You are the visitor of

Sunday, September 2, 2007

വളപ്പൊട്ടുകള്‍ Mnemonic

ആവണിയാതിരനാളില്‍ നീയൊരു
ദാവണി ചുറ്റിനടന്നുവല്ലോ.
അലസമായ് ചീകിയ വാര്‍മുടിത്തുമ്പിലൊ-
രരളിപ്പൂവും ചൂടി നിന്നുവല്ലോ.
പീതാംബരയായ നീയെന്‍ മനസ്സിന്
ശീതവസന്തമായിത്തീര്‍ന്നുവല്ലോ.
പുഷ്പിണീ, നിന്നനുരാഗവസന്തത്തിന്‍
പുഷ്പങ്ങളൊക്കെയും ഞാന്‍ കൊതിച്ചു.
തുമ്പപ്പൂവ്ഞാന്‍ തിരഞ്ഞുനടന്നപ്പോ-
ളിമ്പമെഴും നിന്‍സ്വരവീചി കേട്ടു.
അസ്സ്വരവീചിതന്‍ പൂമഴയേറ്റിട്ടെ,
ന്മനസ്സാകെയും പൂത്തു തുമ്പ.
അത്തുമ്പയൊക്കെയും കൂട്ടി ഞാനന്നൊരു
അത്തക്കളവുമൊരുക്കിയല്ലോ.
പിന്നെ നീ നല്‍കിയ പുഞ്ചിരിപ്പാലെനി-
ക്കന്നൊരു പായസസദ്യയായി.
കണ്ണിണകൊണ്ടു നീ കാറ്റു വിതച്ചപ്പോള്‍
കണ്ണേ, യെന്‍ കരളൊന്നുലഞ്ഞുപോയി
വിണ്ണോട് ചേര്‍ന്നൊരു ശാരദമേഘംപോല്‍
‍പെണ്ണേ, ഞാന്‍ നിന്നോടു ചേര്‍ന്നുവല്ലോ.
പിന്നെ നീയന്നൂയലാടികളിച്ചത-
തിന്നുമെന്നുള്‍ക്കണ്ണില്‍ കാണുന്നു ഞാന്‍.
പിന്നോരോ മോഹങ്ങള്‍ തീര്‍ത്തു ഞാ-
നന്നുമാ പഞ്ചമബാണനെ ഓര്‍ത്തിരുന്നു.
പുഷ്പിണീ, നിന്നനുരാഗവസന്തത്തിന്‍
പുഷ്പങ്ങളൊക്കെയും ഞാന്‍ കൊതിച്ചു.
സുന്ദരസുരഭില പുഷ്പാരാമത്തിങ്കല്‍
‍ബന്ധിതനായോരനിലനെപ്പോല്‍
‍സുന്ദരീ, നിന്നുടെ മഞ്ജുള വിഗ്രഹമെ-
ന്നന്ത:രംഗത്തില്‍ ജ്വലിതമായി.
അമ്പലമുറ്റത്തിരുന്നു നീ ദേവന്
ചെമ്പകപ്പൂമാല കെട്ടുന്നേരം,
ഇമ്പമോടെ നിന്നെയന്നുഞാന്‍ പ്രേമത്തിന്‍
‍ചെമ്പനീര്‍ മാലകളണിയിച്ചല്ലോ.
ആവണിയാതിരനാളില്‍ നീയൊരു
ദാവണിചുറ്റിനടന്നുവല്ലോ.
ആട്ടപ്പിറന്നാളിന്‍ രാവില്‍ നീയൊരു
ആട്ടവിളക്കായ് ജ്വലിച്ചുനില്‍ക്കെ,
കാറ്റിലകപ്പെട്ടോരോട്ടുവിളക്കുപോല്‍
‍കെട്ടുപോയതെന്തു നീ, യകാലേ?
കാറ്റിലകപ്പെട്ട ചെറുതോണിപോലെ ഞാ-
നേറ്റം വലഞ്ഞു തളര്‍ന്നുപോയി.
നിന്നുടെയോമന സുന്ദര ഗാത്രമെ-
ന്മനതാരിലിന്നും വളര്‍ന്നിടുന്നൂ.
നിന്നുടെയോര്‍മകള്‍ പൂക്കുന്ന നേര,മ-
തെന്നുമെനിക്കു വസന്തമല്ലോ.

4 comments:

  1. ആശംസകള്‌
    നല്ല അവതരണം

    ReplyDelete
  2. നന്ദി..
    ഞാന്‍ ബൂലോകത്തെ പുതിയ ഒരാളാണ്.
    എന്തെങ്കിലും പാകപ്പിഴകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചൂണ്ടിക്കാണിക്കുമല്ലോ.
    :) ഇതിന്‍െറ ശരിയായ ബൂലോകാര്‍ത്ഥമെന്ത്?

    ReplyDelete