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരം പൊട്ടിച്ച വെടിയാണിത്
ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം
It is not a fear that came midway,  but a fear born out of a byelection.
അങ്ങിനെ ഇടക്കാലതെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള കേരള നേതാക്കളുടെ സംഭാവനയാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അല്ലാതെ അത് യഥാര്‍ത്ഥത്തില്‍ ഡാമിന്‍െറ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടല്ലെന്നും ചിദംബരം വാദിച്ചു.  ഇതുകേട്ട് ഞെട്ടിപ്പോയ (?) കോണ്‍ഗ്രസ്സ് നേതൃത്വം 'ചതിക്കല്ലേ അണ്ണാച്ചി' എന്ന് കാലില്‍ വീണതിനെത്തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം മാത്രം പിന്‍വലിച്ചു.  പക്ഷെ, കോടതിവിധി തമിഴ്നാട്ടിന് അനുകൂലമാകുമെന്ന് പറഞ്ഞത്പിന്‍വലിച്ചില്ലെന്നു മാത്രമല്ല, കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നും പറഞ്ഞുവച്ചു.
എന്നാല്‍ വയലാര്‍ രവി പറഞ്ഞത് ചിദംബരത്തിന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരവും രാഷ്ട്രീയ പക്വതയില്ലായ്മയുമാണെന്നാണ്.
എന്നാല്‍ വൈക്കോ പറയുന്നതോ.........
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വരച്ചവരയില്‍ നിറുത്താന്‍ തമിഴ്നാട്  സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ്.  കേരളക്കാര്‍ തമിഴന്മാരെ ആക്രമിക്കുന്നുവെന്നാണ് ടിയാന്‍െറ വാദം. (സത്യമെവിടെ നില്ക്കുന്നുവെന്നെല്ലാവര്‍ക്കുമറിയാം). നെയ്‌വേലിയില്‍നിന്നുള്ള വൈദ്യുതി കേരളത്തിനു നിഷേധിക്കുമോ എന്ന ചോദ്യത്തിന് 'അതു കേരളത്തിന്‍റെ കൈയിലിരിപ്പുപോലിരിക്കും' എന്നാണ് വൈക്കോയുടെ മറുപടി.  കേരളം എത്രയും പെട്ടെന്ന് പെട്ടിപൂട്ടികെട്ടി ഇരുന്നാല്‍ ഒന്നും ചെയ്യില്ല, ഇല്ലെങ്കില്‍..... ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍

യഥാര്‍ത്ഥത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്.  കേരളക്കാരെ ആക്രമിക്കുന്ന തമിഴരെ തിരികെ ആക്രമിക്കരുത്.  അതു കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ലെന്നുമാത്രമല്ല ഇപ്പോഴത്തെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ. എന്നാല്‍ കുറച്ചുദിവസത്തേക്ക് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും പൂവും വേണ്ടെന്നു വയ്ക്കുക. ഒന്നുമില്ലെങ്കില്‍ നമുക്ക് ഇവ വാങ്ങുവാന്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തമിഴര്‍ ഉണ്ടാക്കുന്ന പച്ചക്കറി, പഴം, പാല്‍, മുട്ട,കോഴി, പൂവ് തുടങ്ങിയവ കൈയില്‍ വച്ച് അവരെന്തുചെയ്യും ?പുഴുങ്ങിത്തിന്നട്ടെ.  വൈക്കോയെപ്പോലുള്ള വിവരദോഷികളെ കേരളത്തിന്‍െറ മേല്‍ ചവിട്ടി നിന്ന് വളരാന്‍ അനുവദിക്കരുത്.  അത് ഇന്ത്യയുടെ ഫെഡറലിസത്തിനെ ബാധിക്കുന്ന കാന്‍സറാണ്.  അത് മുളയിലേ വെട്ടിക്കളയുകതന്നെ വേണം. 

Friday, December 2, 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കേരളത്തെ വഞ്ചിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ AG കേരളത്തെ വഞ്ചിച്ചു. ഡാം തകരുകയാണെങ്കില്‍ അതിലെ വെള്ളം മുഴുവനും ഇടുക്കി അണക്കെട്ട് ഉള്‍ക്കൊള്ളുമെന്നാണ് AG ഹൈക്കോടതിയെ അറിയിച്ചത്.  എന്നാല്‍ എന്താണ് വസ്തുത.  ഡാം തകരുകയാണെങ്കിലല്ല, ഡാമിലെ വെള്ളം തുറന്നുവിട്ടാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ഇടുക്കിയ ഡാമിനുകഴിയുമെന്നാണ് പറഞ്ഞതെന്നാണിപ്പോള്‍ ടിയാന്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിച്ചുവെന്നും AG അഭിപ്രായപ്പെട്ടു.  
AG യുടെ നിലപാട്കേരള ഗവണ്‍മെന്‍റിന്‍റെ നിലപാടല്ല എന്ന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. കോടതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണം. ഭൂചലനവും അതിവൃഷ്ടിയും തടയാന്‍ കോടതിക്കാവില്ല. 
 അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ ഹൈക്കോടതിയിലെ പ്രസ്താവന പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.ജിയുടെ നിലപാടിന്റെ കാര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നാളെ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Thursday, December 1, 2011

ഒടുവിലതു സംഭവിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലളിതാമ്മ കണ്ണുരുട്ടി, മോഹനര് തലപ്പാവഴിച്ച് തലകുമ്പിട്ടു. മേലാല്‍ ഒരു കേരളീയനും വാ തുറന്നുപോകരുതെന്ന് ഉത്തരവും നല്‍കി.
കേരളീയന്മാരു മുഴുവനും ശുദ്ധകള്ളന്മാരും തെമ്മാടികളും ഒന്നിനുംകൊള്ളരുതാത്തവരുമാണ്.  എന്തിനു പറയുന്നു ഇവിടത്തെ മറ്റേ യന്ത്രങ്ങളുവരെ പറ്റിപ്പാണ്. അല്ലേ പിന്നെ നാലേ നാല് ചെറീീീീീീീീയ ചെറീീീീീയ കുലുക്കങ്ങളുണ്ടായപ്പോള്‍ അത് 22 എണ്ണമായി എന്തിരങ്ങള് വരച്ചുവച്ചാ പിന്നെ എന്തോ പറയും.  അല്ല ലളിതാമ്മക്കറിയാന്‍പാടില്ലാത്തോണ്ട് ചോദിക്ക്യാ.  അതുകൊണ്ടാ പറഞ്ഞത് എവന്മാരും മുയുവനും കള്ളമാരും കൊള്ളക്കാരുമാണെന്ന്.
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പരത്തുന്നുവെന്ന്ന്നാണ് ലളിതാമ്മേടെ ആപ്രായം. അതുകൊണ്ട് സുപ്രീം കോടതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാടിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണത്രെ. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നടത്തുന്ന പ്രചാരണം നല്ല ഉദ്ദേശത്തോടെയല്ല. അണക്കെട്ടിനടുത്ത് നാല് ഭൂചലനങ്ങള്‍ മാത്രമാണ് അടുത്തിടെ ഉണ്ടായത്. ഡാമിന് വളരെ അകലെ ഉണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കില്ല. പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് കേരളത്തിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിലക്കണമെന്നും ജയാമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. 


പുതിയ ഡാമിനായി കേരളമുഖ്യന്‍ പറയുന്നതൊന്നുംശരിയല്ലെന്നും കേരളാമന്ത്രിമാര്‍ വായിനോക്കികളാണെന്നും തമിഴന്‍ സര്‍ട്ടീക്കറ്റ് തന്നിട്ടൊണ്ട്.
എന്നാ നുമ്മടെ പാവം ചാണ്ടിച്ചായനാണെങ്കീ പറേണത് കേട്ടാ കഷ്ടംതോന്നും. ഓ തന്നെ. അങ്ങോര് പറേണ് നമ്മള് പറഞ്ഞതൊക്കെ ലവന്മാരിക്ക് മനസ്സിലായെന്ന് കേട്ടാ
കേരളത്തിന്‍റെ നിലപാട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിടയില്‍  മാറ്റമുണ്ടാക്കിയെന്നാണ് ചാണ്ടിച്ചായന്‍ പറേണത്.  ഇനീപ്പം 120 അല്ല 100 അടിയായിട്ടുവേണേലും താഴഴ്ത്താമെന്നായിട്ടുണ്ടുപോലും

ഇതുകൊണ്ട് ഒരുപയോഗമുണ്ടായി;
ലളിതാമ്മേക്ക് കുറച്ചുകത്തെഴുതാന്‍ ചിലരിക്കൊക്കെ കഴിഞ്ഞു. കാരിയവും കാരണവുമില്ലാതെ കത്തെഴുതിയാല്‍ കുടുംബകലഹത്തിനു വേറെന്തുവേണം.


ഒടുവില്‍ പി.ജെ.ജോസഫും കൈയൊഴിഞ്ഞു.  ലളിതാമ്മേടെ കോലം കത്തിച്ചത് തെറ്റായിപ്പോയെന്നും അതുകൊണ്ട് സമസ്താപരാധവും പൊറുക്കണമെന്നും അദ്ദ്യയവും അപേക്ഷിച്ചിട്ടുണ്ട്.

എല്ലാവരും കൈവിട്ട സ്ഥിതിക്ക് ഇനി എന്താ വേണ്ടതെന്ന് കേരള ജനങ്ങള്‍ സ്വയമങ്ങു തീരുമാനിക്കട്ടെ. പിന്നല്ലാതെ.  

Friday, November 25, 2011

മുല്ലപ്പെരിയാര്‍ - എന്താവും

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഭവിച്ചേക്കാവുന്ന ആകുലത പങ്കുവയ്ക്കുന്ന സിബി മൂന്നാറിന്‍റെ ലേഖനം ഇവിടെ വായിക്കുക

Thursday, November 24, 2011

ഡാംസ് @ ഇടുക്കി

നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഡാമുള്ളത് ഇടുക്കി ജില്ലയിലാണ്. ഏകദേശം 12ഓളം വരും ഇവിടുത്തെ ജലസംഭരണികളുടെ എണ്ണം. 12 ഡാമുകളും അവയിൽ നിറയുന്ന വെള്ളവും അത്യപൂർവമായ ഈ കാഴ്ച്ചകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം... ഒരു വെർച്ചൽ ടൂർ…….

ഇടുക്കിയിലെ ഡാമുകളെപ്പറ്റി റിജോ ജോസിന്റെ ലേഖനം. വായിക്കാൻ ഇതുവഴി പോകാം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മെല്ലെപ്പോക്ക് നയം കൈവെടിയണം


Monday, November 7, 2011

ബക്രീദ് ആശംസകള്‍

ഏവര്‍ക്കും സ്നേഹം നിറഞ്ഞ ബക്രീദാശംസകള്‍

Saturday, October 15, 2011

പാക്കരന്‍െറ ഭൂമിശാസ്ത്രം

ചെറുകഥ
പ്രഭാതത്തിന്‍െറ സ്നിഗ്ദ്ധത നറുമഞ്ഞുകണങ്ങളായി പുല്‍ത്തുമ്പുകളില്‍ തിളങ്ങിനിന്നിരുന്നവയെ വാശിയോടെ ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് പാക്കരന്‍ നടക്കുകയായിരുന്നു.  നടക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ മാത്രംപോരാ.  അയാള്‍ സ്വപ്നം കണ്ടുകൊണ്ടായിരുന്നു നടന്നിരുന്നത്.  അയാളുടെ കാലുകള്‍ ചെയ്യുന്ന പ്രവൃത്തി അയാളുടെ മനസ്സറിയുന്നേയില്ല.  അയാളുടെ സ്വപ്നങ്ങള്‍, അയാളുടെ ചിന്തകളായിരുന്നു.  ചിന്തകളെന്നുപറയുമ്പോള്‍ വെറും ചിന്തയല്ല; ആപത്കരമായ ചിന്തകള്‍.  ആപത്കരമെന്നുപറഞ്ഞാലോ തികച്ചും ആപത്കരംതന്നെ.
പെട്ടെന്നയാള്‍ വേഗതകുറച്ചു.  വളരെ ശ്രദ്ധയോടെ കാലടികള്‍ വച്ചു. ഇപ്പോളയാള്‍ സ്വപ്നത്തിലല്ല.  എന്നാല്‍ അയാള്‍ വയ്ക്കുന്ന ഓരോ കാലടികളും അവധാനതയോടുകൂടിയതാണെന്ന് കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.  പാക്കരനെ അറിയുന്ന ഒരാളാണെങ്കില്‍ പറയും: "ഭൂമിയുടെ അറ്റത്തെത്തിയ ഭീതിയാണ് പാക്കരന്; എപ്പോള്‍വേണമെങ്കിലും കാലുതെറ്റിവീഴാം. വയ്ക്കുന്ന ഓരോ കാലും ഒരു വേള ശൂന്യതയിലേക്കായിരിക്കാം."  സത്യത്തില്‍ ഇത്തരത്തിലുള്ളവയാണ് പാക്കരന്‍െറ "ആപത്കരമായ" ചിന്തകളും. ക്രമേണ പാക്കരന്‍ നടത്തം പൂര്‍ണ്ണമായും നിറുത്തി.  അടുത്തുകണ്ട ഒരു കരിങ്കല്ലില്‍ ഇരുന്നു.  എന്നിട്ട് മുണ്ടിന്‍െറ കോന്തലകൊണ്ട് കാലുകള്‍ തുടച്ചുവൃത്തിയാക്കി. അവസാന മഞ്ഞുതുള്ളിയും കാലില്‍നിന്നും പോകുന്നതുവരെ അമര്‍ത്തി അമര്‍ത്തി തുടച്ചു.  ഇതുകണ്ടുകൊണ്ടാണ് നാരായണന്‍മാസ്റ്റര്‍ വരുന്നത്.  പാക്കരന്‍െറ സ്വഭാവം നന്നായറിയാമെങ്കിലും അയാള്‍ അപ്പോള്‍ ചെയ്യുന്ന പ്രവൃത്തിയുടെ കാരണം മനസ്സിലായില്ല.
"എടാ പാക്കരാ, എന്തിനാടാ നീ അതിരാവിലേ കല്ലേക്കേറിയിരുന്ന് കാല് തിരുമ്മണത്?"
"അയ്യോ മാശേ, കാലിലത്തറയും പുല്ലീന്ന് വെള്ളായി.  ഈ വെള്ളം ചെലപ്പോ പൊള്ളണതരത്തിലൊള്ള സാധനാണെങ്കിലോ. ഒന്നും വിശ്ശോസിക്കാനെക്കൊണ്ട് പറ്റത്തില്ലല്ലോ."
"എടാ പാക്കരാ, നെന്‍റെ കാര്യം പോക്കാടാ.  നീ വല്ല ഊളമ്പാറേലുംപോയി കെടക്കേണ്ടിവരുമെന്നാ തോന്നണത്."
"ഇതു ഞാങ്കൊറെ കേട്ടതാ മാശേ. അല്ലായിപ്പോ, മാശെങ്ങോട്ടാ?"
"ഞാനേ, എന്‍റെ മോളെ വീടുവരെ ഒന്നു പോവയാ"
"എന്നാ ചെല്ല് മാശേ.  സൂശിച്ച് പോണേ മാശേ. ഇപ്പം ബെസും കാറുമൊക്കെ എന്നും അപകടത്തിപ്പെടുന്ന വര്‍ത്താനേ ഒള്ളൂ.  അങ്ങ്ചെന്നെത്തീട്ട് എത്തീന്ന് പറഞ്ഞാമതി."
"എടാ കുരുത്തം കെട്ടോനേ.  നെന്‍റെ വായീന്ന് എപ്പഴാടാ ഒരു നല്ല വര്‍ത്താനം കേക്കണത്?  ഞാന്‍ പോണ്. ഇനി നിന്നാ ശരിയാവൂല."
ഇതാണ് പാക്കരന്‍െറ സ്വഭാവം. പാക്കരന്‍െറ വേഷത്തെക്കുറിച്ചും പറയാനുണ്ട്.  പാക്കരന്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ധരിക്കൂ.  ഷര്‍ട്ടില്‍ യഥാര്‍ത്ഥ ബട്ടണ്‍സുണ്ടാവില്ല. പ്രസ് ബട്ടനാണുപയോഗിക്കുന്നത്.  തയ്യല്‍ക്കാരന്‍ ചാക്കോച്ചന് പാക്കരന്‍െറ മനസ്സറിയാം. അതുകൊണ്ട് പ്രസ് ബട്ടണ്‍ വച്ച് ഷര്‍ട്ട് തയ്ച്ചുകൊടുക്കും.  എന്തെങ്കിലും ജീവികള്‍ ഷര്‍ട്ടിനുള്ളില്‍ കടന്നുകയറിയാല്‍ വളരെവേഗം ഷര്‍ട്ടൂരിയെടുത്ത് അവയില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു പാക്കരന്‍െറ ചിന്ത. പാക്കരന് പാന്‍റ്സിനോട് വൈമുഖ്യം ഉണ്ടാകാനും കാരണം ഇതുതന്നെയാണ്.  അതേപ്പറ്റി പാക്കരനോട് ചോദിച്ചാല്‍:-
"വല്ല ചാക്കാണിയോ മറ്റോ കേറി ലതിന്‍െറ കാലിലെങ്ങാനുമിരുന്നാല മതീല്ലോ."
പാക്കരന്‍െറ കുടുംബത്തെപ്പറ്റിയാണെങ്കില്‍,ഇത്തരമൊരു ജന്മം എങ്ങിനെ അതിനിടയില്‍ വന്നുപ്പെട്ടു എന്നു സംശയിക്കും.  പാക്കരന് മൂത്തത് മൂന്ന് ചേട്ടന്മാര്‍ - ഒരാള്‍ പട്ടാളത്തില്‍, രണ്ടുപേര്‍ പോലീസിലും. ഇളയവള്‍ ഒന്ന് - അവളും പോലീസില്‍.  അങ്ങിനെ ധീരത അവകാശപ്പെടാവുന്ന സ്ഥാനങ്ങളില്‍ ജീവിക്കുന്ന സഹോദരങ്ങള്‍.  അച്ഛന്‍ വിമുക്തഭടന്‍ , അമ്മ ഇല്ല.  സഹോദരരെല്ലാവരുടെയും വിവാഹം കഴിഞ്ഞു.   ഇപ്പോള്‍ പാക്കരന്‍ മൂത്തചേട്ടനോടും അച്ഛനോടുകൂടി കുടുംബവീട്ടില്‍ (എന്നു പറയാന്‍ പറ്റില്ല, ഭാഗം വച്ചപ്പോള്‍ പാക്കരന്‍െറതാണ് ഈ വീട്) താമസിക്കുകയാണ്.  വീട് എന്നുപറഞ്ഞാല്‍ വിശാലമായ ഒന്നുതന്നെയാണ്.  വെളിച്ചം വളരെകുറച്ചുമാത്രം കടക്കുന്ന ആ വീടിന്‍െറ പല ഭാഗങ്ങളും പാക്കരന് അപരിചിതമാണ്. പാക്കരന്‍െറ കിടക്ക വളരെ രസകരമാണ്.  കയറുകൊണ്ട് വരിഞ്ഞ കട്ടിലാണ്.  അതിന്‍െറ 
കാലുകള്‍ വെള്ളം നിറച്ചപാത്രങ്ങളിലാണ് ഇറക്കിവച്ചിരിക്കുന്നത്.  ഉറുമ്പോ മറ്റുപ്രാണികളോ കടക്കാതിരിക്കാനാണ് ഈ വിദ്യ.  കൊതുകുവല കട്ടിലില്‍ത്തന്നെ ഉറപ്പിച്ചിട്ടുള്ള ഫ്രെയിമില്‍ മുറുക്കിക്കെട്ടിയിട്ടുണ്ട്.  ഒരു കൊതുകുപോലും അതിനുള്ളില്‍ കടക്കാന്‍ ധൈര്യപ്പെടില്ല.  അഥവാ കടന്നാല്‍.....?
ആ സമയത്താണ് ഞാന്‍ പാക്കരന്‍െറ നാട്ടില്‍, ആ പഞ്ചായത്തിലെ ഒരു ക്ലാര്‍ക്കായി ജോലികിട്ടി എത്തിയത്. അവിടെ എത്തിയപാടെ എന്നെ അലട്ടിയത് പാര്‍പ്പിടപ്രശ്നമാണ്.  ഒരു ചെറിയ ലോഡ്ജുപോലുമില്ലാത്ത ഓണംകേറാമൂല. ഒരു വീടെങ്കിലും വാടകയ്ക്ക് കിട്ടുമോയെന്ന് പ്യൂണ്‍ ശശിയുമായി ആ പഞ്ചായത്ത് അരിച്ചുപെറുക്കിനടന്നു.  ഒരു വീടുപോലും ഒഴിഞ്ഞുകിടപ്പില്ല എന്നത് അത്ഭുതമായിരുന്നു.  അങ്ങിനെ വിഷമിച്ചിരിക്കുമ്പോഴാണ് പാക്കരനെ കണ്ടതും പാക്കരന്‍െറ വീട്ടില്‍ ഒരു മുറി എനിക്കായി സൌകര്യപ്പെടുത്തിത്തന്നതും. എനിക്ക്, അതായത് ഒരു അപരിചിതന് വീട്ടില്‍ സ്ഥാനം നല്‍കിയതിനെ പാക്കരന്‍െറ വീട്ടുകാര്‍ എതിര്‍ത്തു.
"ഇതെന്‍റെ വീടാണ്.  എനിക്കിഷ്ടോള്ളത് ചെയ്യും.  ഇഷ്ടോല്ലാത്തോര്‍ക്ക്പോകാം" എന്നു തറപ്പിച്ചുപറഞ്ഞു പാക്കരന്‍ . പിന്നെ അവരൊന്നും മിണ്ടിയില്ല. മാത്രമല്ല എന്നെപ്പോലൊരു മിണ്ടാപ്പൂച്ചയെ അവര്‍ പിന്നീട് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാക്കരന്‍ സ്നേഹമുള്ളവനായിരുന്നു. എന്താണെന്നറിയില്ല ഞാന്‍ പാക്കരനുമായി വളരെയധികം അടുത്തു.  പലദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും പാക്കരന്‍ എന്നോടൊപ്പം നടക്കാനുണ്ടാകും. ഞങ്ങള്‍ സംസാരിക്കാത്ത വിഷയമില്ല.  ഞാന്‍ മാസത്തിലൊരിക്കല്‍ വീട്ടില്‍പോയി  വരുമായിരുന്നു. അപ്പോഴൊക്ക പാക്കരന് വേണ്ടി എന്തെങ്കിലും കൊണ്ടുവരുകയും ചെയ്തിരുന്നു.  നഗരത്തിലെ സാധാരണ സംഭവങ്ങള്‍ പാക്കരന് അത്ഭുതങ്ങളായിരുന്നു.  പാക്കരന്‍ തന്‍െറ നാടുവിട്ട് പുറത്തേക്കൊന്നും പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ജീവിതത്തിലൊരുതവണപോലും സിനിമകണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു പാക്കരന്‍. സിനിമയെക്കുറിച്ചും മറ്റും ഞാന്‍ ദീര്‍ഘമായി പാക്കരനോട് സംസാരിക്കാറുണ്ട്.  എല്ലാം കേട്ട് മനസ്സിലാക്കാനുള്ള ഒരു മനസ്സുള്ളതുകൊണ്ട് പറഞ്ഞു കൊടുക്കാനും എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അപകടത്തെപ്പറ്റിയുള്ള ചിലപരാമര്‍ശങ്ങളും ചോദ്യങ്ങളും പാക്കരനില്‍നിന്നുണ്ടാവും. അത് അങ്ങിനെയല്ല,പേടിക്കേണ്ട കാര്യമില്ല എന്നു പറഞ്ഞാലും പാക്കരന് അത്രവിശ്വസം വരുകയില്ല.ഒരു ദിവസം എല്ലാം നേരില്‍കണ്ട് മനസ്സിലാക്കാന്‍ പലതവണ ഞാന്‍പാക്കരനെ നഗരത്തിലേയ്ക്ക് ക്ഷണിച്ചു. അങ്ങിനെ ഒടുവില്‍ ഒരു തവണ ഞാന്‍ നഗരത്തിലെ വീട്ടിലേയ്ക്ക് പോയപ്പോള്‍ പാക്കരനെയും കൊണ്ടുപോയി. എന്‍െറ അമ്മയ്ക്കും അനിയനും പാക്കരന്‍ ഒരത്ഭുതജീവിയായി മാറുവാന്‍ അധികനേരംവേണ്ടിവന്നില്ല.  മാത്രമല്ല, പാക്കരനെപ്പറ്റി, പാക്കരന്‍െറ സ്വഭാവത്തെപ്പറ്റി ഞാന്‍ അവരോട് ധാരാളം പറഞ്ഞിട്ടുണ്ടായിരുന്നു. നഗരത്തിലെ ഒരു പ്രസിദ്ധ തിയേറ്ററില്‍കൊണ്ടുപോയി ഞാന്‍ പാക്കരന് സിനിമ കാണിച്ചുകൊടുത്തു. അതിശീഘ്രം പാഞ്ഞുവരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പാക്കരന്‍ എന്‍െറ കൈയില്‍ മുറുകെപിടിക്കുമായിരുന്നു.  രസകരമായി രംഗങ്ങള്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കുകയും.  അത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കി.   അതവരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു.  ഒരു പട്ടിക്കാട്ടിലെ അന്തേവാസിയെപ്പോലെ അവര്‍ പാക്കരനെ തുറിച്ചുനോക്കി.  എന്‍െറ മുഖത്തേയ്ക്കും സംശയത്തോടെയുള്ള അവരുടെ ദൃഷ്ടിവന്നെത്താതിരുന്നില്ല. പാക്കരന്‍
മുഴുവന്‍ സമയവും സിനിമ കണ്ടില്ല. പകരം പ്രൊജക്ടറില്‍നിന്നും വെളിച്ചം വരുന്നതും അത് മാറിമാറിപ്രകാശിക്കുന്നതും  അവന്‍ കൌതുകത്തോടെ നോക്കി.  ഇടയ്ക്ക് സീറ്റില്‍ പുറംതിരിഞ്ഞിരുന്ന് അത് നോക്കിയിരുന്നു.  ഞാനൊന്നും  പറഞ്ഞില്ല. ശബ്ദമുണ്ടാക്കാതിരിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലല്ലോ. ഒടുവില്‍ തിയേറ്ററില്‍നിന്നും പുറത്തിറങ്ങിയിട്ടും പാക്കരന്‍റെ പേടി മാറിയിട്ടുണ്ടായിരുന്നില്ല.
"അല്ല ചേട്ടാ, അതിലൂടെ ഓടണ ലാറീം ബസ്സുമൊക്കെ നമ്മളെ പെറത്തോട്ടെങ്ങാനും വന്നാപ്പിന്നെ ഓടാന്‍പോലും പറ്റൂല്ല.  അതിന്‍റകത്ത് അത്രയ്ക്കിരുട്ടല്ലയോ ഇരുട്ട്. എന്‍റമ്മോ, ഇനി ഞാനില്ലേ....."
സിനിമ കണ്ടിറങ്ങിയപ്പോള്‍ നന്നായി വിശക്കുന്നുണ്ടാ.യിരുന്നു. ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി. വളരെ ശ്രദ്ധയോടെ പാക്കരന്‍ ആഹാരം കഴിക്കുന്നത് കാണാന്‍ വളരെ രസമായിരുന്നു. ഒടുവില്‍, ഒരു കഷണം മുടി, ഒരു ചിരട്ടയുടെ തുണ്ട്, ഒരു ചകിരിനാര്, ഒന്നുരണ്ടു മണല്‍ത്തരികള്‍ എന്നിവ പാക്കരന്‍ ആഹാരത്തില്‍ നിന്നും മാറ്റിവച്ചു.
"ഹോട്ടലിലെ ആഹാരം എങ്ങിനെയുണ്ട്?" ഞാന്‍ പാക്കരനോട്ചോദിച്ചു.
"ഓ, എന്തര് പറയാന്‍ , ഒരു വൃത്തിയുമില്ലാതെയാ ഇവന്മാരു ഓരോന്നുണ്ടക്കണത്. "  പാക്കരന്‍റെ അഭിപ്രായമായിരുന്നു.
അപ്പോള്‍ പാക്കരന്‍ ഹോട്ടലിന്‍റെ പിന്നാമ്പുറം കണ്ടിരുന്നാലത്തെ സ്ഥിതിയോ! "എന്‍റമ്മോ എന്ന് പാക്കരന്‍ അഞ്ചാറുതവണ വിളിച്ചേനെ. ഞങ്ങള്‍ കുറെയേറെ നടന്നു.  നഗരത്തിന്‍െറ മുക്കിലൂടെയും മൂലയിലൂടെയും നടന്നു. നിമിഷം കഴിയുന്തോറും പാക്കരന് നഗരത്തോട് വെറുപ്പ് കൂടിക്കൊണ്ടിരിക്കുന്നതായി എനിക്കുതോന്നി. വൃത്തിഹീനമായ പാതയോരങ്ങള്‍, പൊട്ടിയൊഴുകുന്ന സേഫ്ടി ടാങ്കുകള്‍, ഓടകള്‍, ഹുങ്കാരത്തോടടുക്കുന്ന കൊതുകുകള്‍ എവിടെന്നില്ലാതെ കാര്‍ക്കിച്ചുതുപ്പുന്ന ആളുകള്‍, ചിലപ്പോള്‍ അതു മറ്റുള്ളവരുടെ ദേഹത്തുതന്നെയായിരിക്കാം.  പുകതുപ്പുന്ന വാഹനങ്ങളും അതുപോലെ മനുഷ്യരും വളരെ ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ ഏതെങ്കിലുമൊരുവാഹനം കാലപുരിയിലേക്കുള്ള നമ്മുടെയാത്രയ്ക്കു കളമൊരുക്കത്തക്കവിധത്തിലുള്ള വേഗത, പിന്നെയും നടന്നപ്പോള്‍ ഒരു യാചകന്‍ പാതവക്കില്‍ മരിച്ചുകിടക്കുന്നതും കണ്ടു. ചെറുതായി നാറ്റം വച്ചുതുടങ്ങിയ ആ ശവത്തെ ഈച്ചയും ഉറുമ്പും പൊതിഞ്ഞിട്ടുണ്ടായിരുന്നു.  സഹജീവിയുടെ ആകിടപ്പുപോലും ആരെയും തിരിഞ്ഞുനിര്‍ത്തിപ്പിക്കുന്നില്ല.  ഒരു നിമിഷം അവിടെ നിന്ന് എന്താണ് എന്ന് ചോദിക്കുവാനുള്ള സമയം പോലുമില്ലാത്ത നഗരത്തിലെ മനുഷ്യരോടുള്ള പുച്ഛവും പകയും പാക്കരന്‍ മറച്ചുവച്ചില്ല.  എത്രയും വേഗം സ്വര്‍ഗ്ഗതുല്യമായ തന്‍െറ ഗ്രാമത്തിലെത്താന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ അടുത്തനാള്‍ ഒരു വ്യവസായസ്ഥാപനത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനുള്ള രണ്ടു പാസ്സുകള്‍ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു.  പ്രസിദ്ധനായ ഒരു കേന്ദ്രമന്ത്രിയായിരുന്നു അത് ഉദ്ഘാടനം ചെയ്യാനെത്തുന്നത്. അതുകൊണ്ടുതന്നെ അതില്‍ പങ്കെടുക്കാന്‍ എനിക്ക് അതിയായ മോഹംതോന്നി.  ഒരു പക്ഷേ ടി.വി.യില്‍ എന്‍റെ മുഖവും കാണിച്ചെങ്കിലോ എന്ന അത്യാര്‍ത്തിയും ഇല്ലാതിരുന്നില്ല. എന്‍െറ ഒരു സുഹൃത്ത് ആ സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.  അവന്‍െറ മേല്‍വിലാസത്തിലാണ് ഞങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം ലഭിച്ചത്.  അതിനാല്‍ വളരെ നേരത്തേതന്നെ ഞാനും പാക്കരനും അവിടെ എത്തി.  സുരക്ഷാസന്നാഹങ്ങള്‍ കണ്ട് അന്തംവിട്ടുനില്‍ക്കുകയായിരുന്നു പാക്കരന്‍.  സുരക്ഷയുടെ ഓരോ മേഖലയും ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ എന്‍െറ സുഹൃത്ത് തയ്യാറായിരുന്നു.  ബോംബിനെക്കുറിച്ചും ഭീകരവാദികളെക്കുറിച്ചുമൊക്കെ സുഹൃത്ത് വിശദീകരിച്ചപ്പോള്‍ പാക്കരന് രസംതോന്നി; ഒപ്പം പേടിയും. മന്ത്രിയെത്തുന്നതിനും വളരെ മുമ്പെതന്നെ ഞങ്ങളവിടെ പ്രദക്ഷിണം നടത്തി. ഒടുവിലാണ് മന്ത്രിക്കു നല്‍കാനുള്ള ബൊക്കെ ഇരിക്കുന്ന സ്ഥലം കണ്ടത്.   അന്നേരംവരെയും അത് പരിശോധിച്ചിട്ടില്ലായിരുന്നു.  ആ ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പുളള സ്ഥാനത്തായിരുന്നു അവ വച്ചിരുന്നത്.  അത് അകത്തേക്ക്, സ്റ്റേജിനടുത്തേക്ക് പരിശോധനനടത്തിയെ കൊണ്ടുപോകൂ.
പാക്കരന്‍ ആ ബൊക്കെകള്‍ കൈയിലെടുത്തുപരിശോധിച്ചു.  എന്നിട്ട് അതിലെ പൂവിലേക്ക് മൂക്ക് താഴ്ത്തി നന്നായി മണപ്പിച്ചു.
എന്നിട്ട് പറഞ്ഞു. "ഇതൊരു ബോംബായിരുന്നെങ്കിലോ?"
സത്യത്തില്‍ ശ്വസിച്ചാല്‍ പൊട്ടിത്തെറിക്കത്തക്കരീതിയിലുള്ള ഒരു ബോംബ് ഘടിപ്പിച്ച ബൊക്കെ ആയിരുന്നു അത്.

Monday, October 10, 2011

മാവിലിരിക്കും മഞ്ഞക്കിളിയെ.....

ഒന്നുകേട്ടുനോക്കൂ ഈ പാട്ട് -




അഭിപ്രായം പറയണേ...

Sunday, October 2, 2011

ഉണ്ണിക്കുട്ടന് കല്യാണം

യോദ്ധ എന്ന സിനിമയില്‍ അക്കോസോട്ടോയുടെ ഉണ്ണിക്കുട്ടനായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നേപ്പാളി ബാലനെ മലയാളിയായ അദ്ധ്യാപകന്‍ (സന്തോഷ്കുമാര്‍) 20 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ വിശേഷങ്ങള്‍ കേരളകൌമുദിയുടെ 2.10.2011-ലെ വാരാന്തപ്പതിപ്പില്‍ വായിച്ചപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുതോന്നി.  അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു.
http://keralakaumudi.com/news/print/varandhyam/varandhyam.pdf



സന്തോഷ്കുമാറിന്‍റെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ ഇതു വായിക്കാം
അതിനായി താഴെയുള്ള ലിങ്ക്ഉപയോഗിക്കാം

Thursday, September 29, 2011

ഓര്‍മ്മയിലൊരുവള്‍

ശലഭങ്ങള്‍ മിഴിതുറക്കും രജനിയിലൊരുനാള്‍
മന്ദാനലന്‍ മൃദുമഞ്ചമേറിവന്നൊരിരവില്‍
മന്ദാകിനീ നീയെന്‍കരവലയമതിലൊതുങ്ങി
കൌമുദി പരിരംഭണംചെയ്യും കുമുദത്തെപോല്‍

Wednesday, September 28, 2011

മോഹം

മോഹത്തിന്‍ കിനാവള്ളി
സ്നേഹത്തിനാല്‍മരമൊന്നതില്‍
മനമറിയാതങ്ങുയര്‍ന്നുകയറി
പിന്നെ, പാഴ്മരമെന്നതറിയുമ്പോള-
തിദൂരം പിന്നിട്ടിരുന്നു മടങ്ങാനാവാതവണ്ണം.

Monday, September 26, 2011

ബാഷ്പാഞ്ജലി

തിരുവനന്തപുരം: കഠിനംകുളത്തിന് സമീപം ചാന്നാങ്കരപാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌കൂള്‍ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞ് മൂന്നു കുട്ടികള്‍ മരിച്ചു. കഠിനംകുളം കായലുമായി പുഴ ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. ആറിനും പന്ത്രണ്ടിനുമിടയില്‍ വയസ്സുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

റോഡിന് കുറുകെ ചാടിയ ഒരു നായയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടുമറിയുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നീ കുട്ടികളാണ് മരിച്ചത്. 21 കുട്ടികളെ രക്ഷപ്പെടുത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ചില കുട്ടികളുടെ നില ഗുരുതരമാണ്. 

ദേവിക (10), കൃഷ്ണ (5), അഭിജിത്ത് (9), ആന്‍സി (10), അഖില്‍ (13), സൂര്യഗായത്രി (12), ബ്ലെസന്‍ (10), ശീതല്‍ (12), ഗലീന സ്റ്റെഫന്‍ (12) എന്നീ കുട്ടികളെ എസ്.എ.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോഴും. ഡ്രൈവര്‍ വിപിന്‍ നീന്തി രക്ഷപ്പെട്ടു. 
കഴക്കൂട്ടത്തെ ജ്യോതിനിലയം എന്ന സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. വൈകിട്ട് 3.45-നാണ് അപകടമുണ്ടായത്

വീണ്ടും ദുരന്തം. ഇനി എന്നാണാവോ നമ്മള്‍ പഠിക്കുന്നത്?  സ്കൂള്‍ വാഹനമോടിക്കുന്നവരെങ്കിലും തങ്ങള്‍ കൊണ്ടുപോകുന്നത് സ്വയം രക്ഷപ്പെടാനറിയാത്ത അറിയാപ്പെതങ്ങളാണെന്ന് അറിവുള്ളവരാകണ്ടേ? കുട്ടിയെക്കാള്‍ പട്ടിക്കോ വില?
എല്ലാം ഒരേ കണ്ണില്‍ കണ്ടാല്‍ എങ്ങിനെയാണ് ശരിയാകുന്നത്?  ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ബോധം ഇനി എന്നാണാവോ ഋജുവാകുന്നത്.  മൂന്നു പിഞ്ചുജീവനുകള്‍ ശ്വസം കിട്ടാതെ പിടഞ്ഞത് ആരുടെ മനസ്സിലാണ് മുറിവുകളുണ്ടാക്കാത്തത്? അവരുടെ അച്ഛനമ്മമാരുടെയും ബന്ധുക്കളുടെയും നഷ്ടം എങ്ങിനെ നികത്തും? ദു:ഖം എങ്ങിനെ ശമിക്കും?  അവരെ നാമെന്തു പറഞ്ഞ് ആശ്വസിപ്പിക്കും?


ഇത്തരം വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ പരിശീലനവും സ്കൂള്‍ വാഹനമോടിക്കുന്നതിനുള്ള തുടര്‍വിദ്യാഭ്യാസവും നല്‍കണം. എല്ലാ സ്കൂള്‍ അധികൃതരും അതിനു തുനിയണം.  സ്കൂള്‍ വാഹനത്തില്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് നാമവരെ അയയ്ക്കുന്നത്.  അണുകുടുംബത്തിന്‍റെ മറ്റൊരു ശാപവുമാണത്.  


ജീവന്‍പൊലിഞ്ഞ പിഞ്ചോമനകള്‍ക്ക് എന്‍റെ ഹൃദയത്തില്‍നിന്നുയരും കണ്ണീരിനാല്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കട്ടെ, ഒപ്പം ആശുപത്രികിടക്കയിലുള്ള മറ്റു കുഞ്ഞുങ്ങളുടെ ജീവന് ആപത്തൊന്നും സംഭവിക്കരുതേ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Sunday, September 25, 2011

ഉമ്മന്‍ ചാണ്ടിയെ കൊന്ന്കൊലവിളിക്കുന്നു

റിപ്പോര്‍ട്ടര്‍ ചാനലിലെ വേണു കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. ഇതു കണ്ടുനോക്കൂ

interview with CM


രാഷ്ട്രീയമായി ഞാനൊരു കോണ്‍ഗ്രസ്സുകാരനല്ല, പക്ഷെ ഇതൊരു ഇന്‍റര്‍വ്യൂ ആയിതോന്നുന്നില്ല.
നിങ്ങള്‍ക്കെന്തുതോന്നുന്നു?

Thursday, September 15, 2011

സുനാമി

ഞങ്ങളുടെ വീടിന്‍റെ പരിസരമൊക്കെ ഒന്നുരണ്ടുദിവസമായി കടലിന്‍റെ മണം തങ്ങി നില്‍ക്കുന്നു.  ശരിക്കും 8-9 കിലോമീറ്ററുകള്‍ക്കപ്പുറമാണ് കടലുള്ളത്.  എന്‍റെ ശ്രീമതി കൊല്ലത്താണ് ജോലി ചെയ്യുന്നത്.  അവിടെയും ഇതേ അനുഭവമുണ്ടായെന്നവളും പറഞ്ഞതുകേട്ടപ്പോള്‍ മകന്‍ പറയുകയാണ്.  "അമ്മ ആ മണം മാറും വരെ ജോലിക്കുപോണ്ട, സുനാമി വരുമെന്ന്";  
അപ്പോള്‍ ഞാനോര്‍ത്തത് പഴയസുനാമിയും അനുബന്ധ സംഭവങ്ങളുമാണ്....
അപ്പോള്‍ കടലിനോടടുത്ത് താമസിക്കുന്നവരുടെ അവസ്ഥയോ?
ദൈവമേ നീ കരുണാമയനാണ്.....
ഓഫീസില്‍ സുഹൃത്ത് പറഞ്ഞത്.  ഇതൊരു താല്ക്കാലികപ്രതിഭാസമാണെന്നാണ്. കടലില്‍ കൂടുതല്‍ മഴകിട്ടുമ്പോള്‍ സംഭവിക്കുംപോലും.  പിന്നെ കടലില്‍ ആല്‍ഗയുടെ വളര്‍ച്ച വര്‍ദ്ധിച്ചാലുണ്ടാകുംപോലും.  കടല്‍ മലിനമാകുമ്പോഴും സംഭവിക്കുമെന്നും.
ഒന്നേ പറയാനുള്ളൂ
"അനന്തമജ്ഞാതമവര്‍ണ്ണനീയമീ ലോകഗോളം............"


Tuesday, September 13, 2011

കേരളത്തിന്‍റെ നെല്ലറ

എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഗോരഖ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രയിനില്‍ വരുന്നവഴി തകഴി കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച പങ്കുവയ്ക്കട്ടെ.

ശരിക്കും നെല്ലറ തന്നെ.....

എറണാ"കുളം" സൌത്ത്

ഇന്നെനിക്ക് എറണാകുളം വരെ പോകേണ്ടിവന്നു.  തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.00 മണിക്കുള്ള ജനശതാബ്ദിയിലാണ് പോയത്.  കുറ്റം പറയരുതല്ലോ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതുപോലെ കൃത്യം 9.15-നു തന്നെ എറണാകുളത്തെത്തി.  അവിടെനിന്നും പുറത്തേക്കിറങ്ങി  പോലീസ് എയ്ഡ്പോസ്റ്റില്‍ ഓട്ടോയ്ക്കായി കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകും ക്യൂ..   അതുവേണ്ടെന്നുവച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴുള്ള കാഴ്ച ഒന്നു കണ്ടുനോക്കൂ


എങ്ങിനെയുണ്ടീ കുളം?

Sunday, August 7, 2011

Happy Friendship Day

സുഹൃത്തുക്കളെ,

ഇന്ന് അതായത് ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ച സൌഹൃദദിനമാണ്.

എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍

Happy Friendship Day