You are the visitor of

Sunday, January 13, 2013

പണിമുടക്ക് ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി?

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കഴിഞ്ഞ 5 ദിവസത്തിലേറെയായി പണിമുടക്കിലാണ്.  ഈ പണിമുടക്കിന് ആധാരമായത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്.  കേന്ദ്ര സര്‍ക്കാര്‍ 2001 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ച് 2004-ല്‍ കേന്ദ്രത്തില്‍ ആരംഭിച്ച ഈ പദ്ധതി ഇനിയും നിയമമായി മാറിയിട്ടില്ല.  2004 മുതല്‍ കേന്ദ്രത്തില്‍ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയെ സംബന്ധിച്ച് ഇപ്പോഴും സംസ്ഥാനസര്‍ക്കാരിന് ഒന്നുമറിയില്ലെന്നത് ഈ പണിമുടക്കിന്‍െറ പ്രാധാന്യം വ്യക്തമാക്കുന്നു.  എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ മടിക്കുന്നതിന് കാരണം മറ്റൊന്നല്ല. മിനിമംപെന്‍ഷന്‍ നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഒരു മറുപടി നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ല. പിന്നെന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്.  റവന്യൂ വരുമാനം കുറയുന്നത് സര്‍ക്കാരിന്‍െറ പിടിപ്പുകേടല്ലേ.  വന്‍കിടക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിനു രൂപയുടെ നികുതി എന്തുകൊണ്ട് പിരിച്ചെടുക്കാന്‍ ആര്‍ജ്ജവം കാണിക്കുന്നില്ല.  അപ്പോള്‍ അതൊന്നുമല്ല കാര്യം.  ജീവനക്കാര്‍ ഇല്ലാതെ എങ്ങിനെയാണ് സര്‍ക്കാര്‍ സംവിധാനം ചലിക്കുന്നത്.  ജീവനക്കാര്‍ എന്നത് സര്‍ക്കാര്‍ എന്ന പ്രസ്ഥാനത്തിന്‍െറ അസ്ഥികൂടമല്ലേ.  അതില്ലാതായാല്‍ പിന്നെ രൂപമില്ല.  ഇതൊന്നും അറിഞ്ഞുകൂടാത്തവരൊന്നുമല്ല ഭരണക്കാര്‍.  എന്നാല്‍ വരാന്‍ പോകുന്ന കാലത്തെ ഭീകരാവസ്ഥ സൃഷ്ഷിച്ച് അത് മറികടക്കാന്‍ ജീവനക്കാരെ വെട്ടാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.  

              യഥാര്‍ത്ഥത്തില്‍ ഈ പണിമുടക്ക് ആര്‍ക്കുവേണ്ടിയാണ്..  വരുംതലമുറയ്ക്ക് വേണ്ടിയാണ്. അത് മനസ്സിലാക്കാതെയാണ് കെ.എസ്.യു.വും മറ്റും ഉറഞ്ഞുതുള്ളുന്നത്.  അവര്‍ മനസ്സിലാക്കി വരുമ്പോള്‍ വൈകിപ്പോയെന്നിരിക്കും.
              സര്‍ക്കാര്‍ ജീവനക്കാരായി ചുമ്മാതങ്ങു നിയമിക്കുകയല്ല. അതിനു അതിന്‍േറതായ നടപടി ക്രമവും പ്രയാസങ്ങളുമുണ്ട്. ഇതൊക്കെ തരണം ചെയ്താണ്. ജോലി നേടുന്നത്. ഇത് ലഭിക്കാത്തവര്‍ക്ക് ഇവരോട് പൊതുവെ അസൂയയാണ്. അത് സ്വാഭാവികമാണ്. ഈ അസൂയ മുതലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരായാല്‍ അവര്‍ക്ക് മറ്റു വഴികളിലൂടെ ധനാഗമം നടത്താന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇതൊന്നുമില്ലാത്ത പ്രൈവറ്റ് മേഖലയിലുള്ളവര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കുന്നു. അവര്‍ക്ക് വരുംതലമുറയ്ക്കുള്ള സമ്പത്ത് കൂടി നേടാന്‍ കഴിയും അവര്‍ക്ക് എന്തിന് പെന്‍ഷന്‍? അവരാണല്ലോ 1.7 ലക്ഷം കോടിപോലുള്ളവയുടെ ഉപയോക്താക്കള്‍. ഇവര്‍ അവരുടെ സമ്പാദ്യം! ഇന്ത്യയ്ക്കുള്ളില്‍ നിക്ഷേപിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനാകട്ടെ അവന് കിട്ടുന്ന ശമ്പളം മുഴുവനായിത്തന്നെ തന്‍െറ സമൂഹത്തില്‍ ചെലവഴിക്കുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യസേവനം ചെയ്യുന്നു. അവന് അവസാന നാളുകളില്‍ ഇരക്കാതെ ജീവിക്കാന്‍ നാലുചക്രം കൊടുക്കണം സാര്‍. പാല്‍ക്കാരനും പത്രക്കാരനും പലവ്യഞ്ജനക്കാരനും എല്ലാം ജീവിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരന്‍െറ പണം കൊണ്ടുതന്നെയാണ്. ഇക്കാര്യം 2002-ലെ 32 ദിവസത്തെ പണിമുടക്കിലൂടെ വ്യാപാരികള്‍ക്ക് മനസ്സിലായിട്ടുള്ളതാണ്.
                   സര്‍ക്കാര്‍ ഒരു പുതിയ ആശയം കൊണ്ടുവന്നാല്‍ അത് എതിര്‍ത്തു തോല്പിക്കണമെന്നൊന്നും ആഗ്രഹമില്ല.  പക്ഷെ നിലനില്‍ക്കുന്ന സംവിധാനത്തെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു മാറ്റമാണ് നല്ലത്.  അപ്രകാരമൊരു വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായി സമരം ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment