ബാങ്ക് മാനേജര്‍ ബാബുവിന്‍െറ ഭാര്യ സാരിയില്‍ ജീവിതം
അവസാനിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാര്‍ത്ത
മിന്നല്‍ വേഗത്തില്‍ നാട്ടില്‍ പരന്നു. ഇങ്ങനത്തെ വാര്‍ത്ത
പരക്കാന്‍ പിന്നെ അധിക സമയം വേണ്ടല്ലോ
കേട്ടവരില്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. "എങ്ങിനെ
കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അത് ?" ചിലരുടെ
അഭിപ്രായമിതായിരുന്നു.
ബാബുവിനെ അറിയാത്തവര്‍ ചുരുക്കം. ആനയും ചേനയും തന്‍െറ
നടയില്‍ കുന്നുകൂടിയിരുന്ന കാലം അയവിറക്കി ജീവിത
സായാഹ്നത്തിലെത്തിയിരിക്കുന്ന മാധവന്‍ നായരുടെ ഒരേയൊരു
മകന്‍. മൂന്നാലു റബ്ബറെസ്റ്റേറ്റുകളുടെ അവകാശി. ബാങ്കിലെ ജോലി
വെറും സമയംപോക്ക്. അങ്ങിനെയുള്ള ഒരാളുടെ സുന്ദരിയും
സുശീലയുമായ ഭാര്യ സാഹസത്തിനൊരുമ്പെട്ടിരിക്കുന്നു. എന്തു
പറയാന്‍? ആ ഗ്രാമത്തില്‍ മഹാസംഭവമായിരിക്കുന്നുവത്.
എല്ലാവരും അറിഞ്ഞിരിക്കുന്നു. പണവും ആളും ഉള്ളതുകൊണ്ട്
കേസില്‍നിന്ന് രക്ഷപ്പെടാമായിരിക്കാം. എന്തായാലും പോലീസ്
കേസെടുത്തുകഴിഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ അതുവരെയെത്തി.
പോലീസ് സംഭവസ്ഥലത്തെത്തി. ബാബു അസ്വസ്ഥനായി
തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. പോലീസ് ഒരുപാട്
ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്കെല്ലാം തൃപ്തികരമോ
അല്ലാത്തതോ ആയ ഉത്തരം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
ഒടുവില്‍ ചോദിക്കുന്നത് കേട്ടു:
"എന്താണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച സംഗതി?"
"സംഗതി.... സംഗതി...."
ബാബു പരുങ്ങി. പിന്നെ പറഞ്ഞു.
"സംഗതി എന്താണെന്ന് എനിക്കറിയില്ല...."
** ** ** **
പേനയും കൈയില്‍പിടിച്ച് കഥാകൃത്തിരുന്ന് അലോചിച്ചു:
"എന്താണ് സംഗതി?". സത്യം പറഞ്ഞാല്‍ അയാള്‍ക്കും
അതിനുത്തരമുണ്ടായിരുന്നില്ല.