You are the visitor of

Saturday, September 8, 2007

ഉപസ്മൃതി

കവിത

നിന്നോര്‍മകള, തെന്നുള്ളില്‍ തൃഷ്ണതല്പമൊരുക്കവേ,
അശ്ശയ്യയെത്തഴുകുമാ മോഹമാമരുവിയില്‍നിന്നോമനച്ചുരുള്‍മുടി ദര്‍ശിക്കുന്നു ഞാന്‍.
എന്നെയാധവളമാമിന്ദുഹാസം പുല്‍കവേ,
നിന്‍മൃദുമന്ദഹാസത്തിന്‍ കുളിരു ഞാനറിയുന്നു.
കായല്‍പരപ്പിലോ നിന്‍കണ്ണുകള്‍ കാണുന്നു,
അന്തിച്ചുവപ്പിലോ നിന്‍ചുണ്ടുകള്‍ കാണുന്നു.
പ്രപഞ്ചവിസ്തൃതി നിന്‍നെറ്റിയിലളക്കവേ
മഴവില്ലിന്നുരുവിലോ നിന്‍ പുരികങ്ങള്‍ കാണുന്നു.
നിന്‍ സീമന്തരേഖയില്‍ ഞാന്‍ തൊടുവിക്കേണ്ടും കുങ്കുമം വളരവേ
നിന്‍കഴുത്തിലോ ഞാനിടേണ്ടുന്ന മാലയും പുളയുന്നു.
വെയിലേറ്റുവാടിയ താമരത്തണ്ടിനോടു നിന്നോമനഗാത്രം മത്സരിച്ചീടവേ
ആമ്പലിനെക്കണ്ട ചന്ദ്രനെപ്പോല്‍, നിന്‍െറയീ ചിത്രമെന്നിലനുഭൂതി വളര്‍ത്തുന്നു.
കുയിലിന്നൊക്കും നിന്‍ കളകൂജനമെന്‍ മനോപുളിനത്തില്‍ പുളകങ്ങള്‍ വിതറവേ,
നിന്നോര്‍മകള, തെന്നുള്ളില്‍ തൃഷ്ണതല്പമൊരുക്കുന്നു.
നിന്നസാന്നിധ്യത്തില്‍ ഞാന്‍ ചക്രവാകമായി മാറവേ,
നിന്‍ സാമീപ്യമോ അന്യാധ്യാനങ്ങളെ ചക്രവാളമേറ്റുന്നു.
നിന്നുപസ്മൃതിയാം ചാട്ടകൊണ്ടെന്നെ മീനകേതനന്‍ മഥിക്കവേ,
നിന്‍ ദര്‍ശനമാമൃതം നല്‍കുവാനെന്തേയിനിയും മടിക്കുന്നു?

1 comment:

  1. കവിതകളൊക്കെ വായിച്ചൂ മനസിലാക്കാന്‍ മാത്രം വിവരമില്ല. എന്നാലും ആശംസകള്‍

    ReplyDelete