'ഒരു നിമിഷംകൊണ്‍ട്....എല്ലാം...'
വാക്കുകള്‍ മനസ്സില്‍ മാറ്റൊലി കൊള്ളുന്നു. ഒന്നും കരുതിയതല്ല. എന്നാലിപ്പോള്‍ തോന്നുന്നു ഒന്നും വേണ്‍ടായിരുന്നുവെന്ന്. ഒരു കള്ളം പറച്ചിലും പിന്നെ ഉപകള്ളങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ഒരു തുറന്നു പറയലും. എല്ലാം ഒരു നിമിഷം കൊണ്‍ടവസാനിച്ചുവോ? എന്നാല്‍ പറയാതിരുന്നുവെങ്കിലോ, മേനി പറഞ്ഞിരുന്നാല്‍ അത് താല്‍ക്കാലികവിജയം നേടിത്തന്നേക്കും. എന്നെന്നും നിലനില്‍ക്കുന്നത് സത്യമായിരിക്കും. ആ സുസ്ഥിരതയ്ക്കുവേണ്ടിയാണ് ഞാന്‍ സത്യം തുറന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു ഒന്നും വേണ്ടായിരുന്നുവെന്ന്.
വളരെ സാവധാനമായിരുന്നു അമ്മു എന്‍റെ മനസ്സിന്‍റെ ചില്ലയില്‍ ചേക്കേറിയത്. ആദ്യം ആ തൂവല്‍സ്പര്‍ശമേറ്റിട്ടും, ഞാനറിയാത്ത ഭാവം നടിക്കുകയായിരുന്നു. അമ്മുവെനിക്കന്യയാണെന്നു, അല്ലെങ്കില്‍ എനിക്ക് അലഭ്യമായ ഒന്നാണെന്ന് എന്‍റെ അന്ത:കരണം തിരിച്ചും മറിച്ചും വിലങ്ങനെയും കുറുകെയും പറയുന്നതെല്ലാം, പറഞ്ഞതെല്ലാം അവഗണിച്ചു ആ ചേക്കേറലിന്‍റെ സുതാര്യതയ്ക്കു ഞാനടിമപ്പെട്ടു പോവുകയായിരുന്നു.
അമ്മുവിനെ എനിക്ക് ഇഷ്ടമായിരുന്നു; ഇപ്പോഴും. പക്ഷേ, അവളെനിക്കഭിഗതയല്ലെന്ന കാര്യം എനിക്കു അറിയാമായിരുന്നു. മാത്രവുമല്ല, ഇത്രയും കാലം കണ്ടും മിണ്ടിയും കഴിഞ്ഞിട്ടും അവളുടെ മനസ്സ് എനിക്കു പൂര്‍ണ്ണമായി വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നു. എന്നാല്‍ 'ആര്‍ക്കും മറ്റൊരാളുടെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്ന' ഒരു ഉണക്ക സിദ്ധാന്തത്തിന്‍റെ തണലില്‍ ഞാനിരുന്നൂറ്റം കൊള്ളുകയാണ്. ഇതുവരേയ്ക്കും ഞാന്‍ തുറന്നു പറഞ്ഞിട്ടില്ലാത്ത, പറയാന്‍ ധൈര്യം കാണിക്കാത്ത, ഒന്നിനു ഇപ്പോള്‍ മുതിരുകയാണ്. ധര്‍മ്മാധര്‍മ്മ ചിന്തകളില്‍ മുങ്ങി ഉള്ളിലെവിടെയോ ഭദ്രമായി അടച്ചുവെച്ചിരുന്ന പെട്ടകം തുറന്നു അതിനുള്ളില്‍ തിങ്ങിനിറഞ്ഞു വിഷമിക്കുന്ന ഒരു പാവം ഹൃദയത്തിന്‍റെ സ്പന്ദനത്തെ മോചിപ്പിക്കാന്‍ ഞാനിവിടെ തുനിയുന്നു. അതുകൊണ്ടുതന്നെ നീണ്ട ഒരു കത്ത് ഞാനെന്‍റെ അമ്മുവിന് എഴുതാന്‍ തുടങ്ങുന്നു.
പ്രിയപ്പെട്ട അമ്മൂ,
സുഖമാണെന്നു വിശ്വസിക്കുന്നു എന്ന സാധാരണ പല്ലവി ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം നമ്മളെന്നും കാണുന്നതല്ലേ. ഞാനിതെഴുതാന്‍ തുടങ്ങുമ്പോള്‍ എന്‍റെ ഹൃദയരക്തം സിരകളിലൂടെ വിരലുകളിലൂടെ തൂലികത്തുമ്പിലേയ്ക്കു തള്ളിക്കയറുന്നു. എന്‍റെ ഹൃദയരക്തം ചാലിച്ചെഴുതുന്ന ഈ കത്ത് മുന്‍വിധി കൂടാതെ നീ വായിക്കണം.
അമ്മൂ, നീ എനിയ്ക്കു അനഭിഗമ്യയാണെന്ന് എന്‍റെ മനസ്സ് വളരെക്കാലം മുമ്പുതന്നെ വിലക്കിയിരുന്നതാണെങ്കിലും, അറിയാതെ, അറിയാതെ എന്‍റെ മനസ്സിന്‍റെ മണിച്ചെപ്പിനുള്ളില്‍ നീ കടന്ന വിവരം ഞാനറിയുമ്പോള്‍ വൈകിപ്പോയിരുന്നു. എങ്കിലും വികാരത്തിനടിമപ്പെടാതെ ഇത്രയും കാലം സമചിത്തതയോടെ കഴിയാന്‍ എനിക്കു കഴിഞ്ഞു. എന്നാലും എന്‍റെ അകം നിറയെ നീയായിരുന്നു. നിന്‍റെ ഓര്‍മ്മകള്‍ നുള്ളിനോവിക്കാതെ ഒരു ദിനവും കടന്നിട്ടില്ല. 'എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം' എന്നൊരു കവി പാടിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ എവിടെത്തിരിഞ്ഞുനോക്കുമ്പോഴും അമ്മൂ, സത്യമായിട്ടും നീ മാത്രമായിരുന്നു. നിന്‍റെ പേരുകള്‍ കൊത്തിയ സാധനങ്ങളും സ്ഥാപനങ്ങളും നിരവധിയായിരുന്നു. അതെല്ലാം എന്‍റെ മനസ്സില്‍ നിന്‍റെയോര്‍മ്മകളെ തെളിച്ചു കൊണ്‍ടുവരുമായിരുന്നു. എന്തിനു ഈശ്വരഭജനത്തിനിടയില്‍ നിന്നുപോലും നിന്‍റെ ഓര്‍മ്മ എന്‍റെ ശ്രദ്ധയെ തട്ടിപ്പറിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ വലുതായിട്ടൊന്നും ആഗ്രഹിച്ചിരുന്നില്ല. കാരണം ഒരിക്കലും ലഭ്യമാകില്ല എന്നുറപ്പായ ഒന്നിനെ മോഹിച്ചു, ലഭിക്കുന്ന ഭംഗം അസഹനീയമായിരിക്കുമെന്നെനിക്കറിയാം. ചന്ദ്രനെ കൈക്കുമ്പിളിലെ വെള്ളത്തിലേയ്ക്ക് ആവാഹിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ ചന്ദ്രനെ എങ്ങിനെയാണ് കൈയ്ക്കുള്ളിലാക്കാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ കൈക്കുമ്പിളിലെ ജലത്തിലെ ചന്ദ്രദര്‍ശനത്തിന്‍റേതുവരെ മാത്രമേ, അമ്മൂ നിന്‍റെ കാര്യത്തിലും ഞാനാശിച്ചിട്ടുള്ളു. 'തന്നതില്ലപരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരന്നുപായമീശ്വരന്‍' എന്ന ഈരടി എത്ര അര്‍ത്ഥവത്താണെന്നു ശരിക്കും മനസ്സിലായതിപ്പോഴാണ്.
പറഞ്ഞു പറഞ്ഞു ഞാന്‍ വഴിതെറ്റുകയാണ്. കാടുകയറുകയാണ് എന്ന് നിനക്ക് തോന്നിയേക്കാം. എന്നാലീ വാചാലതയ്ക്കുവേണ്‍ടി മാത്രമാണ് ഞാനീ മാര്‍ഗം - അതായത് എഴുത്ത് എഴുതല്‍ - സ്വീകരിച്ചത്. അല്ലായിരുന്നുവെങ്കിലെനിക്കതു നേരിട്ടു പറയാമായിരുന്നല്ലോ.
നിന്‍റെ ഒരു കവിതയാണ് എന്നെക്കൊണ്‍ടും ഒരെണ്ണം എഴുതിപ്പിച്ചത്. അതു ഞാന്‍ നിനക്ക് തന്നിരുന്നുവല്ലോ. എന്നാലത് ഞാനെഴുതിയതാണെന്നു പറഞ്ഞില്ല. അതിലെനിക്ക് വ്യസനമുണ്ട്. എന്‍റെ ഒരു കൂട്ടുകാരിയുടേതാണ് ആ രചനയെന്നു പറഞ്ഞെങ്കിലും നിനക്കതു പൂര്‍ണ്ണമായി വിശ്വാസമായില്ല എന്നെനിക്കന്നേ തോന്നിയിരുന്നു. എന്നാല്‍ ഞാനെന്‍റെ കള്ളം സ്ഥാപിക്കാനായി പിന്നെയും പിന്നെയും കൊച്ചു കൊച്ചു കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അതെന്‍റെ മനസ്സില്‍ ഒരു യുദ്ധത്തിനു കളമൊരുക്കി. ചെയ്യുന്നതു ശരിയല്ല എന്നു ഒന്നു പറയുമ്പോള്‍ ശരിയാണ് എന്നു മറ്റൊന്നു പറയുന്നു. ഒടുവില്‍ സത്യം തുറന്നുപറയണമെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങിനെയാണ് ഇന്നു ഞാന്‍...
കഴിഞ്ഞ ശനിയാഴ്ച, നമ്മള്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ പറയാനൊരുങ്ങിയതാണ്. പക്ഷേ സന്ദര്‍ഭം യോജിച്ചുവന്നില്ല. കാരണം ഇമ്മാതിരിയൊരു സന്ദര്‍ഭത്തില്‍ ഒരു പെണ്‍കുട്ടിയ്ക്കു ഐസ്ക്രീം വാങ്ങിക്കൊടുക്കുന്നതുതന്നെ എന്‍റെ ജീവിതത്തിലാദ്യമാണല്ലോ. ആദ്യാനുഭൂതിയില്‍ ഒരു പക്ഷേ വാക്കുകള്‍ കളഞ്ഞുപോയതായിരിക്കുമോ എന്നുപോലും ഞാന്‍ അന്ന് സംശയിച്ചിരുന്നു. പിന്നീടൊരവസരത്തില്‍ പറയണമെന്ന് കരുതിയാണ് അന്നു ഓട്ടോയില്‍ വന്നപ്പോള്‍ മറ്റൊരു ദിവസം എന്നെക്കാണാന്‍ വരണമെന്നു ഞാനാവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും അന്നുതന്നെ ഞാന്‍ അമ്മുവിനോട് ഒരു കള്ളം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒരു മുഖവുരയിട്ടു തുടങ്ങിയപ്പോഴും അമ്മു പ്രതികരിച്ചില്ല. എനിക്ക് കുറ്റം ഏറ്റു പറയാനുള്ള വഴി തുറന്നുകിട്ടാത്തതുകൊണ്ട് ഞാനതിലേയ്ക്കു കടന്നതുമില്ല. എന്നാല്‍ അവസാനം നീയിവിടെ നിന്നും പുറത്തിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകളെന്തായിരുന്നു എന്ന് ചോദിച്ചുകൊണ്ട് നീ തിങ്കളാഴ്ച വന്നപ്പോഴാകട്ടെ 'എന്തോ ഒരു കളളം പറഞ്ഞുവെന്ന് പറഞ്ഞുവല്ലോ?' എന്നു നീ ചോദിക്കുകയും ചെയ്തു. അതുപറയാനുള്ള സൌകര്യം കിട്ടാത്തതുകൊണ്ട് ഞാന്‍ ചിരിച്ചു കളഞ്ഞെങ്കിലും 'വ്യാഴാഴ്ച ഞാന്‍ വരും, വരുമ്പോള്‍ എന്തായാലും പറഞ്ഞേ പറ്റൂ' എന്നു നീ പറയുകയും ചെയ്തു. വ്യാഴാഴ്ച എന്തായാലും പറയണമെന്നും ഞാന്‍ വിചാരിച്ചിരുന്നു. അങ്ങിനെയാണിന്ന്.... ഞാന്‍......
എന്നാല്‍ എന്തായിരിക്കാം അത് എന്ന് അറിയാനുള്ള വ്യഗ്രതകൊണ്ടാണ് ചൊവ്വാഴ്ച നീ കുറെ നേരം കാത്തിരുന്നതെന്ന് എനിക്കറിയാം. നിന്‍റെ മുഖം അതു വിളിച്ചു പറയുന്നുണ്‍ടായിരുന്നു. എനിക്കും അതു പറയണമെന്നുണ്ടായിരുന്നു. പക്ഷേ സാഹചര്യങ്ങളില്ലാതെ എങ്ങിനെയാണക്കാര്യം സംസാരിക്കുക.
അന്ന് നീയിവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ പറഞ്ഞത് 'അമ്മു പ്രിയംവദ' യാണെന്നാണ്. അതായത് കാളിദാസന്‍റെ ശകുന്തളയുടെ ദാസിമാരായ അനസൂയാപ്രിയംവദമാരില്‍ ഒരുവള്‍. അവള്‍ക്ക് എല്ലാവരോടും മധുരമായി സംസാരിക്കുവാന്‍ കഴിയുമായിരുന്നു. അവളുടെ വാക്കുകള്‍ കേള്‍ക്കുന്നതുതന്നെ സന്തോഷപ്രദമായിരുന്നു. അതുപോലെതന്നെ അമ്മൂ, നിന്‍റെ സംസാരവും എനിക്ക് വളരെയധികമിഷ്ടമാണ്. അതുകൊണ്ടാണ് നീ പ്രിയംവദയാണെന്ന് ഞാന്‍ പറഞ്ഞത്.
ഇന്നു, അതായത് വ്യാഴാഴ്ച അതിരാവിലെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ആകാശത്ത് പ്രകാശം വച്ചുതുടങ്ങിയിരുന്നു. ഇന്ന് ഒരു നല്ല ദിവസമാണല്ലോ എന്നു ഞാനപ്പോള്‍ ഓര്‍ക്കുകയും ചെയ്തു. സൂര്യനുദിച്ചു കഴിഞ്ഞപ്പോഴാകട്ടെ, പടിഞ്ഞാറേ മാനത്തില്‍ ഒരു മഴവില്‍ ആസുരശോഭയോടെ തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. അതേ ശോഭയോടും ഭാസത്തോടുമാണ് നീയും വന്നത്. നിന്‍റെ നടത്തയ്ക്കും ആ പ്രസരിപ്പു കാണാനുണ്ടായിരുന്നു. എന്നാല്‍ ഞാന്‍...
നീ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ട ആകാശം നിറയെ കാര്‍മേഘങ്ങളായിരുന്നു.
നിന്നോടു ഞാനതു തുറന്നു പറയുമ്പോഴും ഞാന്‍ ഇത്രത്തോളം ശക്തമായ ഒരു ഭാവമാറ്റം നിന്നില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. 'എന്നാലും എന്നോട് ഇതു വേണമായിരുന്നോ' എന്ന ഒരു ചിന്തയായിരിക്കും ഉദിക്കുക എന്ന ലഘുത്വമാണെനിക്കുണ്ടായത്. പക്ഷേ പറഞ്ഞുകഴിഞ്ഞപ്പോള്‍ 'ഞാനതു വിശ്വസിച്ചിരുന്നു. ഞാനിഷ്ടപ്പെടുന്നവര്‍ പറയുന്നതെല്ലാം ഞാന്‍ വിശ്വസിക്കും. എന്‍റെ സ്വഭാവമായിപ്പോയി അത്. ഒടുവില്‍ അവര്‍ എന്നോടു പറയും അവര്‍ പറഞ്ഞതു കള്ളമായിരുന്നുവെന്ന്' എന്ന് നീ പരിഭവിച്ചപ്പോള്‍ തീര്‍ച്ചയായും നിന്‍റെ കണ്ണുകള്‍ നിറയുമോ എന്നു പോലും ഞാന്‍ ശങ്കിയ്ക്കുകയുണ്ടായി. കാരണം ഗദ്ഗദത്തോടെയാണ് നീയത് പറഞ്ഞത്. നിന്‍റെ ഭാവവ്യത്യാസം കണ്ടാണ് ഞാന്‍ ചോദിച്ചുപോയത്: 'രാവിലെ മൂഡൌട്ടാക്കിയല്ലേ ഞാന്‍' എന്നു. അതിനു നിന്‍റെ മറുപടി 'ഒരു നിമിഷം കൊണ്ട്... എല്ലാം...' എന്നായിരുന്നുവല്ലോ. കുറെ നേരത്തേയ്ക്ക് എന്‍റെ മനസ്സില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു ആ വാക്കുകള്‍. ഇപ്പോഴും അങ്ങിനെതന്നെ. 'ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ത്തുകളഞ്ഞവല്ലോ ദുഷ്ടന്‍' എന്നായിരുന്നുവോ നീ പറയാനുദ്ദേശിച്ചത്. അവിടെയാണ് നിന്‍റെ മനസ്സെനിക്കു വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് എന്‍റെ അജ്ഞത എന്നെ നാണിപ്പിക്കുന്നത്.
നീ പോയിക്കഴിഞ്ഞപ്പോഴും എന്‍റെ ചിന്ത നിന്നെക്കുറിച്ചുമാത്രമായിരുന്നു. പ്രത്യേകിച്ചും നിന്‍റെ ഇന്നത്തെ ഭാവമാറ്റം എന്നെ വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നെ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആകാശമാകെ കാര്‍മേഘാവൃതമായിരിക്കുന്നതുകണ്ടു; എന്‍റെ മനസ്സിലും. എന്നാലും ഒരു നേരിയ പ്രത്യാശയുടെ കിരണം അതിനിടയില്‍ തെളിഞ്ഞുകാണാമായിരുന്നു: ഇനിയും നിന്നെ കാണാമല്ലോ; അപ്പോള്‍ കാര്യങ്ങള്‍ വിസ്തരിച്ചു പരസ്പര ധാരണയോടും വിശ്വാസത്തോടും കഴിയുക എന്നു പറയാമല്ലോ എന്ന ചിന്തയായിരുന്നു ആ അരുണകിരണം. എന്നാല്‍ നേരില്‍ കാണുമ്പോള്‍ എനിക്കു വാചാലനാകാന്‍ കഴിയാത്തതുകൊണ്ടും ചിലപ്പോള്‍ വാചാലതയ്ക്കുള്ള അവസരം ലഭിക്കാതിരിക്കും എന്നുള്ള ഭയം കൊണ്ടും ഇല്ലെങ്കില്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു പോയാലോ എന്നുള്ളതുകൊണ്ടുമൊക്കെയാണ് ഇത്തരമൊരു പ്രവൃത്തിക്കു ഞാന്‍ തുനിഞ്ഞത്. ഇപ്രകാരം ഞാന്‍ ചെയ്യുന്നതുകൊണ്ട് നിനക്ക് യാതൊരുവിധ വൈഷമ്യവും ഉണ്ടാകരുതെന്നും, അഥവാ എന്തെങ്കിലും തോന്നിയാല്‍ അപ്രകാരം സംഭവിപ്പിച്ചതിനു കാരണക്കാരനായ എന്നോട് ക്ഷമിക്കണമെന്നും ഞാനഭ്യര്‍ത്ഥിക്കുന്നു.
നിന്നോട് എനിക്കുണ്ടായ സ്നേഹത്തിന്‍റെയും മമതയുടേയുമൊക്കെ ഫലമാണ് ഇപ്പോള്‍ ഞാനനുഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ സുഖകരമായ വേദന നല്‍കുന്ന ഈ അനുഭൂതി അറിഞ്ഞോ അറിയാതെയോ പകര്‍ന്നു തന്നതിന് നിന്നോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും.
ഇനി നിന്‍റെ ഒന്നുരണ്ടു സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഞാന്‍ ശ്രമിക്കാം.
ആ കവിതകള്‍ എഴുതിയത് ഞാനാണെന്ന കാര്യം നിന്‍റെ നിരന്തര സമ്മര്‍ദ്ദംകൊണ്ടുമാത്രമാണ് തുറന്നു പറയുന്നതിനൊരുങ്ങിയതെന്നും അല്ലായിരുന്നുവെങ്കില്‍ ഞാനതിന് തുനിയുമായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞുവല്ലോ 'അതിലെന്തോ അപാകതയുണ്ടല്ലോ' എന്ന്. വാസ്തവത്തില്‍ അതില്‍ മറ്റൊരു ചിന്തയും ഇല്ലായിരുന്നു. പ്രധാനമായും ഉണ്ടായിരുന്നത് പരിപാവനമായിരുന്ന നമ്മുടെ ബന്ധത്തില്‍ കറ വീഴ്ത്തരുത് എന്നത് മാത്രമാണ്.
പിന്നെ മറ്റൊന്ന്; ആ കവിതകളില്‍ വെറുപ്പിന്‍റെ തിരിനാളമാണ് കാണുന്നതെന്ന് നീ പറഞ്ഞു. ഞാനതെഴുതുമ്പോള്‍ നിനക്കു തരാനുള്ള ചിന്ത ഉണ്ടായിരുന്നില്ലെങ്കിലും നിന്‍റെ സ്വാധീനം ഉണ്ടായിരുന്നുവെന്നുള്ളതാണ് സത്യം. അത് ശ്രദ്ധിച്ചു വായിക്കുക. എനിക്കെങ്ങിനെ നിന്നെ വെറുക്കാന്‍ കഴിയും?
'അനഭിഗമ്യ, അനഭിഗത' എന്നൊക്കെ ഞാന്‍ ആവര്‍ത്തിക്കുന്നത് ഭീരുത്വം കൊണ്ടല്ല. പക്ഷേ, അമ്മൂ നീ ഒരു കാര്യം ഓര്‍ക്കണം. എനിക്ക് എന്‍റെതെന്നു പറയാനായി എന്താണുള്ളതെന്ന് അമ്മുവിനറിയാമോ? എന്നെക്കുറിച്ച് അമ്മുവിന് എന്തറിയാം? അതിനെക്കുറിച്ച് എനിക്കുള്ള ധാരണ ശരിയായിരിക്കുകയില്ലായിരിക്കാം. എന്നാലും അമ്മു ഒരു കാര്യം ഓര്‍ക്കണം. 'ശൂന്യതയില്‍നിന്നുമാണ് എനിക്ക് ഉദിച്ചുയരേണ്ടിയിരുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെയും അല്ല; അതിനാണെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ചാരമെങ്കിലുമുണ്ടല്ലോ'. എനിക്കാദ്യം എന്‍റെ ചുവടുകള്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ഒരുറച്ചനിലം ആവശ്യമായിരുന്നു. ആ ചുവടുകള്‍ ഞാനുറപ്പിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. അവിടെ മറ്റു ചിന്തകള്‍ക്കോ പ്രവൃത്തികള്‍ക്കോ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അമ്മുവിനെപ്പോലും അനഭിഗമ്യയാക്കി അകലം പാലിച്ചു നിര്‍ത്തിയത്.
എന്നാലും സത്യം പറയാതിരിക്കുന്നത് അസത്യം പറയുന്നതിനേക്കാള്‍ മോശമാണ് എന്ന ചിന്തയായിരുന്നു ഇന്ന് ഞാനതു പറയുമ്പോള്‍ എനിക്കുണ്ടായിരുന്നത്. അപ്പോള്‍ അമ്മുവില്‍ നിന്നുണ്ടായ ഭാവവ്യത്യാസമാണ് സത്യത്തില്‍ എന്നെക്കൊണ്ടീ കുമ്പസാരം നടത്തിച്ചത്. ഇതെന്‍റെ മാത്രം കാഴ്ചപ്പാടാണ്. ഇക്കാര്യത്തില്‍ അമ്മുവിന്‍റെ നിലപാടെന്താണ് എന്നത് എനിക്കറിയില്ലല്ലോ. എന്തായാലും എന്നെ വെറുക്കാതിരിക്കുക. കാരണം ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ; കൂടുതലായി ഒന്നും ഞാന്‍ ആശിച്ചിട്ടില്ല എന്ന്. 'മാനത്തോളം ആശിച്ചാലേ ഒരു കുന്നോളമെങ്കിലും കിട്ടൂ' എന്ന ചൊല്ലില്‍ പതിരില്ലെങ്കിലും ഞാന്‍ ഒരു കടുകുമണിയോളമേ ആശിച്ചിട്ടുള്ളൂ. അപ്പോള്‍ ഒരു കുന്നിക്കുരുവിനോളം കിട്ടുമ്പോള്‍ ദുഃഖമുണ്ടാകേണ്ട കാര്യമില്ലല്ലോ. മാത്രമല്ല, വസ്തുക്കളെ കാര്യകാരണ ബുദ്ധിയോട് കാണാനും സമീപിക്കാനും എനിക്കു കഴിയും. അങ്ങിനെയൊരു പ്രവൃത്തിയ്ക്കു തുനിഞ്ഞതിനുള്ള കാരണം നേരത്തേ വ്യക്തമാക്കിയിരുന്നുവല്ലോ. അതുകൊണ്ട് ഈ കത്തു വായിച്ചിട്ട് മറുപടി തരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം മറുപടി തരുക. ഇല്ലെങ്കില്‍ സ്വന്തമായ തീരുമാനമെടുത്ത് വേണ്ടതു ചെയ്യുക. ഇവയെല്ലാം മൌനനൊമ്പരങ്ങളായി എന്നില്‍ത്തന്നെ ഒതുക്കുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സംഭവം എന്നെക്കൊണ്ടിത്രയും പറയിപ്പിച്ചു. അതുകൊണ്ട് ഞാന്‍ വിരഹവിധുരനായി രമണനെപ്പോലെ നാടുനീളെ പാട്ടുപാടി നടക്കും എന്നു വിചാരിക്കരുത്.
ഇനിയും ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. കാരണം എഴുതിക്കൊണ്ടിരുന്നാല്‍ കാലങ്ങളോളം എഴുതാനുണ്ടാവും. നിന്‍റെ ജീവിതത്തില്‍ നിനക്കെന്നും നന്‍മയും സകല ഐശ്വര്യങ്ങളും സിദ്ധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്,
സസ്നേഹം,
(ഇവിടെ എന്താണെഴുതേണ്ടതെന്ന് എനിക്കറിയില്ലല്ലോ, എന്‍റെ ദൈവമേ)
ഇപ്പോഴെന്‍റെ ഹൃദയത്തിന് ഒരു ലഘുത്വമനുഭവപ്പെടാന്‍ കഴിയുന്നില്ലെങ്കിലും ആദ്യമുണ്ടായിരുന്ന ഗുരുത്വമില്ല എന്നു സമ്മതിക്കണം. ലഘുത്വമനുഭവപ്പെടാതിരിക്കാന്‍ കാരണം ഈ കത്തിനുള്ള അമ്മുവിനുള്ള പ്രതികരണം എന്താണെന്ന് എനിക്കൂഹിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. ഇത്തരം അജ്ഞതകളാണ് എന്നെ ലജ്ജിപ്പിക്കുന്നത്. കത്തെഴുതി ചുരുക്കിക്കഴിഞ്ഞിട്ടും വീണ്ടും ഞാന്‍ കൂടുതല്‍ പറയുന്നത് ശരിയല്ലല്ലോ? കാത്തിരിക്കൂ നിങ്ങള്‍. സൂര്യന്‍ കിഴക്കുദിക്കും, രാവിനെത്തുടര്‍ന്ന് പകല്‍ വരും. മഴ വരും. വെയില്‍ വരും, നദി ഒഴുകിക്കൊണ്ടേയിരിക്കും. കഥയിനിയും തുടരും.
No comments:
Post a Comment