You are the visitor of

Saturday, September 8, 2007

ഉപസ്മൃതി

കവിത

നിന്നോര്‍മകള, തെന്നുള്ളില്‍ തൃഷ്ണതല്പമൊരുക്കവേ,
അശ്ശയ്യയെത്തഴുകുമാ മോഹമാമരുവിയില്‍നിന്നോമനച്ചുരുള്‍മുടി ദര്‍ശിക്കുന്നു ഞാന്‍.
എന്നെയാധവളമാമിന്ദുഹാസം പുല്‍കവേ,
നിന്‍മൃദുമന്ദഹാസത്തിന്‍ കുളിരു ഞാനറിയുന്നു.
കായല്‍പരപ്പിലോ നിന്‍കണ്ണുകള്‍ കാണുന്നു,
അന്തിച്ചുവപ്പിലോ നിന്‍ചുണ്ടുകള്‍ കാണുന്നു.
പ്രപഞ്ചവിസ്തൃതി നിന്‍നെറ്റിയിലളക്കവേ
മഴവില്ലിന്നുരുവിലോ നിന്‍ പുരികങ്ങള്‍ കാണുന്നു.
നിന്‍ സീമന്തരേഖയില്‍ ഞാന്‍ തൊടുവിക്കേണ്ടും കുങ്കുമം വളരവേ
നിന്‍കഴുത്തിലോ ഞാനിടേണ്ടുന്ന മാലയും പുളയുന്നു.
വെയിലേറ്റുവാടിയ താമരത്തണ്ടിനോടു നിന്നോമനഗാത്രം മത്സരിച്ചീടവേ
ആമ്പലിനെക്കണ്ട ചന്ദ്രനെപ്പോല്‍, നിന്‍െറയീ ചിത്രമെന്നിലനുഭൂതി വളര്‍ത്തുന്നു.
കുയിലിന്നൊക്കും നിന്‍ കളകൂജനമെന്‍ മനോപുളിനത്തില്‍ പുളകങ്ങള്‍ വിതറവേ,
നിന്നോര്‍മകള, തെന്നുള്ളില്‍ തൃഷ്ണതല്പമൊരുക്കുന്നു.
നിന്നസാന്നിധ്യത്തില്‍ ഞാന്‍ ചക്രവാകമായി മാറവേ,
നിന്‍ സാമീപ്യമോ അന്യാധ്യാനങ്ങളെ ചക്രവാളമേറ്റുന്നു.
നിന്നുപസ്മൃതിയാം ചാട്ടകൊണ്ടെന്നെ മീനകേതനന്‍ മഥിക്കവേ,
നിന്‍ ദര്‍ശനമാമൃതം നല്‍കുവാനെന്തേയിനിയും മടിക്കുന്നു?

അന്താരാഷ്ട്ര സാക്ഷരതാദിനം

അക്ഷരം അവകാശമാണ്.
അന്താരാഷ്ട്ര സാക്ഷരതാദിനം
സാക്ഷരത - നല്ല ആരോഗ്യത്തിലേക്കും ക്ഷേമത്തിലേക്കുമുള്ള മാര്‍ഗ്ഗം - UNESCO

Friday, September 7, 2007

സുകുമാരന്‍ സാറും ഞാനും ഒരു റോസാക്കമ്പും

ചെറുകഥ

"രാഘവാ നീ ശ്രീകുമാരനുമായി വഴക്കുണ്ടാക്കിയല്ലേ? നീ ക്ലാസ്സിനു പുറത്തിറങ്ങി നില്‍ക്ക് ". സുശീലടീച്ചറുടെ കല്പന കേട്ടപ്പോള്‍ എനിക്ക് ചിരിവരുകയാണുണ്ടായത്. എന്നാലും അത് പ്രകടിപ്പിക്കാതെ പുറത്തിറങ്ങി. സുശീല ടീച്ചറുടെ പുതിയ വിദ്യയായിരിക്കും ഇതെന്ന് എനിക്കറിയാം. കാരണം നുള്ളിയും അടിച്ചും ടീച്ചര്‍ക്ക് മടുത്തിട്ടുണ്ടാവും. അതുകൊണ്ടൊന്നും കാര്യമില്ലെന്നു ടീച്ചര്‍ക്ക് തോന്നിത്തുടങ്ങിയ സമയത്താണ് ഞാന്‍ ശ്രീകുമാരനുമായി വഴക്കുണ്ടാക്കുന്നതും എന്നെ ക്ലാസ്സില്‍നിന്നും പുറത്താക്കുന്നതും. എന്നാല്‍ എന്തിനായിരുന്നു ശ്രീകുമാരന്‍ എന്നെനോക്കി മൊട്ടത്തലയനെന്ന് വിളിച്ചതെന്ന് ആരും ചോദിക്കുന്നില്ല. അങ്ങിനെ വിളിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവനുമായി വഴക്കിടുകയില്ലായിരുന്നുവെന്നുള്ള കാര്യവും ആരും ശ്രദ്ധിക്കുന്നില്ല. അവന്‍ സുകുമാരന്‍ സാറിന്‍െറ മകനായതുകൊണ്ടാവാം ഈ പരിഗണന. ഒരു പക്ഷെ ആ കൊറ്റിക്കഴുത്തന്‍ സുകുമാരന്‍ സാറിന്‍െറ നീണ്ടുയര്‍ന്നുനില്‍ക്കുന്ന കഴുത്തിനെ ഞാനെന്‍െറ മറുപടിയില്‍ സൂചിപ്പിച്ചതാവണം ശ്രീകുമാരനെ ചൊടിപ്പിച്ചത്. എന്നാലും എല്ലാവരും വിളിക്കുന്നതുപോലെ ഞാന്‍ "കൊറ്റിക്കഴുത്തന്‍" എന്നു പച്ചയ്ക്കു വിളിച്ചില്ലല്ലോ. അത്രയെങ്കിലും ആലോചിക്കാമായിരുന്നു ശ്രീകുമാരന്. എന്തായാലും എന്‍െറ സ്ഥാനം പുറത്ത്. അല്പം കഴിഞ്ഞ് അകത്ത് കയറ്റുമായിരിക്കും. ഇല്ലെങ്കില്‍ത്തന്നെ ക്ലാസ്സില്‍ ഞാന്‍ ചെയ്യുന്ന വേഗത്തില്‍ ആരാ കണക്കു ചെയ്യുന്നത്? ചിലപ്പോള്‍ ആ അരുണപ്പെണ്ണോ മറ്റോ ചെയ്താലായി. എന്നാലും ചിലപ്പോള്‍ അരുണ ചെയ്യുന്നതും തെറ്റാറുണ്ടല്ലോ. തെറ്റുകൂടാതെ വേഗത്തില്‍ കണക്കുചെയ്യാനുള്ള എന്‍റെ കഴിവിനെ പരിഗണിച്ചെങ്കിലും ടീച്ചര്‍ എന്നെ അകത്തുകയറ്റുമെന്ന് എനിക്കറിയാം. എന്നിട്ടുവേണം ആ ശ്രീകുമാരനെ "കൊറ്റിക്കഴുത്തന്‍െറ മോനെ" എന്നു വിളിക്കാന്‍.
സമയം കടന്നുപോകുന്നുവല്ലോ. മുറ്റത്തുള്ള മാവിന്‍െറ നിഴല്‍ സ്കൂള്‍ വരാന്തവരെ എത്തിക്കഴിഞ്ഞല്ലോ. അല്‍പംകൂടികഴിയുമ്പോള്‍ ഈ പീര്യേഡ് തീരും. ഇനി അടുത്തത് കൊറ്റിക്കഴുത്തന്‍െറ സാമൂഹ്യപാഠമാണ്. ലോകത്തുള്ള അതിരുകളും മറ്റും കാണാതെപഠിക്കാന്‍ എന്നെക്കൊണ്ട് വയ്യ. കേരളത്തിന്‍െറ മാത്രമായിരുന്നുവെങ്കില്‍ സഹിക്കാമായിരുന്നു. ആദ്യം കേരളം, പിന്നെ ഇന്ത്യ, അങ്ങിനെ ഒരുപാട് ദേശങ്ങള്‍.
ഇവയ്ക്കെല്ലാം അതിരുവയ്ക്കുന്നതെന്തിനാ? സയന്‍സ് ക്ലാസ്സില്‍ ലില്ലിടീച്ചര്‍ പറഞ്ഞിട്ടുണ്ടല്ലോ
പ്രപഞ്ചത്തിന് അതിരുകളില്ലെന്ന്. പക്ഷെ, സാമൂഹ്യപാഠത്തിലെ സ്ഥിതി ആലോചിക്കുമ്പോള്‍ ഇനി സ്കൂളിന്‍െറ അതിരുകള്‍ കൂടി പഠിക്കേണ്ടിവരുമെന്ന് തോന്നുന്നു. അതു നല്ല രസമായിരിക്കും. "സ്കൂളിന്‍െറ അതിരുകള്‍ എന്തൊക്കെയാണ്‌? രാഘവന്‍ പറയൂ" കൊറ്റിക്കഴുത്തന്‍ കഴുത്ത് നീട്ടിപ്പറയും.
"കിഴക്ക് ഗേറ്റ്, പടിഞ്ഞാറ് റയില്‍പ്പാത, തെക്ക് ആശാരിയപ്പൂപ്പന്‍െറ ചായക്കട (മാധവനാശാരിയെന്ന വയസ്സന്‍ ചായക്കടക്കാരനെ ഞങ്ങള്‍ ആശാരിയപ്പൂപ്പനെന്നാണ് വിളിക്കുന്നത്), വടക്ക് .. വടക്ക് .. മതില് .. " എന്നു ഞാന്‍ പറഞ്ഞു തീരുംമുമ്പെ ക്ലാസ്സില്‍ ചിരി ഉയരാന്‍ തുടങ്ങും.
"സൈലന്‍സ്, സൈലന്‍സ്, എന്താടാ കൊരങ്ങാ തെക്കും വടക്കുമൊന്നുമറിഞ്ഞുകൂടെ... വഴക്കുണ്ടാക്കാന്‍ നിന്നെയാരും പഠിപ്പിക്കേണ്ടല്ലോടാ നായെ" എന്നും പറഞ്ഞുകൊണ്ട് വളച്ചുപുളച്ചു കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ചൂരല്‍കൊണ്ട് സര്‍വ്വശക്തിയുപയോഗിച്ച് കൊറ്റിക്കഴുത്തന്‍ ആഞ്ഞടിക്കും. എന്തുചെയ്യാനാ, സൂര്യന്‍ ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറുമായതുകൊണ്ട് തനിക്ക് അതു മാത്രമേ തെറ്റാതിരിക്കൂ. തെക്കും വടക്കും എപ്പോഴും തിരിഞ്ഞുപോകുകയും ചെയ്യും. അങ്ങിനെതെറ്റിപ്പോയാല്‍ എന്തിനാ എന്നെ ഇങ്ങിനെ തല്ലുന്നത്? ഞാന്‍ പറഞ്ഞതിലെ ദിക്കുകള്‍ അന്യോന്യം മാറ്റിയാല്‍ പോരെ? ഇത് അതുകൊണ്ടൊന്നുമല്ല.. ശ്രീകുമാരന് രണ്ട് ഇടികൊടുത്തതിന്‍െറ ചൂടാ എന്നോട് കാട്ടുന്നത്? എന്തായാലും അടി അല്പം കടന്നുപോയി. അറിയാതെ അടികൊണ്ട സ്ഥലം തടവിപ്പോയി.
"എന്താ രാഘവാ, തടവിത്തടവി നില്‍ക്കുന്നത്..?" അപ്പോഴാണ് ഞാന്‍ ക്ലാസ്സിനു വെളിയിലാണെന്നും അടി തോന്നലായിരുന്നുവെന്നുമുള്ള ബോധമുണ്ടായത്."അയ്യോ സുശീല ടീച്ചര്‍.... , അല്ല ടീച്ചറേ, അഞ്ചുന്നാലും കൂട്ടിയാലും നാലുമഞ്ചും കൂട്ടിയാലും ഉത്തരം തുല്യമാണെന്ന് ടീച്ചറല്ലേ പഠിപ്പിച്ചിട്ടുള്ളത്?"
"അതേ, അതു ശരിയാണല്ലോ, എന്താ?"
"അല്ലാ ... വടക്കും തെക്കും അന്യോന്യം മാറിപ്പോയാ കൊഴപ്പമുണ്ടോ?"
"ആ കൊഴപ്പമൊക്കെ ഞാന്‍ തീര്‍ത്തുതരാം...." പുറകില്‍ നിന്ന് കേട്ട ശബ്ദത്തിന്‍െറ ഉടമ കൊറ്റിക്കഴുത്തന്‍.
"സാറെ ഇവനെ ക്ലാസ്സീകേറ്റണ്ട, പുറത്തുനിന്ന് പഠിക്കട്ടെ" എന്നു സുശില ടീച്ചര്‍ സുകുമാരന്‍ സാറിനോട് പറഞ്ഞതുകേട്ടപ്പോള്‍ എനിക്ക് ദ്വേഷ്യമാണുണ്ടായത്.നിന്നുനിന്ന് കാലുകഴയ്ക്കാന്‍ തുടങ്ങി. ഇങ്ങനെയായാല്‍ എനിക്ക് എവിടെയെങ്കിലുമൊന്നിരിക്കേണ്ടിവരും. വാതിലിനോട് ചേര്‍ന്ന് ഞാന്‍ താഴെ ഇരുന്നു. സുകുമാരന്‍ സാര്‍ ദിക്കുകളും അതിരുകളും തൊണ്ടപൊട്ടുമാറ് വിളിച്ചുപറയുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ അതെല്ലാം മായാന്‍ തുടങ്ങി. അവിടിരുന്നങ്ങുറങ്ങിപ്പോയി. കുട്ടികളുടെ ചിരികേട്ടാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ കുട്ടികള്‍ ചുറ്റും കൂടിനിന്ന് ചിരിക്കുന്നു. ഇന്റര്‍വെല്ലായതു ഞാനറിഞ്ഞില്ല. അപ്പോള്‍ അരുണ വന്നു."ചെറുക്കാ, നിന്നെ ക്ലാസ്സീകേറ്റില്ലാ അല്ലേ?"എനിക്ക് ദ്വേഷ്യം പതഞ്ഞുപൊങ്ങി."കണ്ടാ നിനക്കറിഞ്ഞൂടേടീ. നെന്‍െറ പേരിട്ടതാരായാലുമവരെ സമ്മതീക്കണം. പക്ഷേങ്കില് ഒരു ചെറിയ കൊഴപ്പംപറ്റിയെന്നേയുള്ളൂ. നീ വെറും 'അരണ'യാണ് അരണ."
"ദേ കൊരങ്ങാ എന്നെ അരണേന്നും കിരണേന്നും മറ്റും വിളിച്ചാലൊണ്ടല്ലോ.?"
"വിളിച്ചാ എന്തോ ചെയ്യും?"
"ഞാന്‍ ടീച്ചറിനോട് പറയും"
"ഓ, ചെന്നുപറ" ഇതിനിടയ്ക്ക് ബെല്ലടിച്ചു. കുട്ടികളെല്ലാവരും ക്ലാസ്സില്‍ കയറാന്‍ തുടങ്ങി. ഇടയില്‍നിന്നെവിടെനിന്നോ "മൊട്ടേ" എന്ന വിളികേട്ടു. ആ ശബ്ദം വ്യക്തമായും ഞാന്‍ കേട്ടു. അത് ആ ശ്രീകുമാരനാണ്. അവന് കിട്ടിയതുപോര. ആദ്യമെന്നെ ക്ലാസ്സില്‍ കേറ്റട്ടെ. എന്നിട്ടുവേണം അവന് രണ്ടെണ്ണം കൂടികൊടുക്കാന്‍. ഓ, അടുത്തത് ലില്ലി ടീച്ചറാണല്ലോ. സയന്‍സാണ്. ടീച്ചറെ എനിക്കുവലിയ ഇഷ്ടമാണ്. ടീച്ചറുടെ കറുത്ത ഫ്രെയിമുള്ള കണ്ണടയും അതിനെ താങ്ങാനെന്നോണം കണ്ണിനുതാഴെ കവിളില്‍ ഉയര്‍ന്നുനില്ക്കുന്ന മറുകും എനിക്ക് വളരെയധികം ഇഷ്ടമാണ്. ക്ലാസ്സില്‍ കയറണമോ വേണ്ടയോ എന്ന് ആലോചിച്ച് ഞാന്‍ സങ്കടത്തിലായി. ലില്ലി ടീച്ചറെത്തി.
"എന്താ രാഘവാ നീയിവിടെ?"
"അതേയ് ടീച്ചറെ, ശ്രീകുമാരനുമായി വഴക്കുണ്ടാക്കിയതിന് സുശീല ടീച്ചറു വെളിയിലാക്കീതാ"
ഹൊ, കാന്താരി അരണയാണല്ലോ. അവള്‍ ഒരു പെണ്ണല്ലേ? പെണ്ണിന്‍െറ സ്ഥാനത്തു നിക്കാതെ കെടന്നു ചാടുന്നു. കണക്കും ചോദിച്ച് അവള്‍ വരുമ്പോള്‍ പകരം വീട്ടണം.
"ഓഹോ, അങ്ങിനെയോ?, രാഘവാ ക്ലാസ്സില്‍ കേറിക്കോട്ടേയെന്ന് ടീച്ചറിനോട് ചോദിച്ച് വാ" ലില്ലി ടീച്ചര്‍ പറഞ്ഞു. ലില്ലി ടീച്ചര്‍ പാവമാണ്. ഞാന്‍ ഓഫീസ് മുറിയില്‍പോയി. അവിടെ സുശീല ടീച്ചര്‍ ഇരുന്ന് എന്തോ എഴുതുന്നു. എതിരെ ഹെഡ്മാസ്റ്റര്‍ മമ്മൂട്ടി സാറുമുണ്ട്. മുഹമ്മദ് കുട്ടി യെന്ന ഹെഡ്മാസ്റ്ററെ ഞങ്ങള്‍ മമ്മൂട്ടിയെന്നാണ് വിളിക്കുന്നത്. ഞാന്‍ അകത്തുകയറാന്‍ പേടിച്ച് വാതില്‍ക്കല്‍ നിന്നു.
"എന്താടാ...??" ഹെഡ്മാസ്റ്ററുടെ ചോദ്യംകേട്ട് സുശീലടീച്ചര്‍ തലയുയര്‍ത്തി.
"രാഘവനോ, എന്താ രാഘവാ"
"ഞാന്‍ ക്ലാസ്സീ കേറിക്കോട്ടേയെന്ന് ചോദിക്കാന്‍ ലില്ലിടീച്ചറ് പറഞ്ഞു."
"അത് സുകുമാരന്‍ സാറിനോട് ചോദിക്ക്, എനിക്കറിയില്ല. " എന്നും പറഞ്ഞ് സുശീല ടീച്ചര്‍
ഹെഡ്മാസ്റ്ററോട് പറയാന്‍ തുടങ്ങി. "ആ സുകുമാരന്‍ സാറിന്‍െറ മോനെ ഇടിച്ചത് ഇവനാ. അപ്പോ സുകുമാരന്‍ സാറല്ലേ ഇവനെ ക്ലാസ്സീകേറ്റണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ?"
"ങ്...ഹാ.. കളിച്ച്കളിച്ച് സാറന്മാരുടെ പിള്ളാരോടും കളിതുടങ്ങിയോടാ നീ...?" എന്നു ചോദിച്ചുകൊണ്ട്
ഹെഡ്മാസ്റ്റര്‍ എഴുന്നേറ്റു. കൈയില്‍ ചൂരല്‍. എന്‍െറ രണ്ടു കൈയും കൂട്ടിപ്പിടിച്ചു. അതിനിടയ്ക്ക് ധൈര്യം
സംഭരിച്ച് ഞാന്‍ പറഞ്ഞു: "സാര്‍.. അവനെന്നെ മൊട്ടത്തലയാന്ന് വിളിച്ചിട്ടാ... ഞാന്‍..."
"അതിനെന്താ, നീ ശരിക്കും മൊട്ടയാണല്ലോ..."
എന്‍െറ തല മൊട്ടയായതു എന്‍െറ കുറ്റംകൊണ്ടല്ല, അച്ഛന്‍െറയും അന്പട്ടന്‍െറയും ഒത്തുകളിയാണ്' എന്നു പറയാനാഗ്രഹിച്ചെങ്കിലും അടക്കി.
"അല്ലെങ്കില്‍തന്നെ സാറിന്‍െറ മോനങ്ങനെ വിളിച്ചൂന്ന് വച്ച് നീ ഇടിക്കും അല്ലേടാ..." മമ്മൂട്ടി അലറി.
'സാറിന്‍െറ മോനെന്താ രണ്ടു കൊമ്പുണ്ടോ?' എന്നു ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും അതിനു
മുന്‍പ് തന്നെ തുടയില്‍ ചൂരലിന്‍െറ പാട് തെളിഞ്ഞിരുന്നു. ഒരു നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ഇങ്ങനെ തല്ലാമോ?

"നാളെ അച്ഛനെയും കൂട്ടിവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി" എന്ന ഉത്തരവ് കൂടി കിട്ടി. ക്ലാസ്സിനുമുമ്പിലെങ്ങാനും കൂനിക്കൂടി നിന്നാല്‍ മതിയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ശിക്ഷയും. ഇനി അച്ഛനോട് എങ്ങിനെ ചെന്ന് പറയും? മനസ്സില്‍ തോന്നിയ സകല ചീത്തവാക്കുകളും കൊണ്ട് എല്ലാവരെയും പ്രാകി. ലില്ലി ടീച്ചര്‍ക്കും ഒരു പങ്കു കൊടുത്തു. അവരു കാരണമാണല്ലോ ഇപ്പോ എനിക്കീ ഗതി വന്നത്. പിന്നെയും കുറെ കഴിഞ്ഞാണ് സ്കൂള്‍ വിട്ടത്. ആരോടും ഒന്നും മിണ്ടാതെ പുസ്തകസഞ്ചിയുമെടുത്ത് വീട്ടിലേക്ക് നടന്നു. അച്ഛനോടൊന്നും പറഞ്ഞില്ല. പറഞ്ഞാല്‍ അവിടന്നും കിട്ടും സമ്മാനം. രാവിലെ സ്കൂളിലേക്ക് വന്നപ്പോള്‍തന്നെ ഓരോരോ കുട്ടികളായി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി. ഒന്നും പറഞ്ഞില്ല. അപ്പോഴാണ് ശ്രീകുമാരന്‍ ഓടി വന്നത്.
"രാഖവാ, നെന്നെ അച്ഛന്‍ വിളിക്കണ്"
"ആര്, ആ കൊറ്റിക്കഴുത്തനോ?" എന്ന് മനസ്സില്‍ തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവന്‍െറ പിറകെ നടന്നു. ഓഫീസില്‍ സുകുമാരന്‍ സാറും ഹെഡ്മാസ്റ്ററും.
"നീ അച്ഛനെ വിളിച്ചോണ്ടുവന്നോടാ....?" ഹെഡ്മാസ്റ്ററുടെ ചോദ്യം. ഞാനൊന്നും മിണ്ടിയില്ല.
"പോട്ടെ സാറെ, ഒരു തവണത്തേക്ക് പോട്ടെ, ഇനി അവന്‍ അങ്ങിനൊന്നും ചെയ്യില്ല."ഞാനത്ഭുതപ്പെട്ടുപോയി. സുകുമാരന്‍ സാറാണോ ഇങ്ങനെ പറയുന്നത് ?
"സാറിന്‍െറ ഇഷ്ടംപോലെ ചെയ്യ്" ഹെഡ്മാസ്റ്റര്‍ പിന്‍വാങ്ങി.
"രാഘവന്‍ ക്ലാസ്സില്‍ കേറിക്കോളൂ"
"ശരി സര്‍"
"പിന്നൊരു കാര്യം, വൈകുന്നേരം പോകുമ്പോള്‍ എന്നെ കണ്ടിട്ടേ പോകാവൂ"
"ശരി സര്‍"
ഞാന്‍ അത്ഭുതത്തോടെ തന്നെ ക്ലാസ്സില്‍ ചെന്നിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പല രീതിയിലും ഉത്തരം പറഞ്ഞുമടുത്തു. അപ്പോഴും ഞാനാലോചിക്കുകയായിരുന്നു സുകുമാരന്‍ സാറിനെന്തുപറ്റിയെന്ന്. അന്ന് വൈകുന്നതുവരെ എനിക്കതുതന്നെയായിരുന്നു ചിന്ത. എന്തിനായിരിക്കാം വൈകുന്നേരം കാണണമെന്ന് സാര്‍ പറഞ്ഞത്. എത്ര ആലോചിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. വൈകിട്ട് സാറിനെക്കണ്ടു. ഓഫീസില്‍നിന്നും പോരുമ്പോള്‍ പ്രതികാരം ചെയ്യാന്‍
ഒരു മാര്‍ഗ്ഗം തുറന്നുകിട്ടിയ സന്തോഷമായിരുന്നു. സ്വാര്‍ത്ഥനാണ് ഈ സാറും. സംഗതി ഇതാണ്. എന്‍െറ വീട്ടിനടുത്തുള്ള ഗവേഷണകേന്ദ്രത്തില്‍ വലിയ താമരപ്പൂവിന്‍െറ വലിപ്പമുള്ള
പൂവുകളുണ്ടാവുന്ന റോസാച്ചെടികളുണ്ട്. പരീക്ഷണഘട്ടത്തിലായതുകൊണ്ട് അത് മറ്റാര്‍ക്കും കിട്ടില്ല. അതിന്‍െറ ഒരു കമ്പ് ആരുമറിയാതെ സാറിനെത്തിക്കണം. ഇതിനുവേണ്ടിയാണ് എന്നോട് കള്ളസ്നേഹം അഭിനയിച്ചത്. പ്രതികാരം ചെയ്യാന്‍ ഒരു അവസരം കൈവന്നതിലുള്ള സന്തോഷത്തിലായിരുന്നു ഞാന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൂക്കാതെ,ഒരിക്കലും
പൂക്കില്ല എന്ന് വെട്ടിക്കളയാന്‍ നിര്‍ത്തിയിരിക്കുന്ന ബട്ടന്‍ റോസയുടെ തടിച്ച ഒരു കമ്പ് വെട്ടിയെടുത്ത് സാറിനു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ബട്ടന്‍ റോസ നിന്ന സ്ഥലത്ത് ചെന്നപ്പോള്‍ അതിന്‍െറ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടിരിക്കുന്നത് കണ്ടു. തടിച്ച കുറച്ചുകമ്പുകള്‍
വെട്ടിവച്ചിരിക്കുന്നതും കണ്ടു. അതില്‍നിന്നും ഭംഗിയുള്ള ഒരെണ്ണമെടുത്ത് കടലാസുകൊണ്ട് പൊതിഞ്ഞ് പുസ്തകസഞ്ചിയിലാക്കി.
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍െറ ബഹളം കേട്ടാണ് രാവിലെ ഉണര്‍ന്നത്. അവന്‍ എടുത്തുവച്ചിരുന്ന റോസാക്കമ്പ് ആരോ എടുത്തുവെന്നും പറഞ്ഞ് ബഹളത്തോടു ബഹളം തന്നെ. ഞാനൊന്നും മിണ്ടിയില്ല. എന്തു മിണ്ടാന്‍? ആര്‍ക്കും വേണ്ടാതെ നിന്ന ഒരു റോസയുടെ കമ്പാണ്. അവന്‍ വെട്ടിവച്ചിരുന്നിരിക്കാം. അതിന് എനിക്കെന്താ?എന്തായാലും ഞാനാ കമ്പ് സുകുമാരന്‍ സാറിനെ ഏല്പിക്കുകയും അത് ഗവേഷണകേന്ദ്രത്തില്‍ നിന്നും 'കടത്താന്‍' ഞാനനുഭവിച്ച കഷ്ടപ്പാടുകള്‍ മെനെഞ്ഞെടുത്ത് ഒരു സിനിമാക്കഥപോലെ പറഞ്ഞു കേള്‍പ്പിക്കുകയും
ചെയ്തു. സാറിനു വലിയ സന്തോഷമായി. ഒരു കാര്യം എടുത്തുപറഞ്ഞേ മതിയാകൂ. പിന്നീട് ശ്രീകുമാരന്‍ എന്നെ 'മൊട്ടത്തലയാ' എന്ന് വിളിച്ചിട്ടേയില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചതുകേട്ടു ഞാന്‍ തുള്ളിച്ചാടി. കാരണം തിരിക്കിയപ്പോള്‍ അറിഞ്ഞത് ട്രെയിന്‍ കയറി രണ്ടു കുട്ടികള്‍ മരിച്ചുപോയെന്നാണ്.
മരണമെങ്കില്‍ മരണം. എന്തായാലും അവധിയായല്ലോ എന്നു വിചാരിച്ച് സന്തോഷത്തോടെ ക്ലാസ്സിനുമുന്നില്‍ കൂടിനിന്നവരുടെ അടുക്കലേക്ക് പോയി. ഒരു സലാം കൊടുത്തിട്ട് തിരിച്ച് ഒറ്റ ഓട്ടത്തിന് വീട്ടിലെത്താമെന്ന് കരുതി. പക്ഷേ ക്ലാസ്സിനു മുന്നില്‍ സുശീലടീച്ചര്‍ കുട്ടികളെ വരിയായി നിറുത്തുന്നതാണ് കണ്ടത്.
"രാഘവാ, ഇവിടെ വരൂ, ഈ വരിയില്‍ നിന്നോളൂ" ടീച്ചര്‍ വിളിച്ചു.
"എന്തിനാ, ഇന്ന് അവധിയല്ലേ?" എന്നായി ഞാന്‍
"മരിച്ച കുട്ടികളുടെ വീട്ടിലേക്ക് പോവുകയാ" ആരോ പറഞ്ഞു.
"അതിന് ആരാ മരിച്ചത്? നമുക്കറിയാവുന്നവരാണോ?"
"ഒരാള് നമ്മടെ ക്ലാസ്സിലൊള്ളതാ, അരുണ, മറ്റേത്...."
"എന്ത് !" ഞാന്‍ ഞെട്ടിപ്പോയി. പെട്ടെന്ന് ഞാന്‍ എന്തോ പോലെയായി.
കുഞ്ഞുതുമ്പിയെക്കൊണ്ടൊരു വലിയ കല്ലെടുപ്പിച്ച് പിടിച്ചിരിക്കുന്ന അവസ്ഥയിലായി എന്‍െറ മനസ്സ്.
"വിശ്വസിക്കാന്‍ വയ്യ."
"ഞങ്ങള്‍ക്കും..."
പിന്നെ ഒന്നും മിണ്ടാതെ ഞാനാ വരിയില്‍ നിന്നു. കുറച്ചുദൂരം നടന്ന് ഒരു കുട്ടിയുടെ വീട്ടിലെത്തി. മൂന്നാം ക്ലാസ്സിലെ ഒരു പെണ്‍കുട്ടി. അറിഞ്ഞുകൂടെങ്കിലും വീട്ടിലെത്തി വീട്ടുകാരുടെ സങ്കടവും നിലവിളിയും കേട്ടപ്പോള്‍ എനിക്കും സങ്കടം തോന്നി. രണ്ടാമത് അരുണയുടെ
വീട്ടിലും. അവിടെയും നിലവിളിയും കരച്ചിലും എല്ലാവരും കൂട്ടുകാരിയുടെ തുണിയില്‍പൊതിഞ്ഞ ശരീരം അവസാനമായി ഒരു നോക്കുകണ്ടുമാറി. പലരും കരയുന്നുണ്ടായിരുന്നു. എനിക്കും
സങ്കടമൊതുക്കുവാന്‍ കഴിഞ്ഞില്ല. നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും ഒരു തേങ്ങല്‍, അതൊരു കരച്ചിലായി മാറി. കരച്ചിലിന്‍െറ ശബ്ദം കേട്ട സുശീലടീച്ചര്‍ എന്നെ അവരുടെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി തലയില്‍ വിരലുകളോടിച്ചു. അവരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അന്നെനിക്കൊന്നും കഴിക്കാന്‍ തോന്നിയില്ല. ഒരുതരം ഏകാന്തത എനിക്കനുഭവപ്പെട്ടു. അന്നെനിക്കുറങ്ങാനും കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ "കൊരങ്ങാ" എന്ന വിളി എന്‍െറ മനസ്സിലെങ്ങോ പ്രതിധ്വനിക്കാന്‍ തുടങ്ങി.

മാസങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നുപോയി. ഞാനിന്ന് അഞ്ചാം ക്ലാസ്സിലാണ്. ഇപ്പോള്‍ പുതിയ സ്കൂളിലും. ആദ്യം പഠിച്ചിരുന്ന സ്കൂളില്‍ നാലു വരെയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴെനിക്ക് കൂടുതല്‍ നടക്കണം. സുകുമാരന്‍ സാറിന്‍െറ വീടിന്‍െറ മുമ്പിലൂടെയായിരുന്നുഎനിക്കെന്‍െറ പുതിയ സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യേണ്ടിയിരുന്നത്. അങ്ങിനെയിരിക്കെ ഒരു ദിവസം സാറെന്നെ കണ്ടു."രാഘവാ, ദാ ഇതു വഴി വന്നുപോ.."സാറെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. മടിച്ചു മടിച്ച് മുറ്റത്തേക്ക് കടന്നു.
"ഇതാ ഈ ലഡു തിന്നോളൂ" കുറച്ചു ലഡു എന്‍െറ മുന്നില്‍ ഒരു പാത്രത്തില്‍കൊണ്ടുവന്ന് ശ്രീകുമാരന്‍ നീട്ടി. ഞാനതില്‍ നിന്നൊരെണ്ണമെടുത്തു.
"എന്താ സാര്‍ വിശേഷം?"
"വിശേഷമോ... അങ്ങോട്ടു നോക്കൂ." സാര്‍ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് നോക്കിയ ഞാന്‍
അദ്ഭുതപ്പെട്ടുപോയി. താമരപ്പൂവിനേക്കാള്‍ വലിപ്പത്തില്‍ ചെമചെമാന്നൊരു റോസപ്പൂ. കൊമ്പ് ഒടിഞ്ഞ് താഴെ വീണുപോകാതിരിക്കാന്‍ താങ്ങുകള്‍ കൊടുത്ത് കെട്ടിനിര്‍ത്തിയിരിക്കുന്നു.
"രാഘവന്‍ കൊണ്ടുവന്ന റോസാക്കമ്പാ ... ഇന്നാ പൂത്തത്."
"അതിന് .. ഞാന്‍ ..."
"അവിടെ നിന്നും ഇറങ്ങി നടന്നപ്പോഴും എന്‍െറ മനസ്സില്‍ "ഇതെന്തൊരു മറിമായം" എന്നായിരുന്നു. വീട്ടിലെത്തിയ ഉടന്‍തന്നെ ഞാന്‍ തോട്ടത്തില്‍പ്പോയി. ബട്ടന്‍ റോസ നിന്ന സ്ഥലം നോക്കി. അത് മുഴുവന്‍ വെട്ടിനീക്കി ചേട്ടന്‍ പുതിയ കമ്പുകള്‍ നടുന്നു. എന്നെക്കണ്ട് അവന്‍ നിവര്‍ന്നു നിന്നു. എന്നിട്ട് പറഞ്ഞു:
"ദേ, ഒരിക്ക ഞാന്‍ പാട്പെട്ട് ഗവേഷണകേന്ദ്രത്തീന്ന് സംഘടിപ്പിച്ച റോസ നീ നിന്‍െറ സാറിനു സംഭാവന ചെയ്തതായി ഞാനറിഞ്ഞു. അതെനിക്ക് കിട്ടിയ മാര്‍ഗ്ഗം പുറത്തുപറയാന്‍ കൊള്ളാത്തതുകൊണ്ടാ ഇതുവരേം ഞാനൊന്നും പറയാതിരുന്നത്. ഇതേലെങ്ങാനും തൊടണം. എന്‍െറ സ്വഭാവം മാറും. പറഞ്ഞില്ലെന്നുവേണ്ട..."
"എന്‍െറ ദൈവമേ..."

Thursday, September 6, 2007

ചൊവ്വ പര്യവേക്ഷണം Mars Exploration

ചൊവ്വയിലെ വിക്ടോറിയാ ഗര്‍ത്തം


ചൊവ്വയില്‍ ഒരു യന്ത്രവാഹനം (rover) ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും
വലിയ ഗര്‍ത്തമാണ് വിക്ടോറിയാ ഗര്‍ത്തം. (Victoria Crater). വിശാലമായ
വിക്ടോറിയാ ഗര്‍ത്തത്തിലെത്തിച്ചേര്‍ന്നത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തോളമായി
ചൊവ്വോപരിതലത്തില്‍ ഉരുണ്ടുനീങ്ങുന്ന "ഓപ്പര്‍ച്യുണിറ്റി" എന്ന യന്ത്രവാഹനത്തിന്‍െറ ഒരു മികച്ച നേട്ടമാണ്.


ഒരു സ്റ്റേഡിയത്തിന്‍െറ വലിപ്പത്തിലുള്ള വിള്ളലിനൊപ്പം വരുന്ന വിക്ടോറിയാ ഗര്‍ത്തത്തിലെ അടുക്കിവച്ചിരിക്കുന്നപാളികള്‍ ചൊവ്വോപരിതലചരിത്രം അനാവരണം ചെയ്യുന്നതില്‍ പുതിയ സൂചനകള്‍ നല്‍കുന്നു. മുകളില്‍ കാണുന്ന ചിത്രത്തില്‍ ദൂരെയായി കാണുന്ന അതിര് ഏകദേശം
800 മീറ്ററോളം ദൈര്‍ഘ്യമുള്ളതായും ഗര്‍ത്തത്തിന്‍െറ തറനിരപ്പില്‍നിന്ന് ഏകദേശം 70 മീറ്റര്‍ ഉയരമുള്ളതായും കാണാം.

'ഓപ്പര്‍ച്യൂണിറ്റി' ആറുമാസക്കാലം തിരച്ചില്‍ നടത്തിയ എന്‍ഡൂറന്‍സ് ഗര്‍ത്തത്തെ അപേക്ഷിച്ച് വിക്ടോറിയാ ഗര്‍ത്തത്തിന് അഞ്ചിരട്ടി വ്യാസമുണ്ട്. അതിനുള്ളിലേക്ക് കടക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ അതിനുള്ള ശ്രമത്തിലാണ് 'ഓപ്പര്‍ച്യുണിറ്റി'.

'ഓപ്പര്‍ച്യുണിറ്റി'

ആറു വീലുകളുള്ള യന്ത്രവാഹനത്തിന്‍െറ ഓരോ ചിറകുകള്‍ക്കും രണ്ടുമീറ്ററോളം വലിപ്പമുണ്ട്. പ്രകാശോര്‍ജ്ജ ബാറ്ററിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.

Sunday, September 2, 2007

ഏട്ടന്‍െറ അടി

രംഗം ഫെയര്‍കോപ്പി സെക്ഷന്‍. സെക്ഷന്‍ സൂപ്രണ്ട് വിജയകുമാരി അമ്മ, ടൈപ്പിസ്റ്റ് അനിലിനെ വിളിച്ചുചോദിക്കുന്നു: "അനിലേ ഏട്ടന്‍ അടിച്ചില്ലേ?"
"ഇല്ല സാറെ, ഏട്ടന്‍ അടിച്ചില്ല". അനില്‍ ഉത്തരവും പറയുന്നു.
മറ്റു കഥാപാത്രങ്ങള്‍, അതായത് ഞങ്ങള്‍ മറ്റു ടൈപ്പിസ്റ്റുകള്‍ക്ക് ആശയക്കുഴപ്പം. കാരണം ടൈപ്പിസ്റ്റ് അനിലിന് ഒരു ഏട്ടനുള്ളതായി ഞങ്ങള്‍ക്ക് അറിവില്ല. ഇല്ലാത്ത ഏട്ടന്‍ എങ്ങിനെയാണ് അടിക്കുക. അല്ലെങ്കില്‍ ഏട്ടന്‍ എന്താണ് അടിച്ചത്, ആരെയാണ് അടിച്ചത്?
അല്പസമയത്തിനുശേഷം സൂപ്രണ്ടിന്‍െറ അടുത്ത് ഒരാള്‍ വരുന്നു; സൂപ്രണ്ട് വീണ്ടും അനിലിനെ വിളിച്ചു: "അനിലേ, ഏട്ടന്‍....?"
"കഴിഞ്ഞുസാറേ. " അനില്‍ ടൈപ്പുചെയ്തുകൊണ്ടിരുന്ന ഫയലുമായി സൂപ്രണ്ടിന്‍െറയടുക്കലെത്തി.
അപ്പോഴാണ് ഏട്ടന്‍ എന്നു പറഞ്ഞത് സെക്ഷന്‍െറ പേരായിരുന്നുവെന്ന് (A-10) മനസ്സിലായത്.
ഇതുപോലെയുള്ള ചില സെക്ഷന്‍ "നമ്പരുകള്‍" കേട്ടു (K-2), ഏറ്റു (A-2)

വളപ്പൊട്ടുകള്‍ Mnemonic

ആവണിയാതിരനാളില്‍ നീയൊരു
ദാവണി ചുറ്റിനടന്നുവല്ലോ.
അലസമായ് ചീകിയ വാര്‍മുടിത്തുമ്പിലൊ-
രരളിപ്പൂവും ചൂടി നിന്നുവല്ലോ.
പീതാംബരയായ നീയെന്‍ മനസ്സിന്
ശീതവസന്തമായിത്തീര്‍ന്നുവല്ലോ.
പുഷ്പിണീ, നിന്നനുരാഗവസന്തത്തിന്‍
പുഷ്പങ്ങളൊക്കെയും ഞാന്‍ കൊതിച്ചു.
തുമ്പപ്പൂവ്ഞാന്‍ തിരഞ്ഞുനടന്നപ്പോ-
ളിമ്പമെഴും നിന്‍സ്വരവീചി കേട്ടു.
അസ്സ്വരവീചിതന്‍ പൂമഴയേറ്റിട്ടെ,
ന്മനസ്സാകെയും പൂത്തു തുമ്പ.
അത്തുമ്പയൊക്കെയും കൂട്ടി ഞാനന്നൊരു
അത്തക്കളവുമൊരുക്കിയല്ലോ.
പിന്നെ നീ നല്‍കിയ പുഞ്ചിരിപ്പാലെനി-
ക്കന്നൊരു പായസസദ്യയായി.
കണ്ണിണകൊണ്ടു നീ കാറ്റു വിതച്ചപ്പോള്‍
കണ്ണേ, യെന്‍ കരളൊന്നുലഞ്ഞുപോയി
വിണ്ണോട് ചേര്‍ന്നൊരു ശാരദമേഘംപോല്‍
‍പെണ്ണേ, ഞാന്‍ നിന്നോടു ചേര്‍ന്നുവല്ലോ.
പിന്നെ നീയന്നൂയലാടികളിച്ചത-
തിന്നുമെന്നുള്‍ക്കണ്ണില്‍ കാണുന്നു ഞാന്‍.
പിന്നോരോ മോഹങ്ങള്‍ തീര്‍ത്തു ഞാ-
നന്നുമാ പഞ്ചമബാണനെ ഓര്‍ത്തിരുന്നു.
പുഷ്പിണീ, നിന്നനുരാഗവസന്തത്തിന്‍
പുഷ്പങ്ങളൊക്കെയും ഞാന്‍ കൊതിച്ചു.
സുന്ദരസുരഭില പുഷ്പാരാമത്തിങ്കല്‍
‍ബന്ധിതനായോരനിലനെപ്പോല്‍
‍സുന്ദരീ, നിന്നുടെ മഞ്ജുള വിഗ്രഹമെ-
ന്നന്ത:രംഗത്തില്‍ ജ്വലിതമായി.
അമ്പലമുറ്റത്തിരുന്നു നീ ദേവന്
ചെമ്പകപ്പൂമാല കെട്ടുന്നേരം,
ഇമ്പമോടെ നിന്നെയന്നുഞാന്‍ പ്രേമത്തിന്‍
‍ചെമ്പനീര്‍ മാലകളണിയിച്ചല്ലോ.
ആവണിയാതിരനാളില്‍ നീയൊരു
ദാവണിചുറ്റിനടന്നുവല്ലോ.
ആട്ടപ്പിറന്നാളിന്‍ രാവില്‍ നീയൊരു
ആട്ടവിളക്കായ് ജ്വലിച്ചുനില്‍ക്കെ,
കാറ്റിലകപ്പെട്ടോരോട്ടുവിളക്കുപോല്‍
‍കെട്ടുപോയതെന്തു നീ, യകാലേ?
കാറ്റിലകപ്പെട്ട ചെറുതോണിപോലെ ഞാ-
നേറ്റം വലഞ്ഞു തളര്‍ന്നുപോയി.
നിന്നുടെയോമന സുന്ദര ഗാത്രമെ-
ന്മനതാരിലിന്നും വളര്‍ന്നിടുന്നൂ.
നിന്നുടെയോര്‍മകള്‍ പൂക്കുന്ന നേര,മ-
തെന്നുമെനിക്കു വസന്തമല്ലോ.

BEING A GOOD FRIEND

The words which highlight the juice
"You are such a good friend"
The words which penetrate the soul
"You are such a good friend"
The words which echoed around the world
"You are such a good friend"
The words which rises from the bottom of mind
"You are such a good friend"
But the words which churn me
"Am I such a good friend?"
If not, I shall try to become
such a good friend

അഭിനവഗണിതം

"ദയവായി എന്നെ രക്ഷിക്കണേ"
നിലവിളികേട്ട് മൂവാണ്ടന്‍ മാവ് തലയുയര്‍ത്തി
"ആരാ അത്?"
"ഞാനാ ... ഒരു ഇത്തിള്‍ വിത്ത്, എന്നെയീ കാക്കയുടെ ചുണ്ടില്‍നിന്നും രക്ഷപ്പെടുത്തി അങ്ങയുടെ കൈകളില്‍ വിശ്രമിക്കാനും ജീവിക്കാനും അനുവദിക്കണം..."
മാവിന് സങ്കടം തോന്നി. കാക്കയോടു പറഞ്ഞു: "കാക്കേ, നീയാ ഇത്തിള്‍വിത്തിനെ എന്‍െറ ശിഖരങ്ങളില്‍ വച്ചേക്കൂ."
കാക്ക അനുസരിച്ചു. കാരണം കാക്കയുടെ വീടും ആ മാവിലായിരുന്നു. മാവിനെങ്ങാനും ദ്വേഷ്യം വന്നാലോ...?
അങ്ങിനെ ഇത്തിള്‍ വിത്ത് മാവിന്‍െറ കൊമ്പില്‍ പിടിച്ച് വളരാന്‍ തുടങ്ങി. കൊമ്പില്‍ നിന്ന് കൊമ്പിലേക്ക് വളരാന്‍ തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞു.
"ദയവായി എന്നെ രക്ഷിക്കണേ...."
നിലവിളി കേട്ടു കാക്ക തലയുയര്‍ത്തി.
"ആരാ അത്...?"
"ഞാനാ... മൂവാണ്ടന്‍ മാവ്. എന്നെയീ ഇത്തിളില്‍ നിന്നൊന്നു രക്ഷിക്കുമോ..?" മാവ് തേങ്ങി.
കാക്ക കൂടുകൂട്ടാന്‍ മറ്റൊരിടം തേടി പറന്നുപോയി.

Saturday, September 1, 2007

ശ്രീകൃഷ്ണജയന്തി ദിനാശംസകള്‍......

അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു......

LIFE IN MARS ചൊവ്വയിലെ ജീവന്‍


ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ?


ചൊവ്വയില്‍ ജീവന്‍ നിലനില്ക്കുന്നുണ്ടോ. - വിശ്വാസയോഗ്യമായ തെളിവുകളൊന്നുംതന്നെ ഇതുവരെയും കിട്ടിയിട്ടില്ലെങ്കില്‍പോലും വളരെ സന്ദിഗ്ദ്ധമായ ഒരു ചോദ്യം - ചൊവ്വയില്‍ ജീവന്‍െറ രൂപമെന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ - പുതിയൊരു വഴിത്തിരിവിലെത്തിനില്‍ക്കുന്നു. അടുത്തിടെ
രണ്ട് ഗ്രഹശാസ്ത്രജ്ഞര്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്‍റെയും (H2O2) ജലത്തിന്‍റെയും H2O മിശ്രിതത്തിലുള്‍പ്പെട്ട ഒരു സൂക്ഷ്മജീവിയുണ്ടെന്നും, ആ ജീവിക്ക് ചൊവ്വാഗ്രഹത്തിലെ നേര്‍ത്ത, തണുത്ത, ഉണങ്ങിയ അന്തരീക്ഷത്തെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ഹൈഡ്രജന്‍ പെറോക്സൈഡിലുള്‍പ്പെടുന്ന ജീവന്‍ ഇങ്ങ് ഭൂമിയില്‍ നിലനില്ക്കുന്നുണ്ടെന്നും, അത്തരത്തിലുള്ള ജീവന് ചൊവ്വാഗ്രഹത്തിലെ ജലാംശം ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും അവര്‍ രേഖപ്പെടുത്തുന്നു. പഴയ വൈക്കിംഗ് പര്യവേക്ഷകര്‍ അവിടെ നടത്തിയ ജീവന്‍െറ തുടിപ്പ് കണ്ടെത്താനുള്ള പരീക്ഷണങ്ങളില്‍ നിന്നും പുറത്തുവന്ന അവ്യക്തഫലങ്ങളും ഇത്തരം ജീവന്‍െറ
നിലനില്പ് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ഇത്തരം അനുമാന ങ്ങളൊന്നുംതന്നെ നിവചിക്കപ്പെട്ടിട്ടില്ലെങ്കില്‍കൂടിയും ചൊവ്വയിലെ ജീവനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത രസകരവും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതുമാണ്. വൈക്കിംഗ് ലാന്‍ഡര്‍-2, 1979ലെടുത്ത ചൊവ്വോപരിതലത്തിന്‍െറ അസാധാരണമായ ചിത്രമാണ് മുകളിലുള്ളത്.


Could Hydrogen Peroxide Life Survive on Mars? Credit: Viking Project, NASA
Explanation: Is there life on Mars? Although no unambiguous evidence for indigenous life on Mars has ever been found, a more speculative question -- could some life forms survive on Mars -- has taken on a new twist. Two planetary scientists recently speculated that were extremophile microbes to involve a mixture of hydrogen peroxide (H2O2) and water (H2O), these microbes might well be able survive the thin, cold, dry atmosphere on Mars. Life that involves hydrogen peroxide does exist here on Earth, they note, and such life would be better able to absorb water on Mars. They also claim that such life would be consistent with the ambiguous results coming out from the life-detecting experiments aboard the old Viking Landers. Although such speculation is not definitive, debating possibilities for life on Mars has again proven to be fun and a magnet for media attention. Pictured above, the Viking Lander 2 captured an unusual image of the Martian surface in 1979 sporting a thin layer of seasonal water ice.